'വേണുവിനെ തറയിലാണ് കിടത്തിയിരുന്നത്; രോഗിയെ എങ്ങനെ തറയില്‍ കിടത്തി ചികിത്സിക്കും ധാരാളം മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ട് കാര്യമില്ല'; ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍. വേണുവിനെ തറയില്‍ കിടത്തിയ നടപടിയിലാണ് ഡോക്ടര്‍ ഹാരിസിന്റെ വിമര്‍ശനം. തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോക്ടര്‍ ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും നാടാകെ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടര്‍ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.
നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ ശക്തിപ്പെടുത്തണം. വേണുവിനെ തറയിലാണ് കിടത്തിയിരുന്നത്. ആധുനികസംസ്‌കാരത്തില്‍ എങ്ങനെ തറയില്‍ കിടത്തി ചികിത്സിക്കുമെന്നും അദ്ദേഹം ആരാഞ്ഞു. ഒരിക്കല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ വളരെ വിഷമകരമായ അവസ്ഥയുണ്ടായെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. പലയിടത്ത് മെഡിക്കല്‍ കോളേജ് തുടങ്ങുമ്പോള്‍, കോന്നി മെഡിക്കല്‍ കോളേജില്‍തന്നെ അഞ്ഞൂറുകോടിയോളം രൂപ ചെലവായെന്നാണ് തനിക്ക് കിട്ടിയ കണക്ക്. എന്നിട്ടും അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ ഇപ്പോഴും സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സകള്‍ക്ക് പരിമിതികളുണ്ട്. രോഗികളുടെ ബാഹുല്യമുണ്ട്, തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കവേ ഡോ. ഹാരിസ് പറഞ്ഞു.
വേണുവിനെ കൊണ്ടുവന്നപ്പോള്‍ അവിടെ തറയിലായിരുന്നു കിടത്തിയിരുന്നത്. നമുക്കറിയാം, അവിടെ ഒന്നാംവാര്‍ഡ്, രണ്ടാംവാര്‍ഡ് 28-ാം വാര്‍ഡ് എന്നൊക്കെയുണ്ട്. ഇന്നത്തെ സംസ്‌കാരത്തിലുള്ള ആര്‍ക്കും അവിടെ പോകാന്‍ പറ്റില്ല. ഒരു രോഗിയെ എങ്ങനെയാണ് തറയില്‍ കിടത്തി ചികിത്സിക്കാന്‍ കഴിയുക, ഡോ. ഹാരിസ് ചോദിച്ചു.
കൊല്ലം സ്വദേശിയായ വേണു, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ മരിച്ചെന്ന ആരോപണം കത്തിനില്‍ക്കുന്ന സമയത്താണ് ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വിമര്‍ശനം. ആശുപത്രിയില്‍ തനിക്ക് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന് ആരോപിക്കുന്ന വേണുവിന്റെ ശബ്ദസന്ദേശവും പുറത്തെത്തിയിരുന്നു.