'ആ മതിലിന്റെ കളര്‍ നോക്കൂ, ഇതെന്താ പാക്കിസ്ഥാനോ? പച്ച പെയിന്റടിച്ച ഏതെങ്കിലും മതില്‍ കേരളത്തില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?' കാസര്‍കോട് മുനിസിപ്പാലിറ്റി ഓഫീസ് മതിലിന് പച്ച കളര്‍ അടിച്ചതില്‍ മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ്
കാഞ്ഞങ്ങാട്: കാസര്‍കോട് മുനിസിപ്പാലിറ്റി ഓഫീസിന്റെ ചുറ്റുമതിലിന് പച്ച പെയിന്റ് അടിച്ചതിനെ ചൊല്ലി വിവാദം. പച്ച പെയിന്റടിച്ചതിന് പിന്നില്‍ മുസ്ലിം ലീഗിന്റെ വര്‍ഗീയ നിലപാടാണെന്നും ഇത് പാക്കിസ്ഥാനാണോ എന്നുമുള്ള സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫയുടെ വിമര്‍ശനമാണ് വിവാദമായിരിക്കുന്നത്. വ്യാജവോട്ട് ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മുസ്ലിം ലീഗ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് കാസര്‍കോട് മുനിസിപ്പല്‍ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിലായിരുന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്തിന്റെ പ്രതികരണം.
'ആ മതിലിന്റെ കളര്‍ നോക്കൂ ഇതെന്താ പാകിസ്താനോ. പച്ച പെയിന്റടിച്ച ഏതെങ്കിലും മതില്‍ കേരളത്തില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇത് അവരുടെ അപ്രമാധിത്യമാണ്. നാട്ടില്‍ വര്‍ഗീയ ചേരിതിരിവ് ഒരുക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്' എന്നാണ് മുഹമ്മദ് ഹനീഫ പറഞ്ഞത്. പെയിന്റടിച്ചതിനേക്കുറിച്ചുള്ള സിപിഎം നേതാവിന്റെ പ്രതികരണമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ലീഗിന്റെ അപ്രമാദിത്വവും നാട്ടില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് പച്ച പെയിന്റ് അടിച്ചതിനു പിന്നിലെന്നായിരുന്നു മുഹമ്മദ് ഹനീഫയുടെ പരാമര്‍ശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എഴുപത് ശതമാനവും ഭരിക്കുന്നത് സിപിഎമ്മാണ്. എന്നാല്‍, ഒരു മതിലിനും ചുവപ്പ് പെയിന്റ് അടിച്ചിട്ടില്ലെന്നും മുഹമ്മദ് ഹനീഫ പറഞ്ഞു. പൈസ തരണമെങ്കില്‍ കാവി പെയിന്റ് അടിക്കണം എന്നുപറയുന്ന നരേന്ദ്രമോദിക്ക് തുല്യമായി കാസര്‍കോട്ടെ നഗരസഭയില്‍ മുസ്ലിം ലീഗ് മാറിയെന്നും മുഹമ്മദ് ഹനീഫ് പറഞ്ഞു.
'ഈ കേരളത്തിനകത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 70 ശതമാനം ഭരിക്കുന്നത് സിപിഎമ്മിന്റെ പ്രതിനിധികളാണ്. എന്നിട്ട് ഏതെങ്കിലും ഒരു പഞ്ചായത്ത് ഓഫീസിന് ചുവന്ന പെയിന്റ് അടിച്ച് നിങ്ങള്‍ കണ്ടിട്ടുണ്ടോ?. കേരളത്തിന് പൈസ തരണമെങ്കില്‍ നിങ്ങള്‍ കാവിക്കളര്‍ അടിക്കണമെന്ന് പറയുന്ന തരത്തില്‍ നരേന്ദ്രമോദിക്ക് തുല്യക്കാരനായി നഗരസഭയിലെ മുസ്ലിം ലീഗുകാര്‍ മാറുകയാണ്' എന്നായിരുന്നു മുഹമ്മദ് ഹനീഫ പറഞ്ഞത്. മുനിസിപ്പാലിറ്റിയുടെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു നേതാവിന്റെ പരാമര്‍ശം.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വോട്ടുചേര്‍ക്കാന്‍ നല്‍കിയ അവസരം മുതലെടുത്ത് വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റാന്‍ മുസ്ലിം ലീഗ് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സിപിഎമ്മിന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എ. മുഹമ്മദ് ഹനീഫ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കാസര്‍കോട് നഗരസഭയിലെ 22, 24 വാര്‍ഡുകളിലാണ് നൂറിലധികം അപേക്ഷ രണ്ട് ദിവസത്തിനുള്ളിലെത്തിയത്. ഇതേ അപേക്ഷകള്‍ മുന്‍പ് ഹിയറിങ്ങിന് ശേഷം തള്ളിയതാണ്. ഇവരുടെ പേരുകളാണ് വീണ്ടും അപേക്ഷയായി എത്തിയിട്ടുള്ളത്. ഹിയറിങ് മാത്രമല്ല, ഉദ്യോഗസ്ഥര്‍ നേരിട്ട് പ്രദേശം സന്ദര്‍ശിച്ച് ഇവര്‍ സ്ഥിരതാമസക്കാരല്ലെന്ന് ഉറപ്പാക്കിയശേഷമാണ് അപേക്ഷകള്‍ തള്ളിയത്. ഇപ്പോള്‍ നല്‍കിയ അപേക്ഷയില്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി വരുതിയിലെത്തിക്കുകയാണ് ലീഗ് ലക്ഷ്യമെന്ന് സിപിഎം ആരോപിച്ചു.
