ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാഹനാപകടം; മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് സമ്മതം അറിയിച്ച് ബന്ധുക്കള്‍; അഞ്ച് പേര്‍ക്ക് പുതുജന്മം നല്‍കി റോസമ്മ യാത്രയായി; അവയവങ്ങള്‍ ദാനം ചെയ്തു

Update: 2025-11-11 13:22 GMT

കോട്ടയം: അഞ്ച് പേര്‍ക്ക് പുതുജന്മം നല്‍കി റോസമ്മ ഉലഹന്നാന്‍ മടങ്ങി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച റോസമ്മ ഉലഹന്നാന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു. കോട്ടയം പാലാ മുണ്ടുപാലം പുത്തേട്ടുകുന്നേല്‍ വീട്ടില്‍ റോസമ്മ ഉലഹന്നാന്റെ (66) രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോട്ടയം ഗവ. മെഡിക്കല്‍ കോളജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും ഒരു കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ട് നേത്രപടലങ്ങള്‍ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നല്‍കിയത്. തീവ്ര ദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. റോസമ്മ ഉലഹന്നാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

നവംബര്‍ അഞ്ചിന് രാത്രി 10.30നാണ് അപകടമുണ്ടായത്. കടയിലെ ജോലി കഴിഞ്ഞ് ഭര്‍ത്താവ് ഉലഹന്നാന്‍ ജോസിനൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പാലാ സിവില്‍ സ്റ്റേഷനു സമീപം സാധനങ്ങള്‍ വാങ്ങാനായി ഉലഹന്നാന്‍ ഓട്ടോറിക്ഷ നിര്‍ത്തിയ സമയത്ത്, ഓട്ടോയുടെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. സംഭവ സമയം റോസമ്മ ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ റോസമ്മയെ ഉടന്‍ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നവംബര്‍ 11ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്. രാജേഷ് ജോസഫ്, രാജീവ് ജോസഫ് (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍-ബെംഗളൂരു), രശ്മി ജോണ്‍ (യുകെ) എന്നിവരാണ് മക്കള്‍.

Tags:    

Similar News