ക്ലൗഡ് ഫ്‌ളെയര്‍ തകരാര്‍: ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് സ്തംഭിച്ചു; എക്‌സും സ്‌ഫോട്ടിഫൈയും ഓപ്പണ്‍ എഐയും, ഊബറും ഗ്രിന്‍ഡറും താല്‍ക്കാലികമായി പണിമുടക്കി; വിവര ചോര്‍ച്ചാ ഭീഷണി; ലക്ഷക്കണക്കിന് വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതം; ക്ലൗഡ് ഫ്‌ളെയറിന് സംഭവിച്ചത് എന്ത്?

ക്ലൗഡ് ഫ്‌ളെയറിന് സംഭവിച്ചത് എന്ത്?

Update: 2025-11-18 17:53 GMT

ന്യൂയോര്‍ക്ക്: ക്ലൗഡ്ഫ്‌ളെയര്‍ തകരാറില്‍ ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് പണിമുടക്കി. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്രമുഖ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ലഭ്യമായില്ല. ഇന്റര്‍നെറ്റിന്റെ സുരക്ഷയ്ക്കും വേഗതയ്ക്കും പ്രധാന പങ്കുവഹിക്കുന്ന ക്ലൗഡ്ഫ്‌ളെയര്‍ സംവിധാനത്തിലെ തകരാര്‍, കോടിക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുപോകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിച്ചു.

പ്രാദേശിക സമയം രാവിലെ 6:48-ന് ആരംഭിച്ച തകരാര്‍ കാരണം X (മുന്‍ ട്വിറ്റര്‍), സ്‌പോട്ടിഫൈ, ഓപ്പണ്‍എഐ, ഊബര്‍, ഗ്രിന്‍ഡര്‍ തുടങ്ങിയവയ പ്രമുഖരുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിലച്ചു. ക്ലൗഡ്ഫ്‌ളെയര്‍ അവരുടെ ആന്തരിക സംവിധാനത്തില്‍ സംഭവിച്ച പിഴവാണിതെന്ന് സമ്മതിക്കുകയും പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ക്ലൗഡ്ഫ്‌ളെയറിന് തകരാറുണ്ടാകുമ്പോള്‍, അവരുടെ സേവനങ്ങളെ ആശ്രയിക്കുന്ന ഭൂരിഭാഗം വെബ്‌സൈറ്റുകളും പ്രവര്‍ത്തനരഹിതമാകും. കാരണം, ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ട്രാഫിക്ക് നിയന്ത്രിക്കുന്നതില്‍ ക്ലൗഡ്ഫ്‌ളെയറിന് നിര്‍ണായക പങ്കുണ്ട്.

ദശലക്ഷക്കണക്കിന് സൈറ്റുകള്‍ക്ക് വെബ് സുരക്ഷയും വേഗതയും റൂട്ടിംഗ് സേവനങ്ങളും നല്‍കുന്ന ഈ കമ്പനി, തങ്ങളുടെ വലിയ ആഗോള ശൃംഖലയിലൂടെയാണ് ഉപയോക്താക്കളെ വെബ്‌സൈറ്റുകളുമായും ആപ്ലിക്കേഷനുകളുമായും ബന്ധിപ്പിക്കുന്നത്. അതുകൊണ്ട് ക്ലൗഡ്ഫ്‌ലെയര്‍ നിലയ്ക്കുമ്പോള്‍, ഇന്റര്‍നെറ്റിന്റെ ഒരു വലിയ ഭാഗവും അതോടൊപ്പം പ്രവര്‍ത്തനരഹിതമാകും.

'സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം, ഇതുപോലുള്ള ഒരു തടസ്സം ഒരു അസൗകര്യം എന്നതിലുപരി അപകടസാധ്യതയുമുണ്ട്. നിങ്ങളുടെ യഥാര്‍ത്ഥ ഐപി (IP വിലാസം), നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്ന ഓരോ വെബ്‌സൈറ്റിന്റെയും ലിസ്റ്റ് (DNS അന്വേഷണങ്ങള്‍) എന്നിവ ഹാക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താല്‍ക്കാലികമായി വെളിപ്പെട്ടേക്കാം,' NymVPN-ലെ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ റോബ് ജാര്‍ഡിന്‍ പറഞ്ഞു.

ഈ തടസ്സം വ്യക്തിഗത സൈറ്റുകളുടെ പരാജയം കാരണമല്ല, മറിച്ച് 'അവരെല്ലാം ആശ്രയിക്കുന്ന ഒരൊറ്റ ലെയര്‍ പ്രതികരിക്കാതിരുന്നതുകൊണ്ടാണ്' സംഭവിച്ചതെന്ന് ചെക്ക് പോയിന്റിലെ (Check Point) പബ്ലിക് സെക്ടര്‍ മേധാവി ഗ്രേം സ്റ്റുവര്‍ട്ട് വിശദീകരിച്ചു. ചുരുക്കം ചില ദാതാക്കളിലേക്ക് മാത്രം വെബ് ട്രാഫിക് കേന്ദ്രീകരിക്കുന്നത് എങ്ങനെ വലിയ സുരക്ഷാ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരൊറ്റ കേന്ദ്രീകൃത കമ്പനി വെബ്ബിന്റെ താക്കോല്‍ കൈവശം വെക്കുമ്പോള്‍, ഒരു സാങ്കേതിക പ്രശ്‌നം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സ്വകാര്യതയുടെയും സുരക്ഷയുടെയും പ്രശ്‌നമായി മാറുന്നു. ഇതാണ് ഇത്തരം തടസ്സങ്ങള്‍ അടിവരയിടുന്ന ആശങ്ക.

120-ല്‍ അധികം രാജ്യങ്ങളിലെ 330-ല്‍ അധികം നഗരങ്ങളില്‍ ക്ലൗഡ്ഫ്‌ളെയര്‍ വലിയ സെര്‍വര്‍ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഈ സെര്‍വറുകള്‍ വെബ്‌സൈറ്റുകള്‍ വേഗത്തില്‍ ലോഡ് ചെയ്യാനും സുരക്ഷിതമായി നിലനില്‍ക്കാനും ട്രാഫിക് സുഗമമായി കൈകാര്യം ചെയ്യാനും സഹായിക്കുന്നു. ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ഇന്റര്‍നെറ്റ് ദാതാക്കള്‍, ക്ലൗഡ് സേവനങ്ങള്‍, പ്രധാന കമ്പനികള്‍ എന്നിവയുള്‍പ്പെടെ 13,000-ല്‍ അധികം ഇന്റര്‍നെറ്റ് ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം വളരെ ശക്തമാണ്.

ഉപയോക്താക്കളെ വെബ്‌സൈറ്റുകളുമായും ആപ്ലിക്കേഷനുകളുമായും ബന്ധിപ്പിക്കുന്ന ഡാറ്റാ സെന്ററുകളുടെ വിതരണ ശൃംഖലയായ ക്ലൗഡ്ഫ്‌ലെയര്‍ ഗ്ലോബല്‍ നെറ്റ്വര്‍ക്കില്‍ നിന്നാണ് തടസ്സം ഉടലെടുത്തത്.

തടസ്സം ആരംഭിച്ചതുമുതല്‍ പതിനായിരക്കണക്കിന് റിപ്പോര്‍ട്ടുകളാണ് ഡൗണ്‍ഡിറ്റക്റ്റര്‍ക്ക് ലഭിച്ചത്. സെര്‍വര്‍ കണക്ഷനുകള്‍, വെബ്‌സൈറ്റുകള്‍, ഹോസ്റ്റിംഗ് എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ നേരിട്ടു. പ്രാദേശിക ക്ലൗഡ്ഫ്‌ലെയര്‍ ഡാറ്റാ സെന്ററാണ് പ്രശ്നത്തിന് കാരണമെന്ന് സൂചിപ്പിച്ചുകൊണ്ട്, വെബ്ബിലെ ലിങ്കുകളില്‍ ക്ലിക്കു ചെയ്യുമ്പോള്‍ 'ഇന്റേണല്‍ സെര്‍വര്‍ എറര്‍' എന്ന മുന്നറിയിപ്പുകള്‍ പല ഉപയോക്താക്കളും റിപ്പോര്‍ട്ട് ചെയ്തു.


Tags:    

Similar News