വെല്ലൂരുകാരനായ ഡാറ്റാ അനലിസ്റ്റ് ബാര്‍ക്കിലെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍; വൈസ് പ്രസിഡന്റായിരുന്ന പ്രേംനാഥിനെതിരായ ആരോപണം ഗൗരവത്തില്‍ എടുത്ത് ബാര്‍ക്ക്; 24 ന്യൂസിന്റെ പരാതിയില്‍ ഫോറന്‍സിക് ഓഡിറ്റ്; സുതാര്യതയും കൃത്യതയും ഉറപ്പാക്കാന്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം; റേറ്റിംഗ് തട്ടിപ്പ് 'മെസിയുടെ മാര്‍ച്ചിലെ വരവ്' മുടക്കുമോ?
കൊച്ചി: ടെലിവിഷന്‍ റേറ്റിങില്‍ ജീവനക്കാരന്‍ കൃത്രിമം കാണിച്ചെന്ന ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെട്ട് ബാര്‍ക് ഇന്ത്യ. ബാര്‍ക്ക് ഇന്ത്യ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്‍സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിച്ചതായി ബാര്‍ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു. 24 ന്യൂസാണ് പരാതിക്കാര്‍. മലയാളത്തിലെ മറ്റൊരു ന്യൂസ് ചാനലിനെതിരെയാണ് ആരോപണം.ഏതാണ് ചാനല്‍ എന്ന് 24 ന്യൂസ് ഇനിയും പറഞ്ഞിട്ടില്ല. കേരളാ പോലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഇനിയും എഫ് ഐ ആര്‍ ഇട്ടിട്ടില്ല. ആരോപണ വിധേയരായ ചാനലിന്റെ സമര്‍ദ്ദ ഫലമാണ് ഇത്. അതിനിടെയാണ് ബാര്‍ക് അന്വേഷണം തുടങ്ങുന്നത്. ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്നായിരുന്നു ആരോപണം. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതായും, വിഷയം അടിയന്തിരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു.വിഷയത്തില്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റിന് ബാര്‍ക്ക് ഉത്തരവിട്ടു.
ഫോറന്‍സിക് ഓഡിറ്റ് നടത്തുന്നതിന് ഒരു പ്രശസ്ത സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചതായും ബാര്‍ക്ക് ഇന്ത്യ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ബാര്‍ക്ക് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. തത്പരകക്ഷികളോട് സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാര്‍ക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ടെലിവിഷന്‍ റേറ്റിംഗ് കേസില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിച്ച് വ്യവസായത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ബാര്‍ക്ക് ലക്ഷ്യമിടുന്നത്. ടെലിവിഷന്‍ കാഴ്ചക്കാരുടെ കണക്കെടുപ്പില്‍ സുതാര്യത ഉറപ്പാക്കാനും ഏതെങ്കിലും തരത്തിലുള്ള കൃത്രിമങ്ങള്‍ കണ്ടെത്താനും ഈ സുപ്രധാന നടപടി സഹായകമാകുമെന്നാണ് പ്രതീക്ഷ. 24 ന്യൂസ് എന്തുകൊണ്ടാണ് ചാനലിന്റെ പേര് പുറത്തു പറയാത്തതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. അതിനിടെ ഈ പരാതി കാരണം കേരളത്തില്‍ മെസി മാര്‍ച്ചില്‍ വരാതിരിക്കുമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഏതായാലും ബാര്‍ക്ക് അന്വേഷണം നിര്‍ണ്ണായകമായി മാറും.
പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുകള്‍ ഒരു ചാനലിന്റെ ജനപ്രീതിയും പരസ്യവരുമാനവും നിര്‍ണയിക്കുന്നതില്‍ അതീവ നിര്‍ണായകമാണ്. ഈ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പരസ്യദാതാക്കള്‍ വിവിധ ചാനലുകളില്‍ തുക നിക്ഷേപിക്കുന്നത്. ഇന്ത്യയിലെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഡാറ്റ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഔദ്യോഗിക സ്ഥാപനമാണ് ബാര്‍ക്ക് ഇന്ത്യ. ടിആര്‍പിയില്‍ കൃത്രിമം കാണിക്കുന്നത് ചാനലുകള്‍ക്കിടയില്‍ അവിഹിത മത്സരത്തിനും പരസ്യം നല്‍കുന്നവര്‍ക്ക് നഷ്ടത്തിനും ഇടയാക്കും. ഒരു 'ഫോറന്‍സിക് ഓഡിറ്റ്' എന്നത് സാമ്പത്തിക തട്ടിപ്പുകളോ നിയമ ലംഘനങ്ങളോ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള സമഗ്രമായ അന്വേഷണമാണ്. സാധാരണ ഓഡിറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, സംശയകരമായ ഇടപാടുകളോ ഡാറ്റാ കൃത്രിമങ്ങളോ കണ്ടെത്താന്‍ ഇത് കൂടുതല്‍ ആഴത്തിലുള്ള വിശകലനങ്ങള്‍ നടത്തുന്നു. കേരളത്തിലെ ടിആര്‍പി കേസില്‍ ഒരു പ്രത്യേക ഏജന്‍സിയെ നിയോഗിച്ചതിലൂടെ, ബാര്‍ക്ക് വിഷയത്തെ അതീവ ഗൗരവമായി കാണുന്നുവെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കുന്നു.
ഈ ഓഡിറ്റ് റിപ്പോര്‍ട്ട് കേരളത്തിലെ ടെലിവിഷന്‍ രംഗത്ത് വലിയ സ്വാധീനം ചെലുത്തും. റേറ്റിംഗില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. ഇത് ടെലിവിഷന്‍ വ്യവസായത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ സഹായിക്കും. വ്യാജ കണക്കുകള്‍ ഉപയോഗിച്ച് ചാനലുകള്‍ കാഴ്ചക്കാരെയും പരസ്യദാതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്നത് തടയാന്‍ ഇത് ഒരു മുന്നറിയിപ്പായി വര്‍ത്തിക്കും. കേരളത്തിലെ ടിആര്‍പി കേസില്‍ ആരംഭിച്ച ഈ ഫോറന്‍സിക് ഓഡിറ്റ്, ഇന്ത്യയിലെ ടെലിവിഷന്‍ കാഴ്ചക്കാരുടെ കണക്കെടുപ്പ് സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണെന്നും ബാര്‍ക്ക് പറയുന്നു. ഇതിന്റെ കണ്ടെത്തലുകള്‍ ഭാവിയില്‍ സമാനമായ കൃത്രിമങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും കൂടുതല്‍ വിശ്വസനീയമായ ഒരു സംവിധാനം സ്ഥാപിക്കാന്‍ സഹായിക്കുമെന്നും വിലയിരുത്തുന്നുണ്ട്.
ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് പ്രേംനാഥിനെതിരെയാണ് ആരോപണം. പ്രേംനാഥ് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും, ഇതിനായി ക്രിപ്റ്റോകറന്‍സി വഴി കോടികള്‍ കൈപ്പറ്റിയതായും പരാതിയുണ്ട്. ബാര്‍ക്ക് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളുടെ പിന്‍കോഡ് തലത്തിലുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ ചാനലിന് കൈമാറിയതെന്ന് ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചാനല്‍ ഉടമ പ്രേംനാഥിന്റെ ട്രസ്റ്റ് വാലറ്റ് അക്കൗണ്ടിലേക്ക് യുഎസ്ഡിടി ക്രിപ്റ്റോകറന്‍സി രൂപത്തില്‍ പണം കൈമാറിയതായും, ഈ ഫണ്ടുകള്‍ പിന്നീട് മറ്റ് പല വാലറ്റുകളിലേക്കും വിതരണം ചെയ്തതായും പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പുതിയ ടിആര്‍പി തട്ടിപ്പ് കേസിലെ പരാതിക്കാരനും വിവരങ്ങള്‍ പുറത്തുവിട്ടയാളും ട്വന്റിഫോര്‍ ന്യൂസ് ആണെന്ന് വ്യവസായ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. അടുത്തിടെ വരെ ബാര്‍ക്ക് ഇന്ത്യയില്‍ വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന പ്രേംനാഥ്, ഏജന്‍സിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ കൂടിയാണ്. 2015 ജൂണില്‍ ബാര്‍ക്ക് ഇന്ത്യയില്‍ സീനിയര്‍ മാനേജരായി ചേര്‍ന്ന പ്രേംനാഥ്, അതിനുമുമ്പ് ഒരു ദശാബ്ദത്തോളം ഡാറ്റാ അനലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിയാണ് ഇദ്ദേഹം.
