'കൂലി ഔദാര്യമല്ല, അവകാശം'; നാല് മാസത്തിലേറെയായി ശമ്പളം ലഭിക്കാതെ ജീവനക്കാര്‍; പകപോക്കല്‍ നടപടികളും; 'മാധ്യമം' ആസ്ഥാനത്ത് ജീവനക്കാരുടെ രാപ്പകല്‍ സമരം; പിന്തുണയുമായി മുന്‍ ജീവനക്കാര്‍; ഐക്യദാര്‍ഢ്യപ്രകടനവുമായി കെയുഡബ്ലുജെ

Update: 2025-12-02 15:51 GMT

കോഴിക്കോട്: നാല് മാസത്തിലേറെയായി ശമ്പളക്കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തില്‍ മാധ്യമം എംപ്ലോയീസ് കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'മാധ്യമം' പത്രത്തിലെ പത്രപ്രവര്‍ത്തകരും ജീവനക്കാരും പ്രത്യക്ഷ സമരത്തില്‍. ശമ്പള കുടിശ്ശിക നാല് മാസത്തിലേക്ക് കടന്നതോടെ കോഴിക്കോട് വെള്ളിമാട്കുന്നിലെ 'മാധ്യമം' ആസ്ഥാനത്ത് രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെ പത്രപ്രവര്‍ത്തകരും ജീവനക്കാരുമടങ്ങുന്ന തൊഴിലാളികള്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം നടത്തിയത്. സമരത്തില്‍ കോഴിക്കോട് യൂണിറ്റിന്റെ കീഴിലുള്ള അംഗങ്ങള്‍ക്ക് പുറമെ മറ്റു യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും യൂണിയന്റെ ഭാരവാഹികളും മാറി മാറി പങ്കെടുത്തു. രണ്ടിന് മലപ്പുറം, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെ ഐക്യദാര്‍ഢ്യ സംഗമം നടന്നു.

എല്ലാ മാസവും നിശ്ചിത ദിവസത്തിനുള്ളില്‍ ശമ്പള വിതരണം നടത്തുക,ശമ്പള വിതരണത്തില്‍ സ്ലാബ് സമ്പ്രദായം ഒഴിവാക്കുക, ശമ്പളകുടിശ്ശിക തീര്‍ക്കുന്നതിന് സമയപരിധി നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ക്കായാണ് പത്രനിര്‍മാണത്തെയും വിതരണത്തെയും തടസ്സപ്പെടുത്താതെയുള്ള സമരം. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ നിസംഗമായ സമീപനമാണ് മാധ്യമം മുതലാളിയുടേത്. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ പ്രതിഷേധം.ന്യായയുക്തമായ മിനിമം ആവശ്യങ്ങളോട് പോലും നിഷേധാത്മ നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ തീര്‍ത്തും നിസംഗമായ സമീപനം തുടരുകയായിരുന്നു അവരെന്നും സമരത്തിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കാതെ ജീവനക്കാര്‍ക്ക് മറ്റു മാര്‍ഗമില്ല എന്ന് വ്യക്തമാക്കി.

വേജ് ബോര്‍ഡ് ശുപാര്‍ശ പ്രകാരമുള്ള ശമ്പളം നല്‍കുന്നതില്‍ മാധ്യമം മാനേജ്‌മെന്റ് രാജ്യത്തെ മറ്റു മാധ്യമയുടമകള്‍ക്കെല്ലാം മുമ്പ് മാതൃകയായിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റാണ് 'മാധ്യമം' പത്രത്തിന്റേത്.

മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന് നാന്ദി കുറിച്ച മാധ്യമത്തിന്റെ സ്ഥാപക പിതാക്കളെകുറിച്ച് ഇപ്പോഴത്തെ മാനേജ്‌മെന്റ് ചിന്തിച്ചത് പോലുമില്ലല്ലോ എന്ന് മുതര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നു. ശമ്പളത്തിനായി സമരത്തിനിറങ്ങുന്ന മാധ്യമം ജീവനക്കാര്‍ക്ക് പിന്തുണയുമായി, പിടിച്ചു വെച്ച ശമ്പളം കിട്ടാനായി പെടാപാടുപെടുന്ന മാധ്യമത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരും സമരപന്തലില്‍ എത്തിയിരുന്നു.

'മാധ്യമ'ത്തില്‍ 33 വര്‍ഷം ജോലി ചെയ്ത ബാബുരാജന്‍ കൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് വായിക്കാം:

ഇന്നു മാധ്യമം ജീവനക്കാരുടെ പട്ടിണി സമരമാണ്. അതിനോട് ഐക്യപ്പെടാതിരിക്കുന്നത് എങ്ങിനെ? അവര്‍ക്ക് നാലു മാസത്തെ ശമ്പളം കുടിശികയാണ്. അതേപറ്റി ചോദിക്കുമ്പോള്‍ നിങ്ങള്‍ സമരം ചെയ്യാന്‍ പോകുകയല്ലേ, അതു നടക്കട്ടെ എന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പറയുന്നത്.നിവൃത്തികേടിന്റെ നെറുകയില്‍ നിന്നാണ് അവിടുത്തെ ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത്.

33 വര്‍ഷം ഞാന്‍ ജോലി ചെയ്ത സ്ഥാപനമാണ്. ബാലാരിഷ്ടതകളുടെ കാലത്തും പിന്നീട് അഭിവൃദ്ധിയുടെ കാലത്തും അവിടെ ഉണ്ടായിരുന്നു. 2020 ല്‍ ഇറങ്ങി പോരുമ്പോള്‍ ശമ്പളം ഏറിയാല്‍ പത്തു ദിവസം വരെ വൈകിയിരുന്നു എന്നല്ലാതെ ഒരു മാസം പോലും മുടങ്ങിയിരുന്നില്ല. അവിടുത്തെ ജേര്‍ണലിസ്റ്റ് യൂണിയന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.ഒന്നര പതിറ്റാണ്ട് സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ മാധ്യമത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ സഹപ്രവര്‍ത്തകരായിരുന്ന പലരും എഴുതിയപ്പോഴൊക്കെ മൗനം പാലിക്കുകയാണ് ചെയ്തത്.അത്രമേല്‍ വൈകാരിക ബന്ധം ആ സ്ഥാപനത്തോട് ഉണ്ടായിരുന്നു.ഒരു വാക്ക് കൊണ്ടു പോലും സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു.എന്നാല്‍,ഇനിയും മൗനം തുടര്‍ന്നാല്‍ അതൊരു മഹാ അപരാധം ആകും.

'മാധ്യമം' പ്രസാധകരായ ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ ആദ്യ കാല സെക്രട്ടറിയും ചെയര്‍മാനുമായിരുന്ന കെ എ സിദ്ദിഖ് ഹസ്സന്‍ സാഹിബ് പടുത്തുയര്‍ത്തിയ സ്ഥാപനമാണ്.പിതൃ തുല്യനായിരുന്നു എനിക്കദ്ദേഹം.അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി നല്ല ഓര്‍മ്മകളുണ്ട്. ജോലി ചെയ്തവര്‍ക്ക് വേതനം കൊടുക്കുക എന്നതിനായിരുന്നു എക്കാലവും അദ്ദേഹം മുന്‍ഗണന നല്‍കിയത്.അദ്ദേഹത്തിന്റെ കാലത്ത് ശമ്പളം ഒരു ദിവസം പോലും വൈകാന്‍ അനുവദിച്ചിരുന്നില്ല.മാനവികതയെക്കുറിച്ചു പുരപ്രസംഗം നടത്താതെ അതു ജീവിതത്തില്‍ പ്രയോഗവത്കരിച്ച ആളാണ് സിദ്ദിഖ് സാഹിബ്.അദ്ദേഹത്തിന്റെ ആത്മാവ് മാധ്യമത്തിന്റെ ഇന്നത്തെ മാനേജ്‌മെന്റിനും അവരെ നിയോഗിച്ചവര്‍ക്കും മാപ്പ് കൊടുക്കില്ല എന്നുറപ്പ്. ജീവനക്കാരെവിളിച്ചു അവരെ സമാശ്വസിപ്പിക്കുകയും അവരോടൊപ്പം നില്‍ക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നെങ്കില്‍ ഇങ്ങനെയൊരു സമരത്തിന് അവര്‍ ഇറങ്ങിപുറപ്പെടില്ലായിരുന്നു.എന്നും എപ്പോഴും അവരോടൊപ്പം.

Similar News