കോടതി ഉത്തരവിനും നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയ്ക്കും പുല്ലുവില; മന്ത്രിയുടെ പേര് പറഞ്ഞ് ചെങ്ങന്നൂര്‍ നഗരമധ്യത്തില്‍ റോഡിലേക്കിറക്കി അനധികൃത നിര്‍മാണം; ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാന്‍ രാത്രിയില്‍ പണി തകൃതി
ചെങ്ങന്നൂര്‍: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയും കോടതിയില്‍ നില്‍ക്കുന്ന കേസിലുളള സ്റ്റേ ഉത്തരവും കാറ്റില്‍പ്പറത്തി നഗരമധ്യത്തില്‍ റോഡിലേക്കിറക്കി അനധികൃത നിര്‍മാണം തകൃതി. എം.സി റോഡരികില്‍ നന്ദാവനം ജങ്ഷന് സമീപം തെക്കുവീട്ടില്‍ ജോണ്‍ മാമന്റെ കട മുറിയാണ് സകല ചട്ടങ്ങളും ലംഘിച്ചു കൊണ്ട് റോഡിലേക്കും സമീപ കെട്ടിടത്തിലേക്കും നീട്ടി നിര്‍മിക്കുന്നത്. നഗരസഭ കൊടുത്ത സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മാണം തുടരുമ്പോള്‍ മന്ത്രിയുടെ അനുവാദത്തോടെയാണ് ഇതെന്നാണ് ഉടമ പറയുന്നത്.
ജോണ്‍ മാമന്റെ കടമുറിയോട് ചേര്‍ന്ന് വിനോദ്കുമാര്‍ എന്നയാള്‍ക്ക് രണ്ടു നിലകളിലായി നാലു മുറി കെട്ടിടമുണ്ട്. ഇതിനോട് ചേര്‍ത്താണ് നിര്‍മാണം നടക്കുന്നത്. 2020 ല്‍ വിനോദ്കുമാര്‍ വിലയ്ക്ക് വാങ്ങിയതാണ് കെട്ടിടം. ഇതിനോട് ചേര്‍ത്ത് ജോണ്‍ മാമന്‍ നിര്‍മാണം നടത്തുന്നതിന് എതിരേ വിനോദ്കുമാര്‍ മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നിര്‍മാണം തടഞ്ഞു കൊണ്ട് കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയിട്ടുമുണ്ട്. ഇത് നിലനില്‍ക്കേയാണ് ഇപ്പോള്‍ അനധികൃത നിര്‍മാണം നടത്തുന്നതെന്ന് വിനോദ്കുമാര്‍ ആരോപിക്കുന്നു.
നടപ്പാതയിലേക്ക് ഇറക്കി ജോണ്‍ മാമന്റെ കെട്ടിടത്തിന്റെ മേല്‍ക്കൂര നിര്‍മിക്കുന്നതിന് എതിരേ ഡിസംബര്‍ ഒന്നിന് നഗരസഭ സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചു. ജീവനക്കാര്‍ ഇത് ജോണ്‍ മാമന് കൊണ്ടു കൊടുത്തുവെങ്കിലും വാങ്ങാന്‍ തയാറായില്ല. ഇന്നലെ നോട്ടീസ് കെട്ടിടത്തില്‍ പതിപ്പിച്ചു. പോലീസ് വന്ന് പണി നിര്‍ത്തി വയ്ക്കണം എന്ന് പറഞ്ഞിരുന്നു. ഇതിന് ശേഷം രാത്രിയിലാണ് അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടന്നത്. മേല്‍ക്കൂരയുടെ ഒരു ഭാഗം മുഴുവന്‍ ഷീറ്റ് ഇട്ടു കഴിഞ്ഞു. പോലീസ് വന്ന് പണി നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ട് മടങ്ങി. തെരഞ്ഞെടുപ്പ്, ശബരിമല തീര്‍ഥാടനം എന്നിവ കാരണം ഉദ്യോഗസ്ഥര്‍ തിരക്കിലായത് മുതലെടുത്താണ് അനധികൃത നിര്‍മാണം നടക്കുന്നത് എന്ന് പറയുന്നു.
നോട്ടീസും മറ്റുമായി ചെല്ലുന്ന ജീവനക്കാരോട് കെട്ടിടം ഉടമ പറയുന്നത് മന്ത്രിയുടെ അനുമതിയോടെയാണ് നിര്‍മാണം നടക്കുന്നത് എന്നാണ്. മന്ത്രിയുടെ ഓഫീസിലേക്കാണെന്ന് പറഞ്ഞ് വിളിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കും. ഇതോടെ ഉദ്യോഗസ്ഥര്‍ പേടിച്ച് സ്ഥലം വിടും. പട്ടാപ്പകല്‍ നടത്തുന്ന നഗ്‌നമായ നിയമലംഘനത്തിന് മന്ത്രി സജി ചെറിയാന്‍ കൂട്ടു നില്‍ക്കുമോ എന്ന സംശയം ജീവനക്കാര്‍ക്ക് ഉണ്ടെങ്കിലും ഇവര്‍ പ്രതികരിക്കാന്‍ തയാറാകില്ല. തങ്ങള്‍ പോയിക്കഴിഞ്ഞ് എന്തേലും ചെയ്തോ എന്ന് പറഞ്ഞ് ഇവര്‍ മടങ്ങുകയാണ് ചെയ്യുന്നത്. ഇന്ന് രാത്രി കൊണ്ട് അനധികൃത നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംശയിക്കുന്നതായി സമീപ കെട്ടിടം ഉടമ പറഞ്ഞു.
