സഞ്ചാര്‍ സാഥി ആപ്പില്‍ യൂടേണടിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രതിഷേധം ഉയര്‍ന്നതോടെ ഭേദഗതിക്ക് തയ്യാറെന്ന് പ്രതികരണം; പ്രീ-ഇന്‍സ്റ്റാള്‍ നിര്‍ദേശം പിന്‍വലിച്ചു; ചാരപ്രവര്‍ത്തി സാധ്യമല്ല, അത് ചെയ്യില്ലെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സൈബര്‍സുരക്ഷ മുന്‍നിര്‍ത്തി 'സഞ്ചാര്‍ സാഥി' ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. രാജ്യവ്യാപകമായി കടുത്ത എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ആപ്പ് ആവശ്യമില്ലാത്തവര്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശമെന്ന വിമര്‍ശം ശക്തമായതോടെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് നല്‍കിയ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ആപ്പിള്‍ ഉള്‍പ്പടെയുള്ള ഫോണ്‍ നിര്‍മാതാക്കള്‍ ഉത്തരവിനെതിരെ നിയമപരമായി നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു.
സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീന്‍ ഇന്‍സ്റ്റാളേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 'ഇതുവരെ 1.4 കോടി ഉപയോക്താക്കള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍, 6 ലക്ഷംപേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്ത്, മൊബൈല്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രീ-ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു' കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഉപയോക്താക്കള്‍, പ്രതിപക്ഷ നേതാക്കള്‍, സിവില്‍ സമൂഹം, മൊബൈല്‍ കമ്പനികള്‍ എന്നിവര്‍ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍, ലഭിക്കുന്ന അഭിപ്രായങ്ങള്‍ക്കനുസരിച്ച് ഉത്തരവില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാര്‍ലമെന്റില്‍ വ്യക്തമാക്കി. 'നമുക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ഉത്തരവില്‍ ഒരു മാറ്റം വരുത്തണമെങ്കില്‍ സര്‍ക്കാര്‍ അതിന് തയ്യാറാണ്.- മന്ത്രി വ്യക്തമാക്കി. ആപ്പിനെപ്പറ്റിയുള്ള ആശങ്കകള്‍ തള്ളിക്കളഞ്ഞ മന്ത്രി ചാരപ്രവര്‍ത്തി സാധ്യമല്ല, അത് ചെയ്യില്ലെന്നും ഉറപ്പ് നല്‍കി.
പ്രതിദിനം 2000 തട്ടിപ്പ് സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ആപ്പിലെ ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതല്ലാതെ മറ്റൊരു പ്രവര്‍ത്തനവുമില്ല, അവര്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ആപ്പ് നീക്കം ചെയ്യാന്‍ കഴിയും. ഇത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ പൗരരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും അവരെ ബിഗ് ബോസിനെപ്പോലെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പൗരപ്രമുഖരെ നിയന്ത്രിക്കാന്‍ ശ്രമിച്ചതുപോലുള്ള നീക്കമാണിതെന്നും ആപ്പ് മൊബൈലുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഏകപക്ഷീയമായ നിര്‍ദേശം സ്വേച്ഛാധിപത്യത്തിന് സമാനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുകയുണ്ടായി.
പിന്നാലെ, ആപ്പ് സ്വമേധയാ ഉപയോഗിക്കാനുള്ള സംവിധാനമാണെന്നും ഉപയോക്താക്കള്‍ക്ക് അതിന്റെ ആനുകൂല്യം നേടാനോ വേണ്ടെങ്കില്‍ എളുപ്പത്തില്‍ ഒഴിവാക്കാനോ കഴിയുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. പുതുതായിറങ്ങുന്ന മൊബൈല്‍ ഫോണുകളിലെല്ലാം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ 'സഞ്ചാര്‍ സാഥി' ആപ്പ് ഉത്പാദനസമയത്ത് ഉള്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആദ്യത്തെ ഉത്തരവ്.
എന്താണ് സഞ്ചാര്‍ സാഥി?
തട്ടിപ്പ് കോളുകള്‍, സന്ദേശങ്ങള്‍, മോഷണം പോയ മൊബൈല്‍ ഫോണുകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ച ഒരു സൈബര്‍ സുരക്ഷാ ആപ്ലിക്കേഷനാണ് സഞ്ചാര്‍ സാഥി. നവംബര്‍ 28-നാണ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും ഇറക്കുമതി ചെയ്യുന്നവരും പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുകയും, പഴയ ഫോണുകളില്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് വഴി ലഭ്യമാക്കുകയും ചെയ്യണമായിരുന്നു. ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ആശങ്കകളും വിമര്‍ശനങ്ങളും
ഉത്തരവ് പുറത്തുവന്നതോടെ ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനും സാധ്യമായ നിരീക്ഷണത്തിനും വഴിവെക്കുമെന്ന ആശങ്കകള്‍ ശക്തമായി. ആപ്പിള്‍ (, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മാതാക്കള്‍ അടക്കമുള്ള കമ്പനികള്‍ സ്വകാര്യമായി സര്‍ക്കാരിന് മുന്നില്‍ തങ്ങളുടെ എതിര്‍പ്പ് അറിയിച്ചു. രാജ്യത്തെ നിയമപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി പോലും ഒരു സര്‍ക്കാര്‍ ആപ്പ് ലോകത്തെവിടെയും മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ചരിത്രം തങ്ങള്‍ക്കില്ലെന്നും, ഈ മാറ്റം സാങ്കേതികമായി വെല്ലുവിളിയാണെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി.
ആപ്പ് നിര്‍ബന്ധമാക്കുന്നത് തിരഞ്ഞെടുപ്പിന്റെയും സമ്മതത്തിന്റെയും തത്വങ്ങളെ ലംഘിക്കുമെന്നും, ഭാവിയില്‍ ആപ്പിന്റെ യഥാര്‍ത്ഥ ഉപയോഗത്തില്‍ നിന്ന് വ്യതിചലിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സിവില്‍ സമൂഹവും ആശങ്ക പ്രകടിപ്പിച്ചു. ഇതിനുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പുതിയ തീരുമാനം ഉണ്ടായത്.
