ട്രംപിന്റെ 'ഇടിത്തീ' വീണു: 19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഒറ്റയടിക്ക് മരവിപ്പിച്ചു; 15 ലക്ഷം പേരുടെ ഭാവി തുലാസ്സില്‍! 30 ല്‍ അധികം രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവും വരുന്നു; 'പൗരത്വം ഔദാര്യം മാത്രം, കൊലയാളികളെ ഞങ്ങള്‍ക്ക് വേണ്ട': വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്‍ ഉള്‍പ്പെട്ട വെടിവെപ്പുണ്ടായതോടെ പ്രകോപിതനായി യുസ് പ്രസിഡന്റ്
ട്രംപിന്റെ 'ഇടിത്തീ' വീണു
വാഷിങ്ടണ്‍: ദേശീയ സുരക്ഷയും പൊതുസുരക്ഷാ ഭീഷണികളും ചൂണ്ടിക്കാട്ടി 19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ വൈറ്റ് ഹൗസ് നിര്‍ത്തിവച്ചു. രാജ്യത്തുടനീളമുള്ള പൗരത്വ വിതരണ ചടങ്ങുകള്‍ റദ്ദാക്കുകയും ചെയ്തു.
15 ലക്ഷം അപേക്ഷകരെ ബാധിക്കും
ഈ മരവിപ്പിക്കല്‍ 15 ലക്ഷത്തിലധികം പേരുടെ അഭയാര്‍ഥി അപേക്ഷകളെയും ബൈഡന്‍ ഭരണകൂടത്തില്‍ അഭയം ലഭിച്ച 50,000-ത്തിലധികം ആളുകളെയും ബാധിച്ചേക്കുമെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.30-ല്‍ അധികം രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം വ്യാപിപ്പിക്കാന്‍ ട്രംപ് ആലോചിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരോധനം ബാധകമായ 19 രാജ്യങ്ങള്‍:
വാഷിങ്ടണില്‍ വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്‍ നാഷണല്‍ ഗാര്‍ഡുകള്‍ക്ക് നേരേ വെടിയുതിര്‍ത്ത സംഭവമാണ് ട്രിപുന് പ്രകോപനമായത്. ആ സംഭവത്തില്‍ ഒരു ദേശീയ ഗാര്‍ഡ് അംഗം കൊല്ലപ്പെടുകയും, മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് കുടിയേറ്റ നിരോധനം ബാധകമാക്കിയത്.
കൂടാതെ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രിത പ്രവേശനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
'പൗരത്വം ഒരു പ്രത്യേക അവകാശം': കര്‍ശന പരിശോധന
യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) വക്താവ് മാത്യു ട്രാജെസര്‍ ഈ നീക്കത്തെ ന്യായീകരിച്ചു. 'പൗരത്വം നേടുന്ന വ്യക്തികള്‍ മികച്ചവരില്‍ മികച്ചവര്‍ ആണെന്ന് ഉറപ്പാക്കാന്‍ ട്രംപ് ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പൗരത്വം ഒരു പ്രത്യേക അവകാശമാണ്, അല്ലാതെ അവകാശമല്ല... നമ്മുടെ രാജ്യത്തിന്റെ ഭാവി അപകടത്തിലായിരിക്കുമ്പോള്‍ ഞങ്ങള്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.'
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (DHS) മെമ്മോ അനുസരിച്ച്, യുഎസിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന എല്ലാവരെയും വീണ്ടും കര്‍ശനമായി പരിശോധനയ്ക്ക് വിധേയമാക്കും.
ഈ പുതിയ നയം പ്രകാരം, ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ കുടിയേറ്റക്കാരും ഒരു വിശദമായ പുനഃപരിശോധനയ്ക്ക് (Re-review) വിധേയരാകണം. ആവശ്യമെങ്കില്‍ അഭിമുഖങ്ങളും ഉണ്ടാകും. 'പ്രവേശനത്തിന് അയോഗ്യത' എന്നതിന്റെ വിശാലമായ നിര്‍വചനം ഉപയോഗിച്ച് അപേക്ഷകരെ തടയാനും DHS-ന് അനുമതി നല്‍കുന്നു.
ഡിസി ആക്രമണമാണ് കാരണം
വൈറ്റ് ഹൗസിന് അടുത്തായി നടന്ന 'ഭീകരാക്രമണം' ആണ് കടുത്ത നടപടികള്‍ക്ക് കാരണം. ഈ ആക്രമണത്തില്‍ അഫ്ഗാന്‍ പൗരനായ റഹ്‌മാന്‍ ഉള്ള ലകന്‍വാള്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ ഒരു നാഷണല്‍ ഗാര്‍ഡ് അംഗത്തെ കൊലപ്പെടുത്തുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ ആക്രമണത്തില്‍ 20 വയസ്സുള്ള സാറ ബെക്ക്‌സ്‌ട്രോം കൊല്ലപ്പെടുകയും 24 വയസ്സുള്ള ആന്‍ഡ്രൂ വോള്‍ഫ് ഗുരുതരാവസ്ഥയില്‍ തുടരുകയുമാണ്.
അഫ്ഗാനിസ്ഥാനില്‍ സിഐഎ പിന്തുണയുള്ള 'സീറോ യൂണിറ്റിലെ' സഖ്യകക്ഷിയായി പ്രവര്‍ത്തിച്ചിരുന്ന ലകന്‍വാള്‍, 2021-ലെ സൈനിക പിന്‍മാറ്റ സമയത്താണ് യുഎസില്‍ എത്തിയത്. എന്നാല്‍, ഈ വര്‍ഷം ഏപ്രിലിലാണ് ഇയാള്‍ക്ക് അഭയം അനുവദിച്ചത്.
'കൊലയാളികളെ വേണ്ട': ട്രംപിന്റെയും നോമിന്റെയും നിലപാട്
മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വേണ്ടത്ര പരിശോധനയില്ലാതെ കുടിയേറ്റക്കാരെ രാജ്യത്തേക്ക് കടത്തിവിട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ട്രംപ് ആരോപിച്ചു. 'എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യയിലെ പോസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. വിദേശികള്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും അവസാനിപ്പിക്കുമെന്നും സുരക്ഷാ ഭീഷണിയുള്ളവരെയും 'പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്ത'വരെയും നാടുകടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
കൊലയാളികളെയും, രാജ്യത്തിന്റെ പണം ഊറ്റിക്കുടിക്കുന്നവരെയും (leeches), ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നവരെയും (entitlement junkies) അയക്കുന്ന രാജ്യങ്ങള്‍ക്ക് 'പൂര്‍ണ്ണ യാത്രാ നിരോധനം' ഏര്‍പ്പെടുത്തുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റി നോം പ്രഖ്യാപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കുടിയേറ്റ കാര്യങ്ങള്‍ നോക്കുന്ന അഭിഭാഷകര്‍ അറിയിച്ചു. 'ഇത് അടിസ്ഥാനപരമായി ആളുകളെ അവരുടെ ദേശീയതയുടെ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നതാണ്,' എന്ന് അഭിഭാഷകന്‍ ടോഡ് പോമെര്‍ല്യൂ അഭിപ്രായപ്പെട്ടു.
