വിവാഹിതയായത് 12-ാം വയസ്സിൽ; ആദ്യ പ്രസവം 13-ാം വയസ്സിൽ; ക്രൂര പീഡനങ്ങൾക്ക് ഇരയായതോടെ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തി; ഇനി തിരിച്ചു വരേണ്ടത് ശവക്കച്ചയിൽ പൊതിഞ്ഞാകണമെന്ന് പറഞ്ഞ് തിരിച്ചയച്ച് പിതാവ്; മകനെ മർദ്ദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭർത്താവ് കൊല്ലപ്പെട്ടു; 25കാരിക്ക് തൂക്കുകയർ

Update: 2025-12-04 11:47 GMT

ടെഹ്‌റാൻ: ശൈശവവിവാഹത്തിന്റെ ഇരയായി, വർഷങ്ങളോളം ക്രൂരമായ ഗാർഹിക പീഡനത്തിനിരയായ ഇറാനിയൻ യുവതിയെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നത്. വെറും 12 വയസ്സുള്ളപ്പോൾ നിർബന്ധിതമായി വിവാഹം നടക്കുകയും പിന്നീട് മർദ്ദനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് കൊല്ലപ്പെടുകയും ചെയ്ത കേസിൽ 25 വയസ്സുള്ള ഗോലി കൂഹ്കാൻ എന്ന യുവതിയാണ് തൂക്കുകയറിന് ശിക്ഷിക്കപ്പെട്ടത്. 'ബ്ലഡ് മണി' (നഷ്ടപരിഹാരം) ആയി ആവശ്യപ്പെടുന്ന ഭീമമായ തുക നൽകാൻ കഴിയാത്തതിനാലാണ് ഗോലിക്ക് അധികാരികളുടെ ദയപോലും ലഭിക്കാതെ വധശിക്ഷ നേരിടേണ്ടി വരുന്നത്.

ഇറാനിലെ ഗോലെസ്താൻ പ്രവിശ്യയിലെ ഒരു പിന്നാക്ക വിഭാഗമായ ബലൂച്ച് സമുദായത്തിൽപ്പെട്ട ഗോലി കൂഹ്കാനെ 12-ാം വയസ്സിലാണ് ബന്ധുവായ പുരുഷൻ വിവാഹം കഴിച്ചത്. 13-ാം വയസ്സിൽ അവർക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. ഗർഭകാലത്തും പ്രസവസമയത്തും അവർക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ല. ഗോലി വർഷങ്ങളോളം ലൈംഗികമായും മാനസികമായും ഭർത്താവിന്റെ പീഡനത്തിന് ഇരയായി. വയലുകളിൽ കഠിനാധ്വാനം ചെയ്യേണ്ടി വന്ന അവർക്ക് ഭർത്താവ് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുള്ള ബന്ധം പോലും അവഗണിക്കപ്പെട്ടു.

പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും, രേഖകളില്ലാത്ത അവസ്ഥയും സാമൂഹിക സാഹചര്യങ്ങളും കാരണം ഓരോ ശ്രമവും പരാജയപ്പെട്ടു. ഒരു ഘട്ടത്തിൽ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിച്ചെന്നപ്പോൾ, "ഞാൻ മകളെ വെള്ള വസ്ത്രത്തിൽ പറഞ്ഞയച്ചു, ഇനി തിരിച്ചു വരേണ്ടത് ശവക്കച്ചയിൽ പൊതിഞ്ഞാകണം" എന്ന് പറഞ്ഞ് പിതാവ് തിരിച്ചയച്ചതായും മനുഷ്യാവകാശ പ്രവർത്തകർ വെളിപ്പെടുത്തുന്നു.

2018 മെയ് മാസത്തിൽ, 18 വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവ് തങ്ങളുടെ അഞ്ച് വയസ്സുകാരനായ മകനെ അതിക്രൂരമായി മർദ്ദിക്കുന്നത് കണ്ട ഗോലി, സഹായത്തിനായി ഒരു ബന്ധുവിനെ വിളിച്ചുവരുത്തി. തുടർന്നുണ്ടായ വഴക്കിനിടെ ഭർത്താവ് കൊല്ലപ്പെട്ടു. ഭർത്താവിന്റെ മരണം ആകസ്മികമായിരുന്നു എന്നാണ് ഗോലിയുടെ ഭാഗം. സംഭവം നടന്നയുടൻ അവർ തന്നെ ആംബുലൻസ് വിളിക്കുകയും അധികാരികളെ വിവരമറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും, ഗോലിയെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

സാക്ഷരതയില്ലാത്ത ഗോലിക്ക് ചോദ്യം ചെയ്യൽ സമയത്ത് അഭിഭാഷകന്റെ സഹായം ലഭിച്ചില്ല. കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയ ശേഷം അവർ നിരപരാധിയായിരുന്നിട്ടും കുറ്റസമ്മത മൊഴിയിൽ ഒപ്പിടാൻ നിർബന്ധിച്ചു. ഈ മൊഴിയാണ് പിന്നീട് വധശിക്ഷയ്ക്ക് ആധാരമായത്. ഗാർഹിക പീഡനത്തിന്റെ ചരിത്രമോ, ചെറുത്തുനിൽപ്പിന്റെ സാഹചര്യമോ കോടതി പരിഗണിച്ചില്ല. ഇറാനിയൻ നിയമം അനുസരിച്ച്, കൊലപാതക കേസുകളിൽ പ്രതിക്ക് 'ഖിസാസ്' (ഒന്നിന് പകരം ഒന്ന്) എന്ന തത്വപ്രകാരം വധശിക്ഷ ലഭിക്കാം.

എന്നാൽ, ഇരയുടെ കുടുംബത്തിന് 'ദിയാഹ്' (ബ്ലഡ് മണി അഥവാ നഷ്ടപരിഹാരം) സ്വീകരിച്ച് പ്രതിക്ക് മാപ്പ് നൽകാൻ അധികാരമുണ്ട്. ഗോലിയുടെ ഭർത്താവിന്റെ കുടുംബം അവർക്ക് മാപ്പ് നൽകാൻ സമ്മതിച്ചിട്ടുണ്ട്. പക്ഷെ, അതിന് രണ്ട് ഉപാധികളാണ് മുന്നോട്ട് വെച്ചത്: 10 ബില്യൺ ടോമൻസ് (ഏകദേശം 90,000 യുഎസ് ഡോളർ) നഷ്ടപരിഹാരമായി നൽകുക, ഗോർഗാൻ നഗരം ശാശ്വതമായി വിട്ടുപോകുക. ഏഴ് വർഷമായി ജയിലിൽ കഴിയുന്ന, ഗോലി കൂഹ്കാന് ഈ ഭീമമായ തുക കണ്ടെത്താൻ കഴിയില്ല.

ഡിസംബറോടെ പണം നൽകിയില്ലെങ്കിൽ ഗോലിയുടെ വധശിക്ഷ നടപ്പാക്കാനാണ് നീക്കം. ഗോലിയുടെ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ (യുഎൻ) മനുഷ്യാവകാശ വിദഗ്ദ്ധർ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. വധശിക്ഷ നടപ്പാക്കരുതെന്ന് അവർ ഇറാനോട് ആവശ്യപ്പെട്ടു. "ഗോലിയുടെ കേസ് ഇറാനിലെ നീതിന്യായ വ്യവസ്ഥിതിയിലെ ലിംഗവിവേചനത്തിന്റെയും ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീകൾ നേരിടുന്ന അവകാശലംഘനങ്ങളുടെയും വ്യക്തമായ ഉദാഹരണമാണ്," യുഎൻ വിദഗ്ദ്ധർ പ്രസ്താവനയിൽ പറഞ്ഞു.  

Tags:    

Similar News