പാരിസില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം; ജര്‍മനിയില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ടെക് ജോലി; എല്ലാം ഉപേക്ഷിച്ച് ദോശക്കച്ചവടത്തിന് ഇറങ്ങി; 'ദോശമാ' വന്‍ ഹിറ്റായതോടെ പാരിസിലും ലണ്ടനിലും സ്വന്തം റെസ്റ്റാറന്റ്; ഇത് മോഹന്റെ വിജയഗാഥ
പാരിസ്: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചേക്കേറുക. അവിടെ ഏതെങ്കിലും വന്‍കിട കമ്പനികളില്‍ ജോലി നേടുക. ലക്ഷങ്ങള്‍ സമ്പാദിക്കുക.... ഇത്തരമൊരു സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇന്നത്തെ യുവതലമുറയില്‍ ഏറെയും. എന്നാല്‍ ലക്ഷങ്ങള്‍ ശമ്പളത്തോടൊപ്പം തൊഴില്‍, സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന ജര്‍മനിയില്‍ അത്തരമൊരു സ്ഥാനത്ത് എത്തിപ്പെട്ടിട്ടും സ്വന്തം സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങി പുറപ്പെട്ട സംരഭകന്റെ വിജയഗാഥയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ലക്ഷങ്ങള്‍ ശമ്പളമുള്ള അത്തരമൊരു കരിയറിലും തൃപ്തി നേടാനാകാതെ, സംരംഭകനാന്‍ ഇറങ്ങിപ്പുറപ്പെട്ട യുവാവിന്റെ കഥയാണിത്. ഓഫിസ് ജോലി നല്‍കുന്ന സുരക്ഷിതത്ത്വത്തിന്റെ വേലിക്കെട്ടില്‍നിന്ന് പുറത്തുകടക്കാന്‍ അയാള്‍ക്ക് ഊര്‍ജം പകര്‍ന്നതാകട്ടെ ദോശമാവും! 'ദോശമാ'യുടെ സഹസ്ഥാപകന്‍ മോഹനാണ് ഇത്തരത്തില്‍ ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിഞ്ഞത്.
ലക്ഷങ്ങള്‍ ശമ്പളമുള്ള ഓഫിസ് ജോലി ഉപേക്ഷിച്ച മോഹന്‍, ആദ്യത്തെ ദോശ റസ്റ്റാറന്റ് ജര്‍മനിയില്‍ത്തന്നെ തുടങ്ങി. പിന്നീടത് പാരിസിലും ലണ്ടനിലുമെത്തി. ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ പുതിയ റെസ്റ്റാറന്റ് തുറന്ന വേളയില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റോടെ മോഹന്റെ കഥ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.
'ജര്‍മനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ടെക് ജോലി ഉപേക്ഷിച്ച് ഒരു ദോശ റെസ്റ്റാറന്റ് ആരംഭിച്ചതിന്റെയും, വെല്ലുവിളികളെ നേരിട്ടതിന്റെയും, പാരീസില്‍നിന്ന് ലണ്ടനിലേക്കും ഇപ്പോള്‍ പുണെയിലേക്കും വ്യാപിച്ചതിന്റെ കഥ ഞങ്ങള്‍ പങ്കുവെക്കുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ആരോഗ്യകരമായ ദോശകള്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം'' -മോഹന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
മോഹന്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോള്‍ വൈറലാണ്. പ്രശംസയുമായി നിരവധിപേരാണ് രംഗത്തെത്തിയത്. മൈദകൊണ്ട് തയാറാക്കുന്ന പിസ്സക്ക് നമ്മളില്‍നിന്ന് ഈടാക്കുന്നതുപോലെ, ഒരു ദോശക്ക് 800 രൂപ വാങ്ങണമെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. 'ഇയാളുടെ ചിന്താഗതി കണ്ട് അതിശയിച്ചുപോയി! ഇന്ത്യയുടെ ആരോഗ്യകരമായ ഭക്ഷണം ലോകവുമായി പങ്കുവെച്ചതില്‍ വലിയ ബഹുമാനമുണ്ട്' -മറ്റൊരാള്‍ കമന്റ് ചെയ്തു. 'നിന്നില്‍ അഭിമാനിക്കുന്നു സഹോദരാ, നീ നിന്റെ സ്വപ്നത്തോടൊപ്പം ജീവിക്കുന്നു. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ' -എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
2023ലാണ് മോഹന്‍ ദോശമാ ആരംഭിച്ചത്. ഇപ്പോള്‍ മാനേജിങ് ഡയറക്ടറാണ്. ബ്രാന്‍ഡിന്റെ ഇന്‍സ്റ്റഗ്രാം പേജിലുള്ള വിഡിയോയില്‍ മോഹന്‍ ദോശ ഉണ്ടാക്കുന്നത് കാണിക്കുന്നു, ഇത് ചെയ്യാന്‍ വേണ്ടിയാണ് താന്‍ ജര്‍മനിയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാരിസില്‍ സ്‌കോളര്‍ഷിപ്പോടെ പഠിച്ച മോഹന്‍ പിന്നീട് നല്ല ശമ്പളമുള്ള ജോലികള്‍ നേടി. എന്നാല്‍ അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കണമെന്ന അതിയായ ആഗ്രഹത്തിന്റെ ഫലമായാണ് ദോശമാ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.
പുറമേനിന്ന് നോക്കുമ്പോള്‍ ഈ തീരുമാനം എളുപ്പമായി തോന്നുമെങ്കിലും, യാഥാര്‍ഥ്യത്തെ മോഹന്‍ മറയ്ക്കുന്നില്ല. ആ മാറ്റം അവിശ്വസനീയമാംവിധം കഠിനമായിരുന്നുവെന്നും, ഉറക്കമില്ലാത്ത രാത്രികള്‍, ക്ഷീണം, നിരന്തരമായ പ്രവര്‍ത്തന വെല്ലുവിളികള്‍ എന്നിവ നിറഞ്ഞതാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ സ്ഥിരോത്സാഹം ഫലം കണ്ടു. ദോശമാ ഇപ്പോള്‍ ആഗോള ബ്രാന്‍ഡാണ്.
