കേന്ദ്ര സര്‍ക്കാര്‍ കടുപ്പിച്ചതോടെ യാത്രക്കാര്‍ക്ക് 610 കോടി റീഫണ്ട് നല്‍കി; 3,000 ത്തോളം ലഗേജുകളും ഉടമകള്‍ക്ക് കൈമാറി; 1650-ലേറെ വിമാനസര്‍വീസുകള്‍ ഇന്ന് നടത്തിയെന്നും ഇന്‍ഡിഗോ; സ്ഥിതി മെച്ചപ്പെടുന്നു; പത്താം തീയതിയോടെ സാധാരണ നിലയിലാകുമെന്ന് വിമാന കമ്പനി
ന്യൂഡല്‍ഹി: ഒരാഴ്ചയോളം നീണ്ട പ്രതിസന്ധികള്‍ക്കുശേഷം ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ സാധാരണനിലയിലേക്ക്. തങ്ങളുടെ വിമാനസര്‍വീസുകളില്‍ ഭൂരിഭാഗവും പുനഃസ്ഥാപിച്ചതായും ഞായറാഴ്ച 1650-ലേറെ വിമാനസര്‍വീസുകള്‍ നടത്തുമെന്നും ഇന്‍ഡിഗോ അറിയിച്ചു. അതേ സമയം യാത്രക്കാര്‍ക്ക് തിരികെ നല്‍കാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരിച്ച് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അന്തിമ നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഇന്‍ഡിഗോ റീഫണ്ട് നടപടികള്‍ വേഗത്തിലാക്കിയത്. ഇതുവരെ യാത്രക്കാര്‍ക്ക് ആകെ 610 കോടി രൂപയുടെ റീഫണ്ട് അനുവദിച്ചതായും 3,000-ത്തോളം ലഗേജുകള്‍ ഉടമകള്‍ക്ക് കൈമാറിയതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.
സാധാരണയായി പ്രതിദിനം ഏകദേശം 2,300 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, ശനിയാഴ്ച 1,500-ലധികം സര്‍വീസുകളാണ് നടത്തിയത്. ഞായറാഴ്ച ഇത് 1,650 സര്‍വീസുകളായി ഉയര്‍ത്തി. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കുന്ന വിവരം നേരത്തെ പ്രഖ്യാപിച്ചത് വഴി, യാത്രക്കാര്‍ അനാവശ്യമായി വിമാനത്താവളങ്ങളില്‍ എത്തുന്നത് തടയാന്‍ സഹായിച്ചുവെന്ന് ഇന്‍ഡിഗോ സിഇഒ ചൂണ്ടിക്കാട്ടി. ഡിസംബര്‍ 10 ഓടെ പൂര്‍ണ്ണമായ നെറ്റ്വര്‍ക്ക് സാധാരണ നിലയിലാകുമെന്നാണ് ഇന്‍ഡിഗോ പ്രതീക്ഷിക്കുന്നത്.
വെള്ളിയാഴ്ച 706 വിമാനസര്‍വീസുകള്‍ മാത്രമാണ് ഇന്‍ഡിഗോയ്ക്ക് നടത്താനായത്. ശനിയാഴ്ച ഇത് 1565 ആയി. ഞായറാഴ്ച 1650 ഓളം സര്‍വീസുകള്‍ നടത്താനാകുമെന്നാണ് ഇന്‍ഡിഗോയുടെ അവകാശവാദം. ദിവസവും ഏകദേശം 2300 വിമാനസര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്കുള്ളത്.
ഇന്‍ഡിഗോയുടെ 'ഓണ്‍ടൈം പെര്‍ഫോമന്‍സ്' ഇന്ന് 75 ശതമാനമാണെന്നും കമ്പനി പറഞ്ഞു. കഴിഞ്ഞദിവസം ഇത് 30 ശതമാനമായിരുന്നു. ഡിസംബര്‍ 15 വരെയുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ പൂര്‍ണമായ ഇളവ് നല്‍കുമെന്നും കമ്പനി അറിയിച്ചു. റീഫണ്ട് നടപടികളും ബാഗേജ് തിരികെനല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്‍ഡിഗോയുടെ ആയിരക്കണക്കിന് സര്‍വീസുകളാണ് രാജ്യവ്യാപകമായി തടസപ്പെട്ടത്. നിരവധി വിമാനസര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ റദ്ദാക്കിയിരുന്നു. ഒട്ടേറെ സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകുകയുംചെയ്തു. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിട്ടതാണ് ഇന്‍ഡിഗോയ്ക്ക് പ്രതിസന്ധിയായത്. സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞതോടെ പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാനുള്ള പുതിയ ഡ്യൂട്ടി ചട്ടമായ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതില്‍ ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവ് നല്‍കിയിരുന്നു.
അതിനിടെ, പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ചുള്ള പുതിയ ചട്ടങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ വീഴ്ചവരുത്തിയതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ മറുപടിനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിസിഎ ഇന്‍ഡിഗോ സിഇഒയ്ക്ക് നോട്ടീസ് നല്‍കിയത്.
ഡിസംബര്‍ 15 വരെ റദ്ദാക്കുന്ന എല്ലാ സര്‍വിസുകള്‍ക്കും മുഴുവന്‍ റീഫണ്ട് നല്‍കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. സര്‍വിസുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ പരിശ്രമിക്കുകയാണെന്നും സഹകരിക്കണമെന്നും ഇന്‍ഡിഗോ അഭ്യര്‍ഥിച്ചു. ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാര്‍ക്ക് താമസസൗകര്യം ഒരുക്കും. വിമാനത്താവളങ്ങളില്‍ കാത്തിരിക്കുന്നവര്‍ക്കു ഭക്ഷണം നല്‍കും. സാധ്യമായ സ്ഥലങ്ങളിലെല്ലാം ലോഞ്ച് ആക്‌സസ് നല്‍കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.
പ്രതിസന്ധിക്ക് കാരണം
ഡിജിസിഎയുടെ പുതിയ ചട്ടങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇന്‍ഡിഗോ സര്‍വീസുകള്‍ മുടങ്ങാന്‍ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് നേരിടുന്നത്. രാജ്യത്തുടനീളം വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് ഇത്. ഈ ചട്ടങ്ങള്‍ നടപ്പാക്കാന്‍ രണ്ടു വര്‍ഷം കേന്ദ്രം സാവകാശം കൊടുത്തിരുന്നു. പ്രതിസന്ധി കണക്കിലെടുത്ത് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട ഡിജിസിഎയുടെ ഉത്തരവു പൂര്‍ണമായും മരവിപ്പിച്ചിട്ടില്ല
കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക്
യാത്രാവിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെയുള്ള വിമര്‍ശനം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് കടക്കുമെന്നതിന്റെ സൂചനകളും നല്‍കിയിട്ടുണ്ട്. വിമാനക്കമ്പനിക്കെതിരെ നടപടിക്ക് നീക്കം തുടങ്ങിയ കേന്ദ്രം, വിമാന ടിക്കറ്റുകള്‍ക്ക് പരമാവധി വില പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി മുതലെടുത്ത് അമിത നിരക്ക് ഈടാക്കിയ മറ്റ് വിമാനക്കമ്പനികള്‍ക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം നോട്ടീസ് നല്‍കി.
ഇന്‍ഡിഗോയുടെ പ്രതിസന്ധി കാരണം വിപണിയില്‍ സീറ്റുകളുടെ കുറവ് ഉണ്ടായ സാഹചര്യത്തില്‍, മറ്റ് എയര്‍ലൈനുകള്‍ ടിക്കറ്റിന് അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയാന്‍, ദുരിതബാധിതമായ എല്ലാ റൂട്ടുകളിലും ന്യായമായ നിരക്കുകള്‍ ഉറപ്പാക്കുന്നതിനായി വിമാന നിരക്കുകള്‍ക്ക് താല്‍ക്കാലിക പരിധി ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് എല്ലാ എയര്‍ലൈനുകള്‍ക്കും ഔദ്യോഗിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
