സുരക്ഷാ മുന്‍കരുതലുകളില്ലാതെ നടത്തിയ ഫയര്‍ ഷോ; തീപടര്‍ന്നത് പടക്കം പൊട്ടിച്ചപ്പോഴെന്ന് നിഗമനം; നിശാക്ലബ് നടത്തിപ്പുകാരായ നാലുപേര്‍ അറസ്റ്റില്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍

Update: 2025-12-07 16:30 GMT

ന്യൂഡല്‍ഹി: ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍. 25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ക്ലബ് മാനേജറെയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ മുന്‍കരുതലുകളില്ലാതെ നടത്തിയ ഫയര്‍ ഷോ ആണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. റോമിയോ ലേനിന്റെ കീഴിലുള്ള മറ്റു ക്ലബ്ബുകള്‍ സീല്‍ ചെയ്തതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഇത്തരത്തിലുള്ള നിയമപരമല്ലാത്ത ക്ലബ്ബുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ ക്ലബ്ബിലെ ചീഫ് ജനറല്‍ മാനേജര്‍ രാജീവ് മോദക്, ജനറല്‍ മാനേജര്‍ വിവേക് സിങ്, ബാര്‍ മാനേജര്‍ രാജീവ് സിങ്ഹാനിയ, ഗേറ്റ് മാനേജര്‍ പ്രിയാന്‍ഷു ഠാക്കൂര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്ലബ്ബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി പറഞ്ഞു.

പരിപാടി നടക്കുന്നിടത്ത് പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. താഴെയുള്ള ഭാഗത്തായിരുന്നു അടുക്കള ഉണ്ടായിരുന്നത്. ഡിജെ പാര്‍ട്ടി നടക്കുന്നിടത്തുണ്ടായ തീപ്പിടിച്ചതിനു പിന്നാലെ ചിലര്‍ അടുക്കളയിലേക്ക് ഓടി. അവര്‍ അവിടെ കുടുങ്ങുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

'പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നും സംഭവം. നൂറോളം പേരായിരുന്നു അവിടെ ഉണ്ടായിരുന്നത്. പെട്ടെന്നാണ് തീപ്പിടിത്തം ഉണ്ടാകുന്നത്. പിന്നാലെ ആളുകള്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. സഞ്ചാരികളില്‍ ചിലര്‍ താഴെയുള്ള അടുക്കളയിലേക്ക് പോയി. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ക്ലബ്ബിനെ തീ വിഴുങ്ങി', ദൃക്‌സാക്ഷിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

25 പേരുടെ ജീവനാണ് അപകടത്തില്‍പൊലിഞ്ഞത്. മരിച്ചവരില്‍ 14 ജീവനക്കാരും നാല് വിനോദ സഞ്ചാരികളും ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നു. ശേഷിക്കുന്ന ഏഴ് പേര്‍ ആരൊക്കെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

പലരുടേയും മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഗോവ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News