നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ മെമ്മറി കാര്‍ഡ് മാഡത്തിന് കൈമാറിയെന്ന മൊഴി; ആ വീഡിയോ ദിലീപ് വീട്ടിലിരുന്നു കണ്ടു? അന്വേഷണ സംഘത്തിന് പിടിതരാതിരുന്ന ആ 'മാഡം' ആര്? കാവ്യ മാധവനെന്ന് പള്‍സര്‍; അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കവും; എല്ലാം അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമോ? നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ 'ദിലീപ്-കാവ്യ ബന്ധം'

Update: 2025-12-07 17:04 GMT

കൊച്ചി: യുവനടിയെ ഓടുന്ന വാഹനത്തില്‍ ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വിചാരണയ്ക്കൊടുവില്‍ നാളെ നിര്‍ണായക വിധി വരാനിരിക്കെ എട്ടാംപ്രതിയായ നടന്‍ ദിലീപിനെ എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയിലാണ് സിനിമ ലോകം. സംഭവം നടന്ന് എട്ടര വര്‍ഷത്തിനുശേഷമാണ് വിധി പ്രഖ്യാപിക്കാന്‍ പോകുന്നത്. പെരുമ്പാവൂര്‍ സ്വദേശി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. ദിലീപ് അടക്കം 10 പ്രതികളുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലെ പ്രധാന കാരണം 'ദിലീപ്-കാവ്യ ബന്ധം' ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. കാവ്യ മാധവനുമായി ദിലീപിനുള്ള ബന്ധം നടി മഞ്ജു വാര്യറോട് പറഞ്ഞത് ക്വട്ടേഷനിലേക്ക് നയിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ചുള്ള വ്യക്തമായ ചില തെളിവുകളും അന്വേഷണം സംഘം കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായതോടെ കാവ്യാ മാധവന്റെ പേരും പലപ്പോഴും അന്വേഷണ പരിധിയില്‍ വന്നിരുന്നു. ഒരു ഘട്ടത്തില്‍ കാവ്യയേയും കേസില്‍ പ്രതിചേര്‍ത്തേക്കുമെന്ന തരത്തിലുള്ള പ്രചരണവും ശക്തമായിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പിടിയിലാകുന്നതിന് മുന്‍പ് മാഡത്തിന് കൈമാറി എന്ന മൊഴി പള്‍സര്‍ സുനി പൊലീസിന് നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥാപനത്തില്‍ റെയിഡ് നടത്തുകയും ചെയ്തു. ഇതോടെ 'മാഡം' കാവ്യാ മാധവനാണെന്ന അഭ്യൂഹം ശക്തമായെങ്കിലും ആ 'മാഡം' ആരാണെന്ന് ഇപ്പോഴും അജ്ഞാതമാണ്.

ആസൂത്രിത ആക്രമണം

2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, വടിവാള്‍ സലിം (എച്ച്.സലിം), പ്രദീപ്, ചാര്‍ലി തോമസ് എന്നിവരാണ് രണ്ടുമുതല്‍ ഏഴുവരെ പ്രതികള്‍. മേസ്ത്രി സനിലാണ് (സനില്‍കുമാര്‍) ഒമ്പതാംപ്രതി. രണ്ടാം കുറ്റപത്രത്തില്‍ ദിലീപിന്റെ സൃഹൃത്തായ വി.ഐ.പി ശരത് എന്ന ശരത്‌നായരെയും പ്രതിചേര്‍ത്തിരുന്നു.2017 ജൂലായ് 10ന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബര്‍ മൂന്നിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീര്‍ഘനാള്‍ ജയിലില്‍ കഴിഞ്ഞ പള്‍സര്‍ സുനിക്ക് 2024 സെപ്തംബറില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. കൂട്ടമാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്‌ളീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നിവയില്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍

കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവുകളില്‍ ഒന്ന് അന്തരിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു. അന്ന് കൃത്യം നടത്തിയതിന് ശേഷം പള്‍സര്‍ സുനി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയെന്ന വെളിപ്പെടുത്തലാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. ഇതില്‍ പ്രധാന സാക്ഷി കൂടിയായി അദ്ദേഹം മാറി.

കേസില്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്.'നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് ടിവിയിലൂടെയാണ് കണ്ടത്. അന്ന് ഇക്കാര്യം ദിലീപിനെ വിളിച്ച് ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്ന കളവാണ് പറഞ്ഞത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായതോടെ തന്നെ കാണണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവിടെ എത്തി. പള്‍സര്‍ സുനിയെ കണ്ടെന്ന് ആരോടും വെളിപ്പെടുത്തരുതെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടു. പള്‍സര്‍ സുനിയെ കണ്ട കാര്യം താന്‍ പറയില്ലെന്ന് ഉറപ്പ് ലഭിക്കുന്നത് വരെ കാവ്യാ മാധവന്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്നു. ഇത് കാവ്യ തന്നെയാണ് പറഞ്ഞത്'- ബാലചന്ദ്രകുമാര്‍ അന്ന് വെളിപ്പെടുത്തി.

പള്‍സര്‍ സുനി ദിലീപിനെ കണ്ട കാര്യം ആരോടും പറയരുതെന്നും അത് ജാമ്യം ലഭിക്കാന്‍ തടസമാകുമെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചത് ദിലീപിന്റെ സഹോദരന്‍, സഹോദരി ഭര്‍ത്താവ്, കാവ്യ എന്നിവരാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഒടുവില്‍ ജാമ്യം ലഭിച്ചപ്പോള്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ അപായപ്പെടുത്താനുള്ള ഗൂഡാലോചന നടത്തി ജാമ്യം ലഭിച്ച് വീട്ടിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപ് സ്വന്തം വീട്ടിലിരുന്നു കണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകളും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയും കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ ചേദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സഹോദരി ഭര്‍ത്താവ് സുരജിന്റെ ഫോണില്‍ നിന്ന് ലഭിച്ച ഓഡിയോ ക്ലിപ്പിലും പൊലീസിന് വ്യക്തത വേണ്ടിയിരുന്നു. കാവ്യ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്ന് സുരജ് പറയുന്നതായിരുന്നു ഓഡിയോ ക്ലിപ്പിലുണ്ടായിരുന്നത്.

ആ മാഡം കാവ്യ മാധവനെന്ന് പള്‍സര്‍

മാഡം ഒരു സിനിമ നടിയാണെന്നായിരുന്നു 2017 ആഗസ്റ്റില്‍ പള്‍സര്‍ സുനി നടത്തിയ പ്രതികരണം. അടുത്ത ദിവസം തന്നെ പേര് മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്നും അദ്ദേഹം അന്ന് പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം 2018 മെയ് മാസത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യ മാധവനാണെന്ന് പള്‍സര്‍ സുനി ആദ്യമായി അവകാശപ്പെടുന്നത്. മാഡം പരാമര്‍ശം സാങ്കല്‍പ്പികമാണെന്ന പോലീസ് നിലപാട് തള്ളിക്കൊണ്ട്, കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോടായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം.

യഥാര്‍ത്ഥത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡം എന്നൊരാള്‍ ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തുന്നത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ്. കേസിന്റെ ആവശ്യത്തിനായി തന്നെ വന്ന് കണ്ടവരാണ് ഒരു മാഡത്തെക്കുറിച്ച് പറഞ്ഞതെന്നായിരുന്നു ഫെനിയുടെ മൊഴി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു മാഡം സിനിമ മേഖലയില്‍ നിന്നുള്ള വ്യക്തിയാണെന്ന പള്‍സര്‍ സുനിയുടെ പ്രതികരണം. എന്നാല്‍ മാഡം എന്നൊരാള്‍ ഇല്ലെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കമെന്നുമാണ് പൊലീസ് നിലപാട്.

അന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യയെ പലതവണ ചോദ്യം ചെയ്യുകയുമുണ്ടായി. അപ്പോഴൊക്കെ പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു നടിയുടെ വാദം. എന്നാല്‍ കാവ്യാ മാധവനുമായി തനിക്ക് പരിചയമുണ്ടെന്ന് പള്‍സര്‍ സുനി തുറന്ന് പറഞ്ഞു. 'തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല. കാവ്യക്ക് താനുമായി പരിചയമുണ്ട്. പലപ്പോഴും പണം തന്നിട്ടുണ്ട്' കുന്ദംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന ഘട്ടത്തില്‍ പള്‍സര്‍ സുനി പറഞ്ഞു.

അറസ്റ്റ് ഭയന്ന കാവ്യ മാധവന്‍

അന്വേഷണം പുരോഗമിക്കുന്നതിനിടെ തുടക്കത്തില്‍ കാവ്യ മാധവന്‍ അറസ്റ്റ് ഭയന്നിരുന്നു. ഇതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കവും കാവ്യയുടെ ഭാഗത്ത് നിന്നുണ്ടായി. സുനിയുടെ മൊഴി അടിസ്ഥാനമാക്കി മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമമുണ്ടെന്നും അത് താനാണെന്ന് വരുത്തി തീര്‍ക്കാനാണ് നീക്കമെന്നും കാണിച്ചായിരുന്നു കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

നടിയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് അന്വേഷണം സംഘം അറിയിച്ചതിനെ തുടര്‍ന്ന് കാവ്യ മാധവന് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു. അന്വേഷണത്തിന്റെ അവസാന ഘട്ടം വരേയും കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം നടന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. ഇതോടെ കാവ്യ മാധവന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടുമില്ല.

Similar News