ദിലീപിനേയും വഹിച്ചുകൊണ്ടുള്ള വാഹനത്തിന് പിന്നാലെ പാഞ്ഞ് റിപ്പോര്‍ട്ടറിന്റെ ഹെലികാം! ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ യാത്രാ വഴി വേണ്ടെന്ന് വച്ച് ചാനലുകള്‍ പിന്തുടര്‍ന്നത് ദിലീപിനെ; വീട്ടിനെ ആകാശ കാഴ്ചയിലൂടെ കീഴടക്കിയ ചാനലുകള്‍ക്ക് എന്നിട്ടും നടന്റെ മുഖം പകര്‍ത്താനായില്ല; കുട ചൂടി ക്യാമറയെ വെട്ടിച്ച് പഴയ 'ജനപ്രിയ നായകന്‍'; ഏഷ്യാനെറ്റ് ന്യൂസ് അടക്കം മുഖം പകര്‍ത്തി; വെള്ള ഷര്‍ട്ടിലെ ആ യാത്ര കേരളം കണ്ടു; മോളിവുഡ് ആകാംഷയില്‍
കൊച്ചി: നഗരമധ്യത്തില്‍ ഓടിയ വാഹനത്തിലായിരുന്നു നടിയെ ആക്രമിച്ചത്. ഇപ്പോള്‍ എട്ടു കൊല്ലത്തിന് ശേഷം ദിലീപിന്റെ പിറകെയാണ് ചാനലുകള്‍. ഹെലിക്യാമില്‍ വരെ ദിലീപിനെ പിന്തുടര്‍ന്നു. ദിലീപിന്റെ വീട്ടിനെ ആകെ ഹെിലക്യാമിലാക്കി ചാനലുകള്‍. ദിലീപ് വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ പകര്‍ത്താനായിരുന്നു ഇത്. എന്നാല്‍ കുട ചൂടിയായിരുന്നു ദിലീപ് കാറില്‍ കയറിയത്. ആര്‍ക്കും ആ ഹെലിക്യാമില്‍ മുഖം പകര്‍ത്താനായില്ല. എന്നാല്‍ പുറത്തേക്ക് വന്ന കാറില്‍ വെള്ള ഷര്‍ട്ടിട്ട ദിലീപിന്റെ മുഖം ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറയില്‍ കിട്ടി. ഇതിനൊപ്പം മാതൃഭൂമി ന്യൂസ് ചാനലിനും മുഖം കിട്ടി. പിന്നാലെ ആകാശ ദൃശ്യങ്ങളുമായി ചനാലുകളും. മലയാള സിനിമയാകെ പ്രതിസന്ധിയിലാണ്. ഈ വിധി സിനിമയെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ആകാംഷ മോളിവുഡിലുമുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള പ്രധാന നടന്മാരും തല്‍സമയം ഈ കേസിനെ വീക്ഷിക്കുന്നുണ്ട്. തന്നെ കുറ്റവിമുക്തനാക്കുമെന്നാണ് ദിലീപ് പങ്കുവയ്ക്കുന്ന പ്രതീക്ഷ.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി ഇന്നുണ്ടാകും എന്ന പ്രതീക്ഷയിലാണ് കേരളം. വിഷയത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട് എന്ന് ആദ്യം വെളിപ്പെടുത്തിയത് നടി മഞ്ജുവാര്യരായിരുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വെളിപ്പെടുത്തല്‍. ഇതോടെയാണ് അന്വേഷണത്തിന്റെ ഗതി മാറുന്നത്. 2017 ഫെബ്രുവരി 17നാണ് മലയാളത്തിന്റെ മുന്‍നിര നായികമാരില്‍ ഒരാളായ ഒരു യുവനടി കാറിനുള്ളില്‍ ആക്രമിക്കപ്പെടുന്നത്. 17ന് രാത്രി തന്നെ നടി പൊലീസില്‍ പരാതിപ്പെട്ടു. 18ന് നടിയുടെ വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി പൊലീസ് കസ്റ്റഡിയിലായി. പിന്നാലെ സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയാണ് മുഖ്യപ്രതിയെന്ന് വ്യക്തമാകുന്നു. ഫെബ്രുവരി 19,20,21 തിയതികളില്‍ ഓരോ ആളുകളായി അറസ്റ്റിലായി. ഫെബ്രിവരി 20നായിരുന്നു നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയില്‍ പ്രതിഷേധയോഗം നടന്നത്. ഇതിന് ശേഷം സിനിമ മേഖലയിലെ പ്രമുഖരിലേക്കും അന്വേഷണം നീണ്ടു. ഇതോടെ മലയാള സിനിമ പ്രതിസന്ധിയിലായി. ദിലീപിനെ താര സംഘടനയില്‍ നിന്നും പുറത്താക്കി.
സംഭവം നടന്ന് 5 മാസങ്ങള്‍ക്കിപ്പുറം, ദിലീപ് അറസ്റ്റിലായി. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നും, ഗൂഢാലോചന 2013-ല്‍ തുടങ്ങിയെന്നുമായിരുന്നു പൊലീസിന്റെ നിഗമനം. ദിലീപ് 85 ദിവസം ആലുവ സബ് ജയിലില്‍ കഴിഞ്ഞു. ദിലീപ് ഉള്‍പ്പെടെ 10 പ്രതികളാണ് കേസിലുള്ളത്. പള്‍സര്‍ സുനി ആണ് ഒന്നാം പ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍( തമ്മനം മണികണ്ഠന്‍), വി പി വിജീഷ്, എച്ച് സലീം (വടിവാള്‍ സലീം), പ്രദീപ്, ചാര്‍ളി തോമസ് എന്നിവരാണ് രണ്ടു മുതല്‍ ഏഴുവരെ പ്രതികള്‍. ദിലീപ് എട്ടാം പ്രതിയാണ്. സനില്‍കുമാര്‍ (മേസ്തിരി സനില്‍) ഒമ്പതാം പ്രതിയും ദിലീപിന്റെ സുഹൃത്ത് ജി ശരത് പത്താം പ്രതിയുമാണ്. ഡിവൈഎസ്പി ബൈജു പൗലോസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം പത്തു പ്രതികള്‍ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നതടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന നടന്‍ ദിലീപിന്റെ കാര്യത്തിലടക്കം കോടതി എന്ത് നിലപാടെടുക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നത്.
ആറുവര്‍ഷം നീണ്ട രഹസ്യ വിചാരണയുടെ സുപ്രധാന വിവരങ്ങളടക്കം ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. 2012 മുതല്‍ നടന്‍ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി തന്നെ കോടതിയെ അറിയിച്ചത്. തന്നെ അറിയില്ലെന്ന എട്ടാം പ്രതി നടന്‍ ദിലീപിന്റെ വാദം പള്‍സര്‍ സുനി ഏറ്റവും ഒടുവില്‍ കോടതിയില്‍ തള്ളിയതും ശ്രദ്ധേയമായ സാഹചര്യത്തിലാണ് വിധി വരുന്നത്. വിചാരണക്കിടെയാണ് തങ്ങളിരുവര്‍ക്കും പരസ്പരം അറിയാമെന്ന് പള്‍സര്‍ അറിയിച്ചത്.
