വീടിന് മുകളില്‍ ചുറ്റിക്കറങ്ങിയ ഡ്രോണ്‍ ക്യാമറകളെ കുടചൂടി വെട്ടിച്ച് കാറില്‍ കോടതിയിലേക്ക് യാത്ര; കുറ്റവിമുക്തനായി ദിലീപ് ആലുവയിലെ പത്മസരോവരം വീട്ടിലെത്തുമ്പോള്‍ കേക്ക് മുറിച്ച് ആഘോഷത്തിന്റെ മൂഡില്‍ ആരാധകര്‍; മകളെ വാരിയെടുത്ത് നടന്നുകയറിയ ദിലീപിന് കാവ്യയുടെ സ്‌നേഹചുംബനം; വിളക്ക് കൊളുത്തി ആരതിയൊഴിഞ്ഞു സ്വീകരണമൊരുക്കി കുടുംബം

Update: 2025-12-08 09:56 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ നടന്‍ ദിലീപിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് കുടുംബാംഗങ്ങളും ആരാധകരും. ആലുവയിലെ പത്മസരോവരം വീട്ടില്‍ ആഘോഷത്തോടെയാണ് ദിലീപിനെ വരവേറ്റത്. രാവിലെ വീടിന് മുകളില്‍ ചുറ്റിക്കറങ്ങിയ ഡ്രോണ്‍ ക്യാമറകളെ കുടചൂടി വെട്ടിയൊഴിഞ്ഞ് കാറില്‍ കയറി കോടതിയിലേക്ക് പോയ ദിലീപ്, കുറ്റവിമുക്തനായ ആശ്വാസത്തോടെ പിരിമുറുക്കങ്ങളകന്നാണ് വീട്ടിലേക്ക് തിരികെ എത്തിയത്. ഗേറ്റ് കടന്ന് കയറി വരുമ്പോഴേക്ക് മകള്‍ ഓടിയെത്തി. മകളെ വാരിയെടുത്ത് നടന്നുകയറിയ ദിലീപിനെ കാവ്യ ചേര്‍ത്തുപിടിച്ച് ആശ്ലേഷിച്ചു. പിന്നാലെ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി അടുത്തേക്ക് എത്തി സന്തോഷം പങ്കിടുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ട ശേഷം നടന്‍ ദിലീപ്, അഭിഭാഷകന്‍ രാമന്‍ പിള്ളയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നന്ദി അറിയിച്ചിരുന്നു. തുടര്‍ന്ന് ആലുവയിലെ വീട്ടിലെത്തിയ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകളും ചേര്‍ന്ന് സ്വീകരിച്ചു, ആരാധകര്‍ വീടിന് പുറത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു. ദിലീപിനൊപ്പം അതിസന്തോഷത്തിലാണ് ആരാധകരും കുടുംബങ്ങളും. കോടതി മുറിയില്‍ വിധിയറിഞ്ഞ ശേഷം ദിലീപ് നേരെ പോയത് തന്റെ അഭിഭാഷകനായ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍ പിള്ളയെ കാണാനായിരുന്നു.

വിധി കേള്‍ക്കാന്‍ അഡ്വ രാമന്‍പിള്ള കോടതിയില്‍ എത്തിയിരുന്നില്ല. അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന അദ്ദേഹത്തെ വിധി കേട്ടതിന് പിന്നാലെ ദിലീപ് വീട്ടിലെത്തി കണ്ടു. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച ശേഷം അഭിഭാഷകന്റെ കൈ ചേര്‍ത്തുപിടിച്ച് തന്റെ നന്ദി നടന്‍ അറിയിച്ചു. കാലിന് പരിക്കേറ്റ് എളമക്കരയിലെ വീട്ടില്‍ വിശ്രമിക്കുകയാണ് അഡ്വ.രാമന്‍പിള്ള. ഇത്തരത്തില്‍ ഒരു തെളിവുമില്ലാത്ത കേസ് താന്‍ തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നാണ് ബി രാമന്‍പിള്ള പറഞ്ഞത്. തികഞ്ഞ കള്ളക്കേസ് പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ചെന്നും രാമന്‍ പിള്ള ആരോപിച്ചു.


 



അഭിഭാഷകനോട് നന്ദി പറഞ്ഞ് എളമക്കരയില്‍ നിന്ന് ആലുവയിലെ പത്മസരോവരം വീട്ടിലേക്കാണ് ദിലീപ് പോയത്. ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയ ദിലീപിനെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് ഭാര്യ കാവ്യാ മാധവനും മകളും സ്വീകരിച്ചത്. ദിലീപിന്റെയും കാവ്യയുടെയും ചിത്രം പതിച്ച കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ദിലീപ് ആരാധകര്‍ വിധിയെ സ്വാഗതം ചെയ്തത്. ആലുവയിലെ വീടിന് പുറത്ത് ആരാധകര്‍ വന്‍ സ്വീകരണം താരത്തിനൊരുക്കിയിരുന്നു. കുടുംബാംഗങ്ങള്‍ വിളക്ക് കൊളുത്തിയാണ് വീടിനകത്തേക്ക് ദിലീപിനെ സ്വീകരിച്ചത്.

ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി ദിലീപ് ഉള്‍പ്പടെയുള്ള നാലു പ്രതികളെ വെറുതേ വിട്ടത്. തന്നെ കേസില്‍ കുടുക്കാനാണ് ക്രിമിനല്‍ ഗൂഢാലോചന നടന്നതെന്നായിരുന്നു കോടതി വിധിക്ക് പിന്നാലെ ദിലീപിന്റെ പ്രതികരണം. മുന്‍ഭാര്യയായ മഞ്ജുവിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളും ദിലീപ് ഉന്നയിച്ചു. ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മഞ്ജുവാണ് ആദ്യം ക്രിമിനല്‍ ഗൂഢാലോചനയെന്ന വാക്ക് ഉപയോഗിച്ചത്. ഇതിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും ഒരു സംഘം പൊലീസുകാരും തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നുവെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഈ കഥകള്‍ പ്രചരിപ്പിച്ചുവെന്നും തന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.


 



അതേസമയം, സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനമെടുത്തുവെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും മന്ത്രി പി.രാജീവും പറഞ്ഞു. നിരാശാജനകമായ വിധിയെന്നും അപ്രതീക്ഷിതമല്ലെന്നുമായിരുന്നു ബീനാപോളിന്റെ പ്രതികരണം. അന്തിമ വിധിവരെ അതിജീവിതയ്‌ക്കൊപ്പം പോരാടുമെന്ന് ബി.സന്ധ്യയും പ്രതികരിച്ചു. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്ന് താരസംഘടനയായ അമ്മയും ദിലീപിനെ വിട്ടയച്ചതില്‍ സന്തോഷമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രതികരിച്ചു. എന്നാല്‍ എന്നെന്നും അവള്‍ക്കൊപ്പമെന്നായിരുന്നു അതിജീവിതയുടെ സുഹൃത്തുക്കളായ പാര്‍വതി,റിമ, രമ്യാ നമ്പീശന്‍ എന്നിവരുടെ പ്രതികരണം.

Tags:    

Similar News