'ദിലീപിന് നീതി ലഭ്യമായി; സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് വേറെ പണിയില്ലാത്തതിനാലെന്ന് അടൂര്‍ പ്രകാശ്; അതിജീവിതയ്ക്ക് അപ്പീല്‍ പോകാമെന്ന് മുരളീധരന്‍; കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല; അടൂര്‍ പ്രകാശിന്റേത് അവരുടെ പാര്‍ട്ടിയുടെ അഭിപ്രായം ആയിരിക്കുമെന്ന് വി ശിവന്‍കുട്ടി; വോട്ടെടുപ്പ് ദിനത്തിലും ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതികരിച്ച് നേതാക്കള്‍

Update: 2025-12-09 05:17 GMT

പത്തനംതിട്ട: വോട്ടെടുപ്പ് ദിനത്തിലും നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതികരിച്ച് നേതാക്കള്‍. കേസില്‍ നടന്‍ ദിലീപിന് നീതി ലഭ്യമായെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചപ്പോള്‍ കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട് അതിനാല്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്. 'നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍. എന്നാല്‍, നീതി എല്ലാവര്‍ക്കും വേണം. ദിലീപിന് നീതി ലഭ്യമായി. കലാകാരന്‍ എന്നതിനേക്കാളപ്പുറം നേരിട്ട് ബന്ധമുള്ളയാളാണ്. ദിലീപിന് കോടതി തന്നെയാണ് നീതി നല്‍കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. വേറെ ഒരു പണിയും ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ അപ്പീലിന് പോകും. ആരെയൊക്കെ ഉപദ്രവിക്കാം എന്ന് ചിന്തിക്കുന്ന സര്‍ക്കാരാണ്. എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുന്ന സര്‍ക്കാരാണ് ഇവിടെ ഉള്ളത്' - അടൂര്‍ പ്രകാശ് പറഞ്ഞു.

ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കില്‍ അപ്പീല്‍ പോകാമെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവര്‍ക്കും പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ വിധി പൂര്‍ണമായി വായിച്ച ശേഷം പ്രതികരിക്കാമെന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ദിലീപിന് അര്‍ഹമായ നീതി കിട്ടിയെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദിലീപിനെ ദ്രേഹിക്കാനെന്നുമുള്ള അടൂര്‍ പ്രകാശിന്റെ പ്രതികരണം ചെന്നിത്തല തള്ളി. അടൂര്‍ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമാണെന്നും. കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമല്ല. അതിജീവതയ്ക്ക് ഒപ്പം തന്നെയാണെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.

അടൂര്‍ പ്രകാശിന്റെ അഭിപ്രായമല്ല ഇടതുപക്ഷത്തിന്റേതെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. അടൂര്‍ പ്രകാശിന്റെ അഭിപ്രായം അവരുടെ പാര്‍ട്ടിയുടെ അഭിപ്രായം ആയിരിക്കും. പക്ഷേ സര്‍ക്കാര്‍ ഈ കേസില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. അതിജീവിതയ്‌ക്കൊപ്പമാണ് അന്നും ഇന്നും എന്നും. അടൂര്‍ പ്രകാശിന്റെ അഭിപ്രായം ശരിയാണോയെന്ന് ജനം തീരുമാനിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് രേപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News