'ഐ ലവ് യൂ; നീ എന്റേതാണ്... പണമല്ല, നീ കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല'; എങ്കില്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് സഹായിക്കാത്തത്? ഇരട്ടി തിരികെ നല്‍കാം, ഞാന്‍ വാഗ്ദാനം ചെയ്യുന്നു'; വിവാഹവാഗ്ദാനം നല്‍കി സ്വത്ത് തട്ടിയെടുത്തു; ഡിഎസ്പിക്കെതിരേ പരാതിയുമായി വ്യവസായിയും ഭാര്യയും; കേസെടുക്കാതെ പൊലീസ്
റായ്പൂര്‍: റായ്പൂരിലെ ഡിഎസ്പി കല്‍പന വര്‍മ തന്നെ പ്രണയബന്ധത്തില്‍ കുരുക്കി വിവാഹ വാഗ്ദാനം നല്‍കി രണ്ട് കോടിയിലധികം രൂപയും തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലും കൈവശപ്പെടുത്തി വഞ്ചിച്ചുവെന്ന പ്രമുഖ വ്യവസായിയുടെ പരാതി. പ്രമുഖ വ്യവസായി ദീപക് ടണ്ഠണും ഭാര്യ ബര്‍ഖ ടണ്ഠനുമാണ് പരാതി നല്‍കിയത്. ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠണ്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഡിഎസ്പി കല്‍പ്പനയ്ക്കെതിരെ ദീപക് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നും, തന്റെ ഉടമസ്ഥതയിലുള്ള ഒരു ഹോട്ടല്‍ ഉദ്യോഗസ്ഥ കൈവശപ്പെടുത്തിയെന്നും ദീപക് ആരോപിക്കുന്നു.
2017 ബാച്ചില്‍പ്പെട്ട ഡിഎസ്പി കല്‍പന വര്‍മ്മയ്ക്കെതിരെ കൈക്കൂലി, ബ്ലാക്ക് മെയിലിംഗ്, വഞ്ചന, വൈകാരിക ചൂഷണം എന്നീ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ദന്തേവാഡയില്‍ ജോലി ചെയ്യുന്ന ഡി.എസ്.പി. കല്‍പ്പന വെര്‍മ്മയെ 2021-ലാണ് ദീപക് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടുപ്പത്തിലായി. തന്നെ പ്രണയബന്ധത്തില്‍ കുടുക്കിയ ഡി.എസ്.പി. തുടര്‍ച്ചയായി പണവും വിലകൂടിയ സമ്മാനങ്ങളും ആവശ്യപ്പെടാന്‍ തുടങ്ങിയെന്ന് ദീപക് ടണ്ഠണ്‍ പരാതിയില്‍ പറയുന്നു. സാമ്പത്തിക ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍, കല്‍പ്പന വര്‍മ്മ കള്ളക്കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വ്യവസായി ആരോപിച്ചു.
താനും ഡിഎസ്പി കല്‍പനയും 2021-ല്‍ കണ്ടുമുട്ടുകയും അടുത്തിടപഴകുകയും ചെയ്തു. നാല് വര്‍ഷത്തോളം, 'വിവാഹ വാഗ്ദാനം' നല്‍കി അവര്‍ തന്നെ വലയിലാക്കിയതായി അദ്ദേഹം ആരോപിക്കുന്നു. ഈ കാലയളവില്‍, കല്‍പ്പന പണമായി 2 കോടിയിലേറെ രൂപ, 12 ലക്ഷം രൂപയുടെ വജ്ര മോതിരം, 5 ലക്ഷത്തില്‍ അധികം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍, 1 ലക്ഷം രൂപയുടെ ബ്രേസ്ലെറ്റ്, ഇന്നോവ ക്രിസ്റ്റ എന്നിവ തട്ടിയെടുത്തുവെന്ന് ആരോപിച്ചു.
കൂടാതെ റായ്പൂരിലെ വിഐപി റോഡിലുള്ള തന്റെ ഒരു ഹോട്ടല്‍ സഹോദരന് കൈമാറാന്‍ ഡിഎസ്പി തന്നെ നിര്‍ബന്ധിച്ചതായും, പിന്നീട് സഹോദരന്‍ അത് കല്‍പനയുടെ പേരില്‍ മാറ്റിയതായും ദീപക് ടണ്ഠന്‍ ആരോപിക്കുന്നു. ദീപക് ടണ്ഠന്റെ ഭാര്യ ബര്‍ഖ ടണ്ഠനും കേസില്‍ പരാതിക്കാരിയാണ്. ബര്‍ഖ ടണ്ഠനെ വിവാഹമോചനം ചെയ്താല്‍ കല്‍പന വര്‍മ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കിയതായി ദീപക് ടണ്ഠന്‍ ആരോപിച്ചു.
ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരു ചാറ്റില്‍, ദീപക് ദന്തേവാഡയിലേക്ക് വരുന്നുണ്ടോ എന്ന് ഡിഎസ്പി ചോദിക്കുന്നതും, 'ഐ ലവ് യൂ' എന്ന് പറഞ്ഞ് ഉടന്‍ സന്ദര്‍ശിക്കാമെന്ന് വ്യവസായി മറുപടി നല്‍കുന്നതും കാണാം. ദീപക്കിന്റെ ഭാര്യ ബര്‍ഖ ടണ്ഠന്റെ പേരിലുള്ള ഒരു കാര്‍ ഡിഎസ്പി കല്‍പ്പന കൈവശം വെച്ചതായും പറയപ്പെടുന്നു. കൂടാതെ, ദീപക് സമ്മാനമായി നല്‍കിയ വജ്ര മോതിരത്തിന്റെ ചിത്രവും അതിന്റെ സര്‍ട്ടിഫിക്കറ്റും പ്രചരിക്കുന്നുണ്ട്. ചാറ്റുകളില്‍, ഡി.എസ്.പി. കല്‍പ്പന ദീപക്കിനോട് പണത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സംസാരിക്കുന്നതായി കാണാം.
മറ്റൊരു ചാറ്റില്‍ വ്യവസായി 'നീ എന്റേതാണ്... പണമല്ല, നീ കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല' എന്ന് പറയുന്നു. ഇതിന് മറുപടിയായി ഡിഎസ്പി 'എങ്കില്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് സഹായിക്കാത്തത്? ഇരട്ടി തിരികെ നല്‍കാം, ഞാന്‍ വാഗ്ദാനം ചെയ്യുന്നു' എന്ന് മറുപടി നല്‍കുന്നു. ദീപക് ഇതിനോട്, 'വേണ്ട, സുഹൃത്തേ, ഞാന്‍ നിന്നില്‍ നിന്ന് ഒന്നും വാങ്ങുകയില്ല, നിനക്ക് മാത്രം നല്‍കും' എന്നും മറുപടി നല്‍കുന്നുണ്ട്. എന്നാല്‍, പ്രചരിക്കുന്ന ഫോട്ടോകളുടെയും ചാറ്റുകളുടെയും ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതല്‍ സാമ്പത്തിക ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കള്ളക്കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വ്യവസായി പരാതിയില്‍ പറയുന്നു. ഇതിന്റെ തെളിവായി വാട്ട്‌സ്ആപ്പ് ചാറ്റുകള്‍, സിസിടിവി ദൃശ്യങ്ങള്‍, മറ്റ് ഡിജിറ്റല്‍ രേഖകള്‍ എന്നിവ ഖംര്‍ദിഹ് പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇരുപക്ഷത്തിന്റെയും മൊഴിയെടുത്തതിന് ശേഷവും, പോലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഉയര്‍ന്ന ഈ ഗുരുതരമായ ആരോപണം റായ്പൂരില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
