ഏവരും പ്രതീക്ഷിച്ചത് ആ കൂടിക്കാഴ്ച പത്ത് മിനിറ്റ് കൊണ്ട് തീരുമെന്ന്; മോദിയും അമിത് ഷായും രാഹുല്‍ ഗാന്ധിയും ഒരുമിച്ചപ്പോള്‍ ചര്‍ച്ച നീണ്ടത് ഒന്നര മണിക്കൂര്‍; പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് രാഹുലിനെ കാത്ത് നിന്ന് മടുത്ത് കോണ്‍ഗ്രസിലെ വിശ്വസ്തരും; ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നിയമനത്തില്‍ പ്രതിപക്ഷ ആവശ്യം തള്ളിയ മോദി സര്‍ക്കാരും; ശീതകാലത്തെ 'ത്രിമൂര്‍ത്തി' ചര്‍ച്ച അവസാനിച്ചത് ഇങ്ങനെ

Update: 2025-12-11 06:15 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച രാഷ്ട്രീയ കൗതുകമാകുന്നു. സാധാരണ നിലയില്‍ അഞ്ചു മിനിറ്റ് കൊണ്ട് തീരുന്ന കൂടിക്കാഴ്ചയാണ് ഒന്നര മണിക്കൂര്‍ നീണ്ടത്. ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറെ തിരഞ്ഞെടുക്കാനാണ് നേതാക്കള്‍ ഒരുമിച്ചിരുന്നത്. സാധാരണ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പ്രതിപക്ഷ നേതാവ് വിയോജിപ്പ് അറിയിക്കും. ഈ വിയോജിപ്പ് രേഖപ്പെടുത്തി അന്തിമ തീരുമാനം ഭൂരിപക്ഷം അനുസരിച്ച് സര്‍ക്കാരെടുക്കും. പക്ഷേ ചര്‍ച്ചകള്‍ ഒന്നര മണിക്കൂര്‍ നീണ്ടു. പാര്‍ലമെന്റില്‍ അമിത് ഷായും രാഹുലും തമ്മില്‍ വാക് പോരും നടന്നു.

പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് ചട്ടപ്രകാരം ചര്‍ച്ച നടത്തി ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ തുടങ്ങിയ വകുപ്പുകളിലെ പ്രധാന തസ്തികകളിലേക്ക് യോഗ്യരെ കണ്ടെത്തുന്നത്. പ്രധാനമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും കൂടാതെ മുതിര്‍ന്ന മന്ത്രി എന്ന നിലയില്‍ അമിത് ഷാ ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ഈ ചര്‍ച്ചയാണ് ഒന്നര മണിക്കൂര്‍ നീണ്ടത്. ഉച്ചയ്ക്ക് ഒരു മണിക്ക് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയെന്നും കൂടിക്കാഴ്ച 1:07 ന് ആരംഭിച്ചെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചര്‍ച്ച ഏറെ സമയം നീണ്ടതോടെ അസ്വാഭാവികത എങ്ങും നിറഞ്ഞു.

88 മിനിറ്റിന് ശേഷമാണ് രാഹുല്‍ ഗാന്ധി പുറത്തുവന്നത്. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ നിയമനം മാത്രമല്ല, എട്ട് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരെയും ഒരു വിജിലന്‍സ് കമ്മിഷണറുടെയും നിയമനം സംബന്ധിച്ചും ചര്‍ച്ച ചെയ്തതാണ് ചര്‍ച്ച നീളാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ പോലും സാധാരണ ഗതിയില്‍ വിശദ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടക്കാറില്ല. കമ്മിറ്റിക്ക് മുമ്പാകെ എത്തിയ എല്ലാ നിയമനങ്ങളെയും രാഹുല്‍ എതിര്‍ത്തതായി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ തന്റെ എതിര്‍പ്പ് അദ്ദേഹം രേഖാമൂലം സമര്‍പ്പിക്കുകയും ചെയ്തു. ഇതു തന്നെയാണ് പതിവ് രീതി. കമ്മിറ്റിക്കു മുന്നില്‍ വെച്ച ചുരുക്കപ്പട്ടികയില്‍ ദളിത്, ആദിവാസി, ഒബിസി/ഇബിസി, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതെന്ന് അറിയാമായിരുന്നെങ്കിലും, ഇത്രയും സമയം ചര്‍ച്ച നീണ്ടുപോകുമെന്ന് ആരും കരുതിയിരുന്നില്ല. സുതാര്യതയും ഉത്തരവാദിത്തവും മേല്‍നോട്ടം വഹിക്കുന്ന ഈ തസ്തികകളിലേക്കുള്ള നിര്‍ദ്ദേശിക്കപ്പെട്ടവരുടെ പട്ടികയില്‍ ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 90 ശതമാനം വരുന്ന ദളിത്, ആദിവാസി, ഒബിസി/ഇബിസി, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ 'ഏകദേശം പൂര്‍ണ്ണമായ അഭാവം' ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വാദിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. അപേക്ഷകരില്‍ 7 ശതമാനത്തില്‍ താഴെ മാത്രമാണ് ബഹുജന്‍ സമുദായങ്ങളില്‍ നിന്ന് വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യ വിവാരവകാശ കമ്മിഷണറുടെ ഒഴിവുള്‍പ്പെടെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനില്‍ 8 ഒഴിവുകളുണ്ട്. സെപ്തംബര്‍ പകുതി വരെ, ഹിരാലാല്‍ സാമരിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായി സേവനമനുഷ്ഠിച്ചു. സെപ്തംബര്‍ 13-ന് അദ്ദേഹം വിരമിച്ചതു മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ആനന്ദി രാമലിംഗവും വിനോദ് കുമാര്‍ തിവാരിയും എന്നീ രണ്ട് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാര്‍ മാത്രമാണ് നിലവില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. സി.ഐ.സി വെബ്സൈറ്റ് അനുസരിച്ച്, 30,838 കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്.

Tags:    

Similar News