രാത്രിയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്ന വിഡിയോ; പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയയല്ല; പൊലീസ് കളവ് പറയുന്നുവെന്ന് ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍; വിവാദമായതോടെ പിഴവ് തുറന്നുസമ്മതിച്ച് പൊലീസ്; ദൃശ്യങ്ങള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് എ എസ് പി ഹര്‍ദീക് മീണ
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രചരിച്ച സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് തുറന്നു സമ്മതിച്ച് പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന സമയത്തിന് മുമ്പ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. സിസിടിവിയിലുള്ളത് ചിത്രപ്രിയയല്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ചിത്രപ്രിയയുടെ കൊലപാതകക്കേസില്‍ സുപ്രധാന തെളിവായി കൊണ്ടുവന്നതായിരുന്നു സിസിടിവി ദൃശ്യം. എന്നാല്‍ ആ ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയയല്ലെന്നും പൊലീസ് നിരവധി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ബന്ധുവായ ശരത് ലാല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ ്‌സിസിടിവി ദൃശ്യങ്ങള്‍ ചിത്രപ്രിയയുടേത് അല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ചിത്രപ്രിയ പ്രതി അലനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളെന്നതരത്തില്‍ പ്രചരിക്കുന്നവയില്‍ യുവതി അല്ലെന്നാണ് ശരത് ആരോപിച്ചത്. പൊലീസ് പറയുന്ന പലകാര്യങ്ങളും കളവുകളാണ്. മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചതെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ദൃശ്യത്തിലുള്ളത് മറ്റാരോ ആണെന്നാണ് ശരത് ലാല്‍ പറയുന്നത്.
ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ സിസിടിവി വീഡിയോ ആണ് ഇത് പൊലീസ് കൊടുത്തതല്ലെന്നും ഈ ദൃശ്യങ്ങള്‍ക്ക് കേസുമായി ബന്ധമില്ലെന്നും എ എസ് പി ഹര്‍ദീക് മീണ വ്യക്തമാക്കി. ചിത്രപ്രിയയുടെ കൊലപാതകക്കേസില്‍ സുപ്രധാന തെളിവായി കൊണ്ടുവന്നതായിരുന്നു ഈ സിസിടിവി ദൃശ്യം. മലയാറ്റൂര്‍ പള്ളി പരിസരത്ത് ചിത്രപ്രിയ രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതാണ് ദൃശ്യം. ചിത്രപ്രിയയുടെ സുഹൃത്ത് അലന്‍ ബെന്നിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപെടുത്തിയെന്നുമാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി. ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ബെംഗളൂരുവില്‍ ബിബിഎ ഏവിയേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ചിത്രപ്രിയ. ഒരു ആഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.
ചെവിക്കു താഴെ കല്ലു കൊണ്ട് അടിയേറ്റതിനെ തുടര്‍ന്നുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മലയാറ്റൂര്‍ അടിവാരത്തിനു സമീപം സെബിയൂര്‍, കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, യുവതിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ അലനില്‍ അന്വേഷണം ഒതുക്കിതീര്‍ക്കില്ലെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി എം ഹേമലത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അലന്‍ മാത്രമാണ് പ്രതി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.
ചിത്രപ്രിയയുടെയും അലന്റെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. അലന്റെ പൂര്‍വകാല ജീവിത സാഹചര്യങ്ങളെക്കുറിച്ചും സൗഹൃദങ്ങളെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മദ്യലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നത്. മദ്യം മാത്രമാണോ മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
സംശയത്തെ തുടര്‍ന്ന് അലന്‍ മദ്യലഹരിയില്‍ കല്ലുകൊണ്ട് യുവതിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മുതലാണ് ചിത്രപ്രിയയെ കാണാതായത്. ഇതിനിടയില്‍ അലനൊപ്പം ചിത്രപ്രിയ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 1.53നുള്ള ദൃശ്യങ്ങളാണ് ഇവ. അലന്റെ പിന്നിലിരുന്നാണ് യുവതി സഞ്ചരിച്ചത്. ഇവര്‍ക്കൊപ്പം മറ്റൊരു ബൈക്കില്‍ രണ്ടുപേരും ഉണ്ടായിരുന്നു.
ചിത്രപ്രിയയെ കാണാതായെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അലനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ പ്രദേശത്ത് ബൈക്കില്‍ കൊണ്ടുവിട്ടതാണെന്നാണ് തുടക്കത്തില്‍ ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. പിന്നീട് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം നല്‍കിയില്ല. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലനടത്തിയതായി കുറ്റസമ്മതം നടത്തിയത്.
