'പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ പോരാ; അപ്പീല്‍ പോകണം; അതിജീവിതയ്‌ക്കൊപ്പം; എല്ലാവര്‍ക്കുമുള്ള വലിയൊരു ഉദാഹരണമാണവള്‍'; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധിക്ക് പിന്നാലെ മൗനം വെടിഞ്ഞ് 'അമ്മ'; ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ശ്വേത മേനോന്‍

Update: 2025-12-12 14:49 GMT

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെ മൗനം വെടിഞ്ഞ് താരസംഘടനയായ അമ്മ. സംഘടന അതിജീവിതയ്‌ക്കൊപ്പമാണെന്നും പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ പോരാ എന്നും താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞു. അപ്പീല്‍ പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും ശ്വേത പ്രതികരിച്ചു. കൂടാതെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ അമ്മയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. അമ്മ പ്രതികരിക്കാന്‍ വൈകിയെന്ന ബാബുരാജിന്റെ വിമര്‍ശനത്തെ പറ്റിയുള്ള ചോദ്യത്തിന്, അത് ബാബുരാജിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങള്‍ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയതെന്നുമായിരുന്നു ശ്വേത മേനോന്റെ പ്രതികരണം. അതിജീവിതയ്ക്കൊപ്പമാണ് തങ്ങളെന്നും ശ്വേത മേനോന്‍ പറഞ്ഞു. എട്ട് വര്‍ഷത്തെ പോരാട്ടമായിരുന്നു ആ കുട്ടിയുടേത്. എല്ലാവര്‍ക്കുമുള്ള വലിയൊരു ഉദാഹരണമാണവള്‍. അപ്പീലിന് പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കില്‍ അപ്പീല്‍ പോകുമായിരുന്നുവെന്നും ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കൂടിയത് അടിയന്തര മീറ്റിംഗ് ആയിരുന്നില്ലെന്നും ദിലീപിനെ തിരിച്ച് സംഘടനയിലേക്കെടുക്കുന്ന കാര്യത്തില്‍ സംസാരമേ ഉണ്ടായിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെ ആരും അഭിപ്രായം പോലും പറഞ്ഞിട്ടില്ലെന്നും ശ്വേത പറഞ്ഞു.

'ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്. മൂന്നാഴ്ച മുമ്പേ തീരുമാനിച്ച മീറ്റിംഗാണ് നടന്നത്. അടിയന്തര യോഗമല്ല. ചേര്‍ന്നത്. മറ്റ് തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെ ആരും അഭിപ്രായം പോലും പറഞ്ഞിട്ടില്ല. ഒന്നും എടുത്തുചാടി ചെയ്യില്ല', ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു.

കേസില്‍ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമര്‍ശനങ്ങള്‍ വലിയ രീതിയില്‍ ഉയരുന്നുണ്ട്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകള്‍ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം രണ്ട് ലക്ഷത്തിഎഴുപത്തയ്യായിരം രൂപ പിഴയുണ്ട്. കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവ്, 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 20 വര്‍ഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പിക്ക് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാള്‍ സലീമിന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ എന്നിങ്ങനെയാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പള്‍സര്‍ സുനി ഇനി പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി.

രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പതിനഞ്ച് വര്‍ഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠന്‍ പതിനഞ്ചര വര്‍ഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വര്‍ഷവും അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വര്‍ഷവും ആറാം പ്രതി പ്രദീപ് പതിനേഴ് വര്‍ഷവും ശിക്ഷ അനുഭവിക്കണം.

Tags:    

Similar News