പ്രാദേശിക രാഷ്ട്രീയമല്ല, ചര്‍ച്ചയായത് ഏറെയും സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍; ഈ ട്രെന്റ് അങ്ങ് നിയമസഭയോളം നിലനില്‍ക്കുമോ? തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലടക്കം ചര്‍ച്ചകള്‍; യുഡിഎഫിന്റെ സജീവ പരിഗണനയില്‍ ഈ പേരുകാര്‍; പ്രധാനമന്ത്രിയെ തലസ്ഥാനത്ത് വരവേല്‍ക്കുക വനിതാ മേയറോ? തദ്ദേശങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലും ചര്‍ച്ചകള്‍ തുടങ്ങി
തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി അടുത്ത നിയമസഭാ തെരഞ്ഞെുപ്പിന് ഒരുങ്ങവെ, തൊട്ടുമുന്നെ വന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ പോലും കനത്ത തിരിച്ചടി നേരിട്ടതിന്റെ അമ്പരപ്പിലാണ് ഇടതുമുന്നണി. പ്രത്യേകിച്ച് സിപിഎം. പാര്‍ട്ടിയും മുന്നണിയും തകര്‍ന്നടിഞ്ഞു. തിരുവനന്തപുരത്ത് ബിജെപി നേടിയ അട്ടിമറി വിജയവും കൊല്ലം, കോഴിക്കോട് കോട്ടകളിലെ കനത്ത തിരിച്ചടിയും ഇടത് നേതൃത്വത്തിന് അങ്കലാപ്പ് ഉയര്‍ത്തുന്നതാണ്. ആറ് മാസത്തിനുള്ളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതുവരെ ഉയര്‍ത്തിക്കാട്ടിയ 'വികസന കഥകള്‍' ഒന്നും മതിയാവില്ല അടുത്ത അങ്കത്തിന് ഒരുങ്ങാന്‍.
പ്രതിസന്ധിക്കാലത്ത് പോലും കോട്ടകള്‍കാത്ത ചരിത്രമാണ് സിപിഎമ്മിനുണ്ടായിരുന്നതെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അതെല്ലാം തകര്‍ന്നടിഞ്ഞിരിക്കുന്നു. സമഗ്രാധിപത്യം ഉണ്ടായിരുന്നിടത്ത് പോലും കനത്ത തോല്‍വി. ആറ് കോര്‍പറേഷനുകളില്‍ അഞ്ചിലും അധികാരത്തിലിരുന്ന് തെരരഞ്ഞെടുപ്പ് നേരിട്ട ഇടതുമുന്നണി ഫലം വന്നപ്പോള്‍ ഒന്നിലേക്കൊതുങ്ങി. നാല് പതിറ്റാണ്ട് സ്വാഭിമാനം ഭരിച്ച തിരുവനന്തപുരത്ത് ബിജെപി കൊടിനാട്ടി. രണ്ട് എണ്ണത്തിന്റെ വ്യത്യാസത്തില്‍ ആണെങ്കിലും എല്‍ഡിഎഫ് ലീഡ് നിലനിര്‍ത്തിയ നഗരസഭകളില്‍ പുതിയ ഫലം വന്നപ്പോള്‍ യുഡിഎഫിന്റെ ആധിപത്യമാണ്.
ഇടതുമുന്നണിയേക്കാള്‍ ഇരട്ടിയിലധികം നഗരസഭകളില്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 113 ഇടത്തും ഇതുവരെ ഇടതുമുന്നണിയിയാരുന്നെങ്കില്‍ എണ്ണത്തില്‍ കൂടുതല്‍ ഇത്തവണ യുഡിഎഫ് നേടി. ഗ്രാമപഞ്ചായത്തുകളില്‍ 50 ശതമാനം വിജയമുറപ്പെന്ന വിഡി സതീശന്റെ അവകാശവാദവും അച്ചട്ടായി. 941 ഗ്രാമപഞ്ചായത്തുകളില്‍ 350 താഴെ എണ്ണത്തില്‍ മാത്രമാണ് ഭരണം ഉറപ്പിക്കാനെ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുള്ളു. ചെങ്കോട്ടയായ കൊല്ലത്ത്, അടിസ്ഥാന ജനവിഭാഗം ഇറങ്ങി നിന്ന് വോട്ടിടുന്ന കോഴിക്കോട്ട്, പാര്‍ട്ടി കോട്ടയായ കണ്ണൂരില്‍, എല്ലായിടത്തും നേരിട്ടത് കനത്ത തിരിച്ചടി.
ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനമോ, സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളോ, പത്ത് വര്‍ഷത്തെ പിണറായി ഭരണമോ ഒന്നും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ലെന്നാണ് ഇടതുമുന്നണിക്ക് കിട്ടുന്ന തദ്ദേശ ഫല സൂചന. ട്രെന്റ് അങ്ങ് നിയമസഭയോളം നിലനില്‍ക്കുമെന്നിരിക്കെ പ്രാദേശിക രാഷ്ട്രീയത്തിന് അപ്പുറത്ത് സംസ്ഥാനത്ത് ചര്‍ച്ചയായ സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളില്‍ നയപരമായ തിരുത്തല്‍ വേണ്ടി വരും സിപിഎമ്മിന്.
ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തിയത് ഒഴിച്ചു നിര്‍ത്തിയാല്‍ നാല് കോര്‍പറേഷനുകളില്‍ ഭരണത്തിലെത്താനും ഒരു കോര്‍പറേഷനില്‍ ശക്തമായ തിരിച്ചുവരവ് നടത്താനും യുഡിഎഫിന് കഴിഞ്ഞു. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്. ഇതില്‍ കണ്ണൂരിലേത് അധികാരത്തുടര്‍ച്ചയായിരുന്നെങ്കില്‍ ബാക്കിയെല്ലായിടത്തും യുഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. എല്‍എഡിഎഫിന് ആകെ ആശ്വാസിക്കാനുള്ളത് കോഴിക്കോട് കോര്‍പറേഷനിലെ ഭരണതുടര്‍ച്ച മാത്രമാണ്.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍...
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകര്‍ത്താണ് അമ്പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചത്. ചുവപ്പിന്റെ തലസ്ഥാനം കാവിയണിഞ്ഞു. ത്രികോണപ്പോരില്‍ തിരുവനന്തപുരം ബിജെപിക്കൊപ്പം പോന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപി ഒരു കോര്‍പ്പറേഷന്‍ ഭരിക്കാന്‍ പോവുകയാണ്. നൂറ് സീറ്റില്‍ അമ്പതും ബിജെപി പിടിച്ചു. കേവല ഭൂരിപക്ഷത്തിന് ഒരൊയൊരു സീറ്റിന്റെ കുറവേ ബിജെപിക്കൊള്ളൂ. നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും സിറ്റിങ് വാര്‍ഡുകള്‍ നിലനിര്‍ത്തിയതിനൊപ്പം ഇടതുകേന്ദ്രങ്ങളെ ഉലച്ചിരിക്കുകയാണ് ബിജെപി. നിയമസഭയിലേക്കുള്ള വോട്ടൊളിമ്പിക്‌സില്‍ ബിജെപിയുടെ പ്രധാനവേദി ഇനി തിരുവനന്തപുരമാവും. വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ എന്നിവരാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഞെട്ടിക്കല്‍ പരീക്ഷണത്തിനും സാധ്യതയുണ്ട്.
തിരുവനന്തപുരം കോര്‍പറേഷനിലെ ചരിത്ര വിജയം ബിജെപിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തിയാണ് 50 സീറ്റുകളിലെ ഉജ്വല വിജയം ബിജെപി കൈവരിച്ചത്. ഇത്തവണ മേയര്‍ പദവി ജനറല്‍ സംവരണമായതിനാല്‍ പല പേരുകളും ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്നു വിജയിച്ച മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ മേയറാക്കണമെന്ന ആവശ്യവും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ഡപ്യൂട്ടി മേയര്‍ പദവി വനിതാ സംവരണമായതിനാല്‍ ശ്രീലേഖയെ ഈ സ്ഥാനത്തേക്കു പരിഗണിച്ച് രാജേഷിന് മേയര്‍ പദവി എന്ന ഫോര്‍മുലയും നേതൃത്വത്തിന് മുന്നിലുണ്ട്. ദേശീയ തലത്തില്‍ത്തന്നെ തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കൊല്ലം ഭരിക്കാന്‍
ഇടതുപക്ഷത്തിന്റെ ഒരിക്കലും ഇളകാത്ത കോട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തില്‍ കൊല്ലം കോര്‍പറേഷനെ കുറിച്ച് പലരും പറഞ്ഞിരുന്നത് ഇക്കാര്യമാണ്. എന്നാല്‍ ഫലം വന്നപ്പോള്‍ ഇടതുകോട്ട തകര്‍ത്ത് യുഡിഎഫ് അധികാരം തിരിച്ചു പിടിച്ചു. 56 അംഗ കോര്‍പറേഷന്‍ കൗണ്‍സിലില്‍ 27 സീറ്റുകളാണ് യുഡിഎഫിന്. എല്‍ഡിഎഫ് 16ഉം ബിജെപി 12ഉം സീറ്റുകളില്‍ വിജയിച്ചു. ഒരു സീറ്റില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയും വിജയിച്ചു. അതായത് തനിച്ച് ഭരിക്കാന്‍ വേണ്ടത് 29 അംഗങ്ങളുടെ ഭൂരിപക്ഷം. എന്നാല്‍ ഭൂരിപക്ഷത്തോട് അടുത്തെത്തിയ യുഡിഎഫിന് കിട്ടിയതാകട്ടെ 27 സീറ്റ്.
മേയര്‍ പദവി ജനറല്‍ സംവരണമാണ് ഇക്കുറി. താമരക്കുളം ഡിവിഷനില്‍നിന്നു വിജയിച്ച എ കെ ഹസീഫ് ആണ് മേയര്‍ സ്ഥാനാര്‍ഥി. ഡപ്യൂട്ടി മേയര്‍ പദവി വനിതാ സംവരണമായതിനാല്‍ ആര്‍എസ്പിക്ക് ഇതു നല്‍കാനാണ് ധാരണ. അപ്രതീക്ഷിത വിജയമായതിനാല്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫ് ആരുടെയും പേര് ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. ആര്‍എസ്പിയുടെ ഷൈമ, ലീഗിന്റെ മാജിദ വഹാബ് എന്നിവരുടെ പേരുകളാണ് ഡപ്യൂട്ടി മേയര്‍ പദവിയിലേക്ക് ഉയരുന്നു കേള്‍ക്കുന്നത്.
കൊച്ചിയുടെ മേയര്‍
എല്‍ഡിഎഫിന്റെ വികസനക്കണക്കുകളും റിബലുകളുടെ വെല്ലുവിളികളും മറികടന്നാണ് കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചത്. എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയേക്കാം എന്നുവരെ കരുതിയ കോര്‍പറേഷനാണ് യുഡിഎഫിന്റെ കൈയിലെത്തിയത്. 76 ഡിവിഷനുകളില്‍ യുഡിഎഫ് 47 ഇടത്ത് വിജയിച്ചപ്പോള്‍ എല്‍ഡിഫ് 22 സീറ്റിലേക്കൊതുങ്ങി. എന്‍ഡിഎ 6 ഇടത്തും വിജയിച്ചു. കൊച്ചി കോര്‍പറേഷന്‍ രൂപീകരിച്ചിട്ട് ഇന്നു വരെ യുഡിഎഫ് വിജയിക്കാത്ത ഗാന്ധിനഗര്‍ ഡിവിഷനില്‍ വരെ ഇത്തവണ ചരിത്രം മാറി. കോണ്‍ഗ്രസിന്റെ നിര്‍മല ടീച്ചര്‍ സിപിഎമ്മിന്റെ മായാദേവി ടിയെ തറപറ്റിച്ചു.
കോര്‍പറേഷനില്‍ ഇക്കുറി വനിതാ മേയറാണ് മെട്രോ നഗരത്തെ നയിക്കുന്നത്. ഭരണം യുഡിഎഫ് ഉറപ്പിച്ചതോടെ വനിതാ മേയര്‍ ആരാകുമെന്ന ചര്‍ച്ചകളും സജീവമായി. കൊച്ചിയുടെ മൂന്നാമത്തെ വനിതാ മേയര്‍ ആരാകും എന്ന ആകാംക്ഷയിലാണ് നഗരത്തിലെ ജനങ്ങള്‍. മേയര്‍ സ്ഥാനത്തേക്കു പരിഗണിക്കാന്‍ കഴിയുന്ന നിരവധി പേരുകള്‍ യുഡിഎഫില്‍ ഉണ്ടെങ്കിലും കെപിസിസി ജനറല്‍ സെക്രട്ടറിയും കലൂര്‍ സ്റ്റേഡിയം ഡിവിഷനില്‍ നിന്നും മത്സരിച്ച് വിജയിച്ച സ്ഥാനാര്‍ത്ഥിയുമായ ദീപ്തി മേരി വര്‍ഗീസിന്റെ പേരാണ് സാധ്യത പട്ടികയില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്ന പേര്. ദീപ്തി മേരി വര്‍ഗീസ് കൗണ്‍സിലറായിരുന്ന കറുകപ്പള്ളി ജനറല്‍ വാര്‍ഡ് ആയതോടെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട കലൂര്‍ സ്റ്റേഡിയം ഡിവിഷനിലേക്ക് ചുവടു മാറുകയായിരുന്നു. കൊച്ചിയുടെ രാഷ്ട്രീയത്തില്‍ സുപരിചിതമായ മുഖമാണ് ദീപ്തി മേരി വര്‍ഗീസ്.
മേയര്‍ ആരാകുമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ അനൗപചാരികമായി തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയിലെ വനിതാ നേതാക്കളുടെ സീനിയോറിറ്റി നോക്കുകയാണെങ്കില്‍ ദീപ്തിക്കാണ് സാധ്യത കൂടുതല്‍. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്റെ ചരിത്രം നോക്കുകയാണെങ്കില്‍ പ്രതീക്ഷിക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ അവസാന നിമിഷം വെട്ടി മാറ്റപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിതമായി പലരും മേയര്‍ സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. എങ്കിലും ദീപ്തിയുടെ പേരിനു തന്നെയാണ് മുന്‍ഗണന ഉള്ളത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച ഷൈനി മാത്യുവിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായ, പാലാരിവട്ടത്തു നിന്നും വിജയിച്ച വികെ മിനിമോള്‍, പുതുക്കലവട്ടം ഡിവിഷനില്‍നിന്ന് വിജയിച്ച സീന ഗോകുലന്‍ എന്നിവരാണ് മറ്റൊരു സാധ്യത. ഈ പേരുകള്‍ ചുറ്റിപ്പറ്റിയാണ് യുഡിഎഫിലെ ചര്‍ച്ചകള്‍. എങ്കിലും ഔദ്യോഗികമായ ചര്‍ച്ചകളിലേക്ക് നേതൃത്വം കടന്നിട്ടില്ല. അതേസമയം കൊച്ചി കോര്‍പറേഷനില്‍ ഡപ്യൂട്ടി മേയര്‍ ജനറല്‍ സീറ്റാണ് ഇക്കുറി. സാമുദായിക സമവാക്യം കൂടി പരിഗണിച്ചായിരിക്കും ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയെ യുഡിഎഫ് പ്രഖ്യാപിക്കുക.
തൃശൂരില്‍ വനിത മേയര്‍
വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ കോര്‍പറേഷന്‍ തിരിച്ചു പിടിച്ചതിന്റെ ആരവത്തിലാണ് കോണ്‍ഗ്രസ് ക്യാംപ്. ഒരു കാലത്ത് ഐ ഗ്രൂപ്പിന്റെ ഉരുക്കുകോട്ടയായിരുന്ന തൃശൂര്‍ നഗരവും പരിസരവും. എന്നാല്‍ സംഘടനാപരമായ പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴായി കോര്‍പറേഷന്‍ ഭരണം കൈവിട്ടു. കഴിഞ്ഞ തവണ ലോക്‌സഭാ സീറ്റു കൂടി കൈവിട്ടതോടെയാണ് നേതൃത്വം വടിയെടുത്തത്. അതിന്റെ ഗുണം തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടു. 56 അംഗ കോര്‍പറേഷനില്‍ 33 സീറ്റുകളുമായി ഉജ്ജ്വല വിജയമാണ് യുഡിഎഫ് കൈവരിച്ചത്. എല്‍ഡിഎഫ് 11ലേക്ക് ഒതുങ്ങിയപ്പോള്‍ അട്ടിമറി നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപി എട്ടിലേക്ക് ഒതുങ്ങി.
ഇക്കുറി വനിതാ സംവരണമാണ് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം. കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചു. ലാലി ജയിംസ് ലാലൂരിലും ശ്യാമളാ മുരളീധരന്‍ മുക്കാട്ടുകരയിലും സുബി ബാബു ഗാന്ധി നഗറിലും ഷീനാ ചന്ദ്രന്‍ പനമുക്കിലും വിജയിച്ചു. ലാലി ജയിംസ്, സുബി ബാബു, നിജി ജസ്റ്റിന്‍ എന്നിരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. ഡപ്യൂട്ടി മേയര്‍ സ്ഥാനം ജനറല്‍ സംവരണമാണെങ്കിലും ഈ മൂന്നു വനിതകളില്‍ ഒരാള്‍ തന്നെയായിരിക്കും ഈ സ്ഥാനത്തേക്കും പരിഗണിക്കപ്പെടുക.
ചുവന്ന തുരുത്തായി കോഴിക്കോട്
കോഴിക്കോട് കോര്‍പറേഷനില്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ 76 സീറ്റില്‍ 34 സീറ്റ് നേടി എല്‍ഡിഎഫാണ് മുന്നില്‍. കേവല ഭൂരിപക്ഷമായ 39 സീറ്റ് നേടാന്‍ ആര്‍ക്കുമായില്ല. 26 സീറ്റുമായി യുഡിഎഫ്, 13 സീറ്റുമായി എന്‍ഡിഎ, മറ്റുള്ളവര്‍ 3 എന്ന നിലയിലാണ് ബാക്കി സീറ്റുനില. മേയര്‍ സ്ഥാനാര്‍ഥിയായി ഇടതുവലതു മുന്നണികള്‍ അവതരിപ്പിച്ച സ്ഥാനാര്‍ഥികള്‍ ഇത്തവണ തോറ്റു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയും നിലവിലെ ഡപ്യൂട്ടി മേയറുമായ സി.പി.മുസാഫര്‍ അഹമ്മദ് 271 വോട്ടിനും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി പി.എം.നിയാസ് പാറോപ്പടി വാര്‍ഡില്‍ 260 വോട്ടിനുമാണ് പരാജയപ്പെട്ടത്.
കോട്ടൂളി വാര്‍ഡില്‍ എല്‍ഡിഎഫ് ഡപ്യൂട്ടി മേയറായി അവതരിപ്പിച്ച ഡോ.എസ്.ജയശ്രീ 271 വോട്ടിന് ജയിച്ചു. ജയശ്രീയെയോ തടമ്പാട്ടുതാഴത്ത് നിന്ന് ജയിച്ച സിപിഎം നേതാവ് ഒതയമംഗലത്ത് സദാശിവന്‍, മാത്തോട്ടത്തുനിന്ന് കന്നിമത്സരത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ജയിച്ച മുന്‍ ഡപ്യൂട്ടി കലക്ടര്‍ അനിതാ കുമാരി എന്നിവരെയോ ആകും ഭരണം പിടിക്കാനായാല്‍ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുകയെന്നാണ് സൂചന. ഡെപ്യൂട്ടി മേയര്‍ പദവി വനിതാ സംവരണമായതിനാല്‍ ജയശ്രീയെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. അഞ്ച് അംഗങ്ങളുടെ കൂടെ പിന്തുണയുണ്ടെങ്കിലേ ഭരണം പിടിക്കാനാകൂ. 1962 നവംബര്‍ ഒന്നിനാണ് കോഴിക്കോട് നഗരസഭ കോര്‍പ്പറേഷനായത്. ഇടതുപക്ഷത്തുനിന്നായിരുന്നു ആദ്യമേയര്‍. പിന്നീട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മേയര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളായി ചുവന്നുതന്നെയിരിക്കുകയാണ് കോഴിക്കോട്.
കണ്ണൂരിനെ നയിക്കാന്‍
കണ്ണൂര്‍ കോര്‍പറേഷനിലെ 56 സീറ്റുകളില്‍ 36 ഇടത്തും വിജയിച്ച് തിളക്കമാര്‍ന്ന വിജയമാണ് യുഡിഎഫ് ഇത്തവണ സ്വന്തമാക്കിയത്. 15 ഇടത്ത് എല്‍ഡിഎഫും 4 സീറ്റില്‍ എന്‍ഡിഎയും ഒരിടത്ത് എസ്ഡിപിഐയും വിജയിച്ചു. 2020 ല്‍, മറ്റ് 5 കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ ഏക ആശ്വാസമായിരുന്നു കണ്ണൂര്‍ കോര്‍പറേഷന്‍. എന്നാല്‍ ഇക്കുറി ഉജ്വല വിജയം തന്നെ യുഡിഎഫ് ഇവിടെ ആവര്‍ത്തിച്ചു. വനിതാ സംവരണമാണ് ഇക്കുറി മേയര്‍ പദവി. യുഡിഎഫ് അംഗങ്ങളായ ഇന്ദിര, ശ്രീജ മഠത്തില്‍ എന്നിവരുടെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഡപ്യൂട്ടി മേയറായി വാരം ഡിവിഷനില്‍ നിന്ന് വിജയിച്ച കെ.പി.താഹിറിനെയും പരിഗണിക്കുന്നുണ്ട്.
