ജിദ്ദയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത് പുലര്‍ച്ചെ 1.15ന്; പൊട്ടിയ ടയറുമായി മണിക്കൂറുകള്‍ നീണ്ട യാത്ര; നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിംഗിന് തീരുമാനമെടുത്ത് പൈലറ്റ്; ഏഴ് മണിയോടെ സാങ്കേതിക തകരാര്‍ വിവരം സിയാല്‍ അധികൃതര്‍ക്ക് ലഭിച്ചു; സുരക്ഷാ സന്നാഹങ്ങള്‍ അതീവ ജാഗ്രതയോടെ ഒരുക്കി; എന്ത് കൊണ്ട് വിമാനം സാഹസിക യാത്ര തുടര്‍ന്നു; അന്വേഷണത്തിന് ഡി.ജി.സി.എ

Update: 2025-12-18 07:27 GMT

കൊച്ചി: ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ 1.15ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX 398) മണിക്കൂറുകളോളം പറന്നത് പൊട്ടിയ ടയറുകളുമായെന്ന് സ്ഥിരീകരണം. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത സമയത്ത് തന്നെ വിമാനത്തിന്റെ ടയറുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത് പൈലറ്റ് എടുത്ത നിര്‍ണായക തീരുമാനമാണെന്ന വിവരവും പുറത്തുവന്നു. പൈലറ്റിന്റെ മനസ്സാന്നിധ്യവും സിയാലിലെ ഗ്രൗണ്ട് സ്റ്റാഫിന്റെ സന്ദര്‍ഭോചിതമായ ഇടപെടലുമാണ് 160 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. ഇത്രയും വലിയ തകരാറുണ്ടായിട്ടും വിമാനം ആകാശത്ത് തുടര്‍ന്നത് വലിയ സുരക്ഷാ വീഴ്ചയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ജിദ്ദയില്‍ വെച്ച് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നും, അങ്ങനെയെങ്കില്‍ എന്ത് കൊണ്ട് വിമാനം യാത്ര തുടര്‍ന്നു എന്നും പരിശോധിക്കും. സംഭവത്തില്‍ ഡി.ജി.സി.എ (DGCA) വിശദമായ അന്വേഷണം നടത്തും.

ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിമാനം കരിപ്പൂരില്‍ ഇറക്കുന്നത് സുരക്ഷിതമല്ലെന്ന് പൈലറ്റ് തീരുമാനിക്കുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഭൂപ്രകൃതിയും മുന്‍കാല അപകടങ്ങളും കണക്കിലെടുത്ത്, കൂടുതല്‍ സൗകര്യങ്ങളുള്ള നെടുമ്പാശേരിയില്‍ വിമാനം ഇറക്കാന്‍ പൈലറ്റ് അനുമതി തേടി. രാവിലെ 7 മണിയോടെ തന്നെ തകരാര്‍ സംബന്ധിച്ച വിവരം സിയാല്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്കിടയില്‍ പരിഭ്രാന്തി ഒഴിവാക്കാന്‍ വിവരം രഹസ്യമായി സൂക്ഷിക്കുകയും സുരക്ഷാ സന്നാഹങ്ങള്‍ അതീവ ജാഗ്രതയോടെ ഒരുക്കുകയും ചെയ്തു.

ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയിലുണ്ടായിരുന്ന എന്തോ ഒരു വസ്തുവില്‍ തട്ടിയാണ് ടയറിന് കേടുപാട് സംഭവിച്ചതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വലതുവശത്തെ രണ്ട് ടയറുകളും പൊട്ടിയ നിലയിലായിരുന്നു. ലാന്‍ഡിംഗ് ഗിയറിനും തകരാര്‍ സംഭവിച്ചിരുന്നു.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ തങ്ങള്‍ നേരിട്ട ഭയാനകമായ സാഹചര്യം വെളിപ്പെടുത്തിയിരുന്നു. ജിദ്ദയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന സമയത്ത് തന്നെ വലിയൊരു ശബ്ദം കേട്ടിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. റണ്‍വേയിലെ ലൈറ്റിലോ മറ്റേതെങ്കിലും വസ്തുവിലോ വിമാനത്തിന്റെ ടയര്‍ തട്ടിയതാകാം ഈ ശബ്ദത്തിന് കാരണമെന്ന് കരുതുന്നു. ടയറിന് തകരാറുണ്ടെന്ന വിവരം ലാന്‍ഡിംഗിന് വെറും 20 മിനിറ്റ് മുന്‍പ് മാത്രമാണ് വിമാന അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. 'ഭാഗ്യം കൊണ്ട് മാത്രമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്' എന്നാണ് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരുടെ പ്രതികരണം. നിലവില്‍ സുരക്ഷിതമായി നെടുമ്പാശേരിയില്‍ ഇറങ്ങിയ 160 യാത്രക്കാരെയും പ്രത്യേക ബസ്സുകളില്‍ കരിപ്പൂരിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സിയാല്‍ അധികൃതര്‍ സ്വീകരിച്ചു കഴിഞ്ഞു. മൂന്ന് ബസുകളിലായി റോഡുമാര്‍ഗമാണ് കരിപ്പൂരിലെത്തിക്കുക.

ജിദ്ദയില്‍നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് ടയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. തുടര്‍ന്ന് നെടുമ്പാശ്ശേരിയിലെത്തുന്നതിന് തൊട്ടുമുന്നെയാണ് ലാന്‍ഡിങ് സംബന്ധിച്ച വിവരം നല്‍കിയത്. റണ്‍വേയ്ക്ക് പുറത്താണ് ലാന്‍ഡ് ചെയ്തത്. ജിദ്ദയില്‍നിന്നേ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പായിരുന്നെന്നും ചോദിച്ചപ്പോള്‍ സാധാരണ ഗതിയിലുള്ള ശബ്ദമാണെന്ന് പറയുകയായിരുന്നെന്നും വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ വ്യക്തമാക്കി. ലാന്‍ഡിങ്ങിനിടെ അഗ്‌നിശമന സേനയും പോലീസുമെല്ലാം തന്നെ തയ്യാറായി നില്‍പ്പുണ്ടായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു. കൊച്ചിയില്‍നിന്ന് കരിപ്പൂരിലേക്ക് വിമാനത്തിലെത്തിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ബസ്സാണ് അനുവദിച്ചത്. കൊച്ചിയില്‍ ലാന്‍ഡിങ് നടത്തുന്ന വിവരം അറിയിച്ച സമയത്തുതന്നെ കരിപ്പൂരിലേക്ക് വേറെ വിമാനത്തില്‍ യാത്രചെയ്യാം എന്ന കാര്യവും അറിയിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ ശേഷം ബസ്സാണ് അനുവദിച്ചതെന്നും യാത്രക്കാര്‍ പറയുന്നു. ജിദ്ദയില്‍വെച്ച് ടയര്‍ പൊട്ടിയ ഉടന്‍തന്നെ യാത്ര നിര്‍ത്തിവയ്ക്കണമായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.

160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 9.07ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി സിയാല്‍ (കൊച്ചി വിമാനത്താവള അതോറിറ്റി) അറിയിച്ചു. ലാന്‍ഡിങ്ങിനു ശേഷമുള്ള പരിശോധനയിലാണ് ടയറുകള്‍ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചതോടെ വിമാനത്താവളത്തില്‍ സിഐഎസ്എഫ്, അഗ്‌നിരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങള്‍ സജ്ജരായി നിന്നിരുന്നു. എന്നാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനായി. അടിയന്തര സാഹചര്യം ഒഴിവായ ആശ്വാസത്തിലാണ് വിമാനത്താവള അധികൃതര്‍.

അതേ സമയം ശ്രീലങ്കയിലെ കൊളംബോയില്‍നിന്ന് കൊച്ചിയില്‍ 9.20ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം മധുരയിലേക്കു വഴിതിരിച്ചുവിട്ടുവെന്ന് സിയാല്‍ അറിയിച്ചു. ശ്രീലങ്കന്‍ എയറിന്റെ ഫ്‌ലൈറ്റ് നമ്പര്‍ യുഎല്‍/165 ആണ് മധുരയിലേക്കു വിട്ടത്. ജിദ്ദയില്‍നിന്നുള്ള വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്ങിനെത്തുടര്‍ന്ന് റണ്‍വേ അടച്ചിടേണ്ടി വന്നതുകൊണ്ടാണ് കൊളംബോ കൊച്ചി വിമാനം മധുരയ്ക്കു വിടേണ്ടി വന്നത്.

അതീവ ഗുരുതര പിഴവുകള്‍?

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനുണ്ടായത് ഗുരുതര സാങ്കേതിക പിഴവാണ് എന്നാണ് വിവരങ്ങള്‍. വിമാനം ജിദ്ദയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായി സംശയമുണ്ട്. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളില്‍ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറയുന്നു. സാങ്കേതിക തകരാര്‍ ഉണ്ടായ കാര്യം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോള്‍ മാത്രമാണ്. ഇന്ന് പുലര്‍ച്ചെ 1.15നാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്.

വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചിയില്‍ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടുകയായിരുന്നു. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങള്‍. ജിദ്ദയില്‍ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് ടയറില്‍ തകരാര്‍ ഉണ്ടായേക്കാമെന്ന വിവരം പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖേദം പ്രകടിപ്പിച്ചു. വിമാനത്തിന്റെ സുരക്ഷയ്ക്കും യാത്രക്കാരുടെ സുരക്ഷിതത്വത്തിനുമാണ് തങ്ങള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കൊച്ചിയില്‍ വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനകള്‍ നടന്നു വരികയാണെന്നും കമ്പനി അറിയിച്ചു.

Tags:    

Similar News