ഗര്‍ഭിണിയായ യുവതിയെ നെഞ്ചില്‍ പിടിച്ച് തള്ളി, മുഖത്തടിച്ച് എസ്എച്ച്ഒ; എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; മര്‍ദ്ദനമേറ്റത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാളുടെ ഭാര്യയ്ക്ക്; പൊലീസ് ഒളിപ്പിച്ച ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭിച്ചത് ഹൈക്കോടതി നിര്‍ദേശപ്രകാരം; നടപടിയെടുക്കാതെ അധികൃതര്‍
കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. 2024 ല്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നോര്‍ത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് സ്ത്രീയുടെ മുഖത്തടിച്ചത്. ഈ ദൃശ്യമാണ് പുറത്തു വന്നത്. സ്ത്രീയെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭിച്ചത്.
പൊതുസ്ഥലത്ത് പോലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. 2024 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പോലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതിയെയാണ് എസ്‌ഐ പ്രതാപചന്ദ്രന്‍ മര്‍ദിച്ചത്. യുവതിയുടെ നെഞ്ചില്‍ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഗര്‍ഭിണിയായിരുന്ന തന്നെ പോലീസ് കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയും സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചു. സംഭവത്തില്‍ അന്ന് പോലീസ് ഇതെല്ലാം നിഷേധിക്കുകയും യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുവെന്നും പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് ഇടപ്പെടുകയുമായിരുന്നുവെന്നുമായിരുന്നു പോലീസ് വിശദീകരണം. മാത്രമല്ല സിഐയെ പരാതിക്കാരി മര്‍ദിച്ചുവെന്നടക്കം പോലീസ് ആരോപണം ഉന്നയിച്ചിരുന്നു. സസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പരാതിക്കാരിയും ഭര്‍ത്താവും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
പൊലീസുകാരുമായി സംസാരിക്കുന്നതിനിടെയാണ് ഗര്‍ഭിണിയായ യുവതിക്ക് സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദനം ഏറ്റത്. വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ നോക്കിനില്‍ക്കുമ്പോഴാണ് യുവതിക്ക് മര്‍ദ്ദനമേറ്റത്. പൊലീസുകാരന്‍ ഇവരെ മുഖത്തടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന്റെ തെളിവുകള്‍ നല്‍കാതെ പൊലീസ് ഒളിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട് കോടതി ഉത്തരവിലൂടെയാണ് ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭിച്ചത്. അതേസമയം, ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുവരേയും പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടില്ല.
