'കൊട്ടാരത്തിലെ 'വിശുദ്ധ മുറി'യില്‍ അഞ്ച് സുന്ദരിമാരുടെ മടിയില്‍ ആറാടി ആന്‍ഡ്രൂ രാജകുമാരന്‍! എപ്സ്റ്റീന്‍ രേഖകള്‍ ഞെട്ടിക്കുന്ന ചിത്രം പുറത്തുവിട്ടിട്ടും കൂസലില്ലാതെ ആന്‍ഡ്രു; ലൈംഗിക കടത്ത് സംഘത്തിലെ മാക്സ്വെല്ലും കൂട്ടാളികളും സാന്‍ഡ്രിംഗ്ഹാമിലെ അന്തഃപുരത്തിലും താവളമടിച്ചോ? നാണംകെട്ട് രാജ കുടുംബം; ക്രിസ്മസ് ആഘോഷങ്ങളുടെ ഉല്ലാസം കെടുത്തി വിവാദം

'കൊട്ടാരത്തിലെ 'വിശുദ്ധ മുറി'യില്‍ അഞ്ച് സുന്ദരിമാരുടെ മടിയില്‍ ആറാടി ആന്‍ഡ്രൂ രാജകുമാരന്‍!

Update: 2025-12-20 15:32 GMT

വിന്‍ഡ്‌സര്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ രഹസ്യരേഖകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്, ബ്രിട്ടീഷ് രാജകുടുംബാംഗമായ ആന്‍ഡ്രൂ രാജകുമാരന്‍ അഞ്ച് സ്ത്രീകളുടെ മടിയില്‍ കിടക്കുന്ന ഞെട്ടിപ്പിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. എവിടെയാണ് ഈ ചിത്രം പകര്‍ത്തിയതെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഡെയ്‌ലി മെയില്‍.

പുതുതായി പുറത്തുവന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം രാജകുടുംബത്തിന്റെ ഏറ്റവും വിശുദ്ധമെന്ന് കരുതപ്പെടുന്ന സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെ 'സലൂണ്‍ റൂമില്‍' (Saloon Room) വെച്ച് എടുത്തതാണ്. ലൈംഗിക കടത്ത് സംഘത്തിലെ പ്രധാനിയായ ഗിസ്ലൈന്‍ മാക്‌സ്വെല്‍ ആന്‍ഡ്രൂ രാജകുമാരന്റെ സമീപം ചിരിച്ച് നില്‍ക്കുന്നതും ചിത്രത്തിലുണ്ട്. ഇത് എപ്സ്റ്റീന്‍, മാക്‌സ്വെല്‍ എന്നിവരുമായി രാജകുമാരനുള്ള ബന്ധത്തെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി എപ്സ്റ്റീന്‍ ഫയലുകളുടെ ഭാഗമായി പുറത്തുവിട്ട ചിത്രത്തില്‍, കറുത്ത സ്യൂട്ടും ബോ ടൈയും ധരിച്ച്, അഞ്ച് സ്ത്രീകളുടെ മടിയില്‍ കിടന്ന് ചിരിച്ചുകൊണ്ട്, ഒരു സ്ത്രീയുടെ നഗ്‌നമായ കാല്‍ക്കീഴില്‍ മുഖം ചേര്‍ത്താണ് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ രാജകുമാരന്‍ കാണപ്പെടുന്നത്. അദ്ദേഹത്തിന് പിന്നിലായി എപ്സ്റ്റീന്റെ പ്രധാന ഇടപാടുകാരിയും ലൈംഗിക കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുമായ ഗിസ്ലൈന്‍ മാക്‌സ്വെല്‍ പുഞ്ചിരിച്ച് കൊണ്ട് നില്‍ക്കുന്നുണ്ട്. യുഎസ് നീതിന്യായ വകുപ്പ് കറുത്ത മഷി കൊണ്ട് മുഖം മറച്ച മറ്റൊരു അജ്ഞാത സ്ത്രീയും ഇവര്‍ക്കൊപ്പമുണ്ട്.



ബ്രീട്ടീഷ് രാജകുടുബത്തെ ആന്‍ഡ്രൂ നാണംകെടുത്തി

ബ്രിട്ടീഷ് രാജകുടുംബത്തിന് അതീവ പ്രാധാന്യമുള്ള മുറിയാണ് സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെ 'സലൂണ്‍ റൂം'. രാജാവ് ഉള്‍പ്പെടെയുള്ളവര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒത്തുകൂടുന്നതും ടെലിവിഷന്‍ കാണുന്നതും കളിക്കുന്നതും ചായ കുടിക്കുന്നതുമെല്ലാം ഈ മുറിയിലാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഈ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലുള്ള സലൂണ്‍ റൂം, രാജകുടുംബത്തിന് വലിയ ചരിത്രപരമായ പ്രാധാന്യമുള്ള ഒന്നാണ്. ഇങ്ങനെയൊരു 'അന്തഃപുരത്തില്‍' വെച്ചാണ് വിവാദ ചിത്രം പകര്‍ത്തിയത് എന്നതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്. എപ്സ്റ്റീന്‍, മാക്‌സ്വെല്‍ എന്നിവരെപ്പോലുള്ളവരെ രാജകുടുംബത്തിന്റെ ഈ വിശുദ്ധ മുറിയിലേക്ക് ആന്‍ഡ്രൂ രാജകുമാരന്‍ എങ്ങനെ കൊണ്ടുവന്നു എന്നതിനെക്കുറിച്ചും അവര്‍ക്ക് പരസ്പരം എത്രത്തോളം അറിവുണ്ടായിരുന്നു എന്നതിനെക്കുറിച്ചും ഇത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ഞെട്ടിക്കുന്ന ചിത്രം പുറത്തുവന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം, ശനിയാഴ്ച രാവിലെ വിന്‍ഡ്‌സറില്‍ തന്റെ പതിവ് കുതിരസവാരിക്കിടെ ആന്‍ഡ്രൂ രാജകുമാരനെ മാധ്യമങ്ങള്‍ കണ്ടു. നിരാശനായ രൂപത്തില്‍, കവിളുകള്‍ വീര്‍പ്പിച്ച്, 65 വയസ്സുകാരനായ രാജകുമാരനെയാണ് അപ്പോള്‍ കാണാന്‍ കഴിഞ്ഞത്.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെയും ലൈംഗിക കടത്ത് സംഘത്തിലെ പ്രധാനിയായിരുന്ന ഗിസ്ലൈന്‍ മാക്‌സ്വെലിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആന്‍ഡ്രൂ രാജകുമാരന് എത്രത്തോളം അറിവുണ്ടായിരുന്നു എന്നതിനെക്കുറിച്ച് ഈ പുതിയ ചിത്രം വീണ്ടും സജീവമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ഈ ചിത്രം പുറത്തുവന്നതോടെ രാജകുടുംബം വീണ്ടും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്, ഇത് രാജകുമാരന്റെ നിലയെ കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ക്രിസ്മസ് ആഘോഷങ്ങളില്‍ കരിനിഴല്‍

വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളെ ഈ വെളിപ്പെടുത്തല്‍ സാരമായി ബാധിച്ചിരിക്കുകയാണ്. ചാള്‍സ് രാജാവ് ആന്‍ഡ്രൂവിന്റെ മക്കളായ ബിയാട്രിസ്, യുജീനി രാജകുമാരിമാരെ സാന്‍ഡ്രിംഗ്ഹാമിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും, അച്ഛനെ ചുറ്റിയുള്ള വിവാദങ്ങള്‍ ഇവരെ വിഷമസന്ധിയിലാക്കിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ആന്‍ഡ്രൂവിനെ സാന്‍ഡ്രിംഗ്ഹാമിലെ കുടുംബകൂട്ടായ്മയില്‍ നിന്നും പള്ളിയിലെ പ്രാര്‍ത്ഥനയില്‍ നിന്നും മാറ്റിനിര്‍ത്താനാണ് സാധ്യത. ബിയാട്രിസ് രാജകുമാരി തന്റെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം എവിടെ ക്രിസ്മസ് ആഘോഷിക്കണം എന്നറിയാതെ കുഴങ്ങുകയാണെന്ന് കൊട്ടാരത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.




അന്വേഷണത്തോട് സഹകരിക്കാതെ രാജകുമാരന്‍

എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളില്‍ താന്‍ സാക്ഷിയാണെന്ന യുഎസ് അന്വേഷണ ഏജന്‍സികളുടെ വാദത്തോടോ, ചോദ്യം ചെയ്യലിനോടോ ആന്‍ഡ്രൂ ഇതുവരെ സഹകരിച്ചിട്ടില്ല. 2022-ല്‍ വിര്‍ജീനിയ ഗിഫ്രെയുടെ ലൈംഗികാതിക്രമ പരാതിയില്‍ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പാക്കിയെങ്കിലും, താന്‍ തെറ്റായ ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം.

പുറത്തുവന്ന 3,00,000-ത്തോളം രേഖകളില്‍ ആന്‍ഡ്രൂവിന്റെ മുന്‍ഭാര്യ സാറാ ഫെര്‍ഗൂസന്റെ ചിത്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. എപ്സ്റ്റീന്റെ വസതികളിലെ അശ്ലീല അലങ്കാരങ്ങളെക്കുറിച്ചും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ പൊതുമധ്യത്തില്‍ എത്തിയിരിക്കുന്നത്.

Tags:    

Similar News