ടെമ്പോ ഓടിച്ചു നടന്ന യുവാവ് ഇനി വിമാനക്കമ്പനി ഉടമ; ആകാശത്തും ഇനി 'ശംഖ്' മുഴങ്ങും! സീസണില്‍ നിരക്ക് കൂട്ടാനില്ല; സാധാരണക്കാരനും ഇനി ആകാശത്ത് പറക്കാം; വിമാന കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് അന്ത്യമാകും; കുഞ്ഞുനാളില്‍ മനസില്‍ കുറിച്ചിട്ട സ്വപ്‌നം ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു; ആരാണ് സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയ ആ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ?'
ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ താളം തെറ്റിയപ്പോള്‍ രാജ്യം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു കൂടുതല്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന കാര്യം. യാത്രയ്ക്കായി വിമാനങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതായി. മൂന്ന് വിമാനക്കമ്പനികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പില്ലാ രേഖ (എന്‍ഒസി) നല്‍കിയിരിക്കുന്നത്. കേരളം ആസ്ഥാനമായുള്ള അല്‍ഹിന്ദ്, ഫ്‌ലൈ എക്‌സ്പ്രസ് എന്നിവയ്ക്ക് പുറമെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശംഖ് എയര്‍ എന്നിവയാണ് കമ്പനികള്‍. പുതു വിമാനക്കമ്പനി കൂടി പിറവിയെടുക്കുമ്പോള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഉടമ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ എന്ന 35-കാരന്റെ വിജയഗാഥ കൂടിയാണത്. ശംഖ് എയറിന്റെ ഉടമയാണ് ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ. ചെയ്ത ബിസിനസുകളില്‍ പലതും പൊട്ടിപ്പോയിട്ടും പിന്മാറാതെ ഒരിക്കല്‍ എല്ലാം വെട്ടിപ്പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ, പ്രതീക്ഷയോടെ മുന്നേറിയ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ ഒടുവില്‍ ആ സ്വപ്‌നം കൂടി യാഥാര്‍ഥ്യമാക്കുകയാണ്.
ഇന്ത്യന്‍ ആകാശത്ത് ശംഖ് എയര്‍ലൈന്‍സ് പറന്നുയരാനൊരുങ്ങുകയാണ്. ഈ മാസം പകുതിയോടെ വിമാനം പറന്നുതുടങ്ങുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ അതിവേഗം വളരുടെ വ്യോമയാന മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടെന്ന വിശേഷണമാണ് ശ്രാവണ്‍കുമാറിന് പലരും ചാര്‍ത്തിക്കൊടുക്കുന്നത്.ഗോഡ് ഫാദര്‍മാരുടെ പിന്‍ബലമില്ലാതെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് ശ്രാവണ്‍കുമാറിന്റെ വരവ്. അന്നന്ന് കഴിഞ്ഞുകൂടാനുള്ളത് അന്നന്ന് അദ്ധ്വാനിച്ചുണ്ടാക്കും എന്നല്ലാതെ നയാപൈസ ബാങ്ക് ബാലന്‍സുണ്ടായിരുന്നില്ല. പിന്നെങ്ങനെ കോടികള്‍ അമ്മാനമാടുന്ന വ്യോമയാന മേഖലയിലേക്ക് എത്തിയെന്ന സംശയം ഉണ്ടായില്ലെങ്കിലേ അതിശയമുള്ളൂ. ശരിക്കും സിനിമാക്കഥകളെ വെല്ലുന്ന അദ്ദേഹത്തിന്റെ വളര്‍ച്ച ആരെയും രോമാഞ്ചമണിയിക്കും.
ഇടത്തരം കുടുംബത്തിലായിരുന്നു ശ്രാവണ്‍ കുമാറിന്റെ ജനനം. ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു. ഓട്ടോ, ടെമ്പോ ഡ്രൈവറായി പ്രവര്‍ത്തിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ചെറുപ്രായത്തില്‍ തന്നെ പല ജോലികളും ചെയ്തു. പല ബിസിനസുകളും നോക്കിയെങ്കിലും പൊട്ടിപ്പോയി. 2014 ആരംഭിച്ച സിമന്റ് ബിസിനസ് ആണ് ശ്രാവണ്‍ കുമാറിന്റെ ജീവിതം മാറ്റി മറിക്കുന്നത്. ബിസിനസ് പച്ചപിടിച്ചതോടെ കൂടുതല്‍ ടെമ്പോകളും ലോറികളും അദ്ദേഹം വാങ്ങുകയായിരുന്നു. പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ടിഎംടി സ്റ്റീല്‍, ഗതാഗതം, ഖനനം തുടങ്ങിയ മേഖലകളിലേക്കും തന്റെ ബിസിനസ് സാമ്രാജ്യം അദ്ദേഹം വ്യാപിപ്പിച്ചു. ഇപ്പോള്‍ ആകാശത്തേക്കും അദ്ദേഹം തന്റെ സാമ്രാജ്യം വികസിപ്പിക്കുകയാണ്. നിലവില്‍ 400 ട്രക്കുകള്‍ തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വീട്ടിലെ സാഹചര്യം മോശമായതിനാല്‍ ഇടയ്ക്കുവച്ച് പഠനം മതിയാക്കി ചെറിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങി. ശരിക്കുപറഞ്ഞാല്‍ ചെയ്യാത്ത പണികളില്ല. ചിലരുടെ കീഴില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്ന പണി, സ്റ്റീല്‍ വ്യാപാരം അങ്ങനെ പോകുന്നു അവ. ഇതിനിടയില്‍ സമയം കിട്ടുമ്പോഴെല്ലാം കൂലിക്ക് ടെമ്പോ ഓടിക്കാനും പോകുമായിരുന്നു. ഇങ്ങനെ വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നതിനിടെയാണ് ഒരു ചെറുകിട സംരംഭകനാകണമെന്ന മോഹം ശ്രാവണ്‍കുമാറിന്റെ മനസില്‍ തോന്നിയത്. ഒട്ടും താമസിച്ചില്ല. കാര്യങ്ങള്‍ നല്ലവണ്ണം പഠിച്ച് സെറാമിക്കിന്റെയും കോണ്‍ക്രീറ്റ് ഉല്പന്നങ്ങളുടെയും മൊത്തവ്യാപാരം തുടങ്ങി. തുടക്കത്തില്‍ ബിസിനസ് ചെറുതായിരുന്നെങ്കിലും അത് വളര്‍ന്നുപന്തലിക്കാന്‍ അധികം സമയം വേണ്ടിവന്നില്ല.
കാല്‍ക്കാശിന് വകയില്ലെങ്കിലും ശ്രാവണ്‍കുമാറിനെ കുഞ്ഞുന്നാള്‍ മുതല്‍ മോഹിപ്പിച്ചിരുന്നത് ആകാശവും പറന്നുനടക്കുന്ന വിമാനങ്ങളുമായിരുന്നു. മോഹം ആരോടും പറഞ്ഞില്ലെങ്കിലും എന്നെങ്കിലും ഒരിക്കല്‍ താനും പറന്നുനടക്കുമെന്ന് കുഞ്ഞുശ്രാവണ്‍ അന്നേ മനസില്‍ കുറിച്ചിട്ടു. മൊത്തവ്യാപാരം നല്ലനിലയില്‍ മുന്നോട്ടുപോയിത്തുടങ്ങിയതോടെ, മനസില്‍ കൊണ്ടുനടന്ന ആ പഴയ ആഗ്രഹത്തെ പൊടിതട്ടിയെടുത്തു. പിന്നെ പതുക്കെ, അതിലേറെ കരുതലോടെ അതിലേക്ക് ചുവടുവച്ചു.2023ലാണ് ശംഖ് എയറിന്റെ മാതൃകമ്പനിയായ ശംഖ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് തുടക്കം കുറിച്ചത്. തട്ടലും മുട്ടലും ഇല്ലാതെ മുന്നോട്ടുപോകാനുള്ള സാമ്പത്തിക സ്ഥിതര ഉറപ്പിച്ചതോടെ എയര്‍ലൈന്‍ രംഗത്തേക്ക് കടന്നു.
ഇന്‍ഡിഗോ വിമാക്കമ്പനിക്കുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് മേഖലയില്‍ പുതിയ കമ്പനികളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കവും ശ്രാവണിന് അനുകൂലമായി. ശംഖ് എയര്‍ലൈന്‍സിന് നോ ഒബ്ജഷന്‍ സര്‍ട്ടിഫിക്ക് ലഭിച്ചുകഴിഞ്ഞു. അധികം വൈകാതെതന്നെ പ്രവര്‍ത്തനം തുടങ്ങും. സാധാരണക്കാരെ കൈവിടാതെവളര്‍ന്ന് വലുതായെങ്കിലും സാധാരണക്കാരെ കൈവിടാന്‍ ശ്രാവണ്‍കുമാര്‍ ഒരുക്കമല്ല. മിതമായ നിരക്കില്‍ ഏവര്‍ക്കും യാത്രാസൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. മദ്ധ്യവര്‍ഗക്കാരെയാണ് കൂടുതല്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്.
പണക്കാര്‍ക്കുമാത്രമുള്ളതാണ് വിമാനയാത്ര എന്ന സങ്കല്പത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ശ്രാവണ്‍ പറയുന്നു. അതിനാല്‍ ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന പതിവുരീതി ശംഖില്‍ ഉണ്ടാവില്ല. പഴയ ചില എയര്‍ലൈനുകളെയും ചില സ്റ്റാര്‍ട്ടപ്പുകളെയും ഏറ്റെടുക്കാനും ലക്ഷ്യമിടുന്നുണ്ട്. നോയിഡ, ലക്‌നൗ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാവും പ്രവര്‍ത്തനം തുടങ്ങുക. ഡല്‍ഹി. മുംബയ് തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിലേക്കാവും കൂടുതല്‍ സര്‍വീസുകള്‍. തുടക്കത്തില്‍ എയര്‍ബസ് വിമാനങ്ങളായിരിക്കും ഉപയോഗിക്കുക.
ഈ മാസം പകുതിയോടെ സര്‍വീസ് തുടങ്ങാനാണ് ശംഖ് എയറിന്റെ തീരുമാനം. മൂന്ന് എയര്‍ബസ് വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ലക്നൗവില്‍ നിന്നായിരിക്കും ശംഖ് എയര്‍ സര്‍വീസ് നടത്തുക. ആദ്യം ചുരുക്കം ചിലയിടങ്ങളിലേക്ക് സര്‍വീസ് നടത്തും. പിന്നീട് സംസ്ഥാനങ്ങളിലാകെ വ്യാപിപ്പിക്കും. 2028-29 ഓടെ അന്താരാഷ്ട്ര സര്‍വീസും ആരംഭിക്കാനാണ് പദ്ധതി എന്ന് ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ പറഞ്ഞു.
ഇടത്തരം വരുമാനക്കാരായ യാത്രക്കാര്‍ക്ക് സുഗമമായ യാത്രയാണ് ശ്രാവണ്‍ കുമാറിന്റെ ലക്ഷ്യം. നാലു വര്‍ഷം മുമ്പാണ് വിമാനക്കമ്പനി തുടങ്ങാനുള്ള ശ്രമങ്ങളാരംഭിക്കുന്നത്. നടപടിക്രമങ്ങള്‍ മനസ്സിലാക്കി പണം കണ്ടെത്തി. ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായെന്ന് അദ്ദേഹം പറഞ്ഞു. ബസ്, ടെമ്പോ ഗതാഗതം പോലൊരു ഗതാഗത മാര്‍ഗം മാത്രമാണ് വിമാനയാത്ര. ഇതിന് മാത്രമായി പ്രത്യേകതയൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം ഇതിന്റെ നടപടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്‍ഒസി എങ്ങനെ കിട്ടുമെന്ന് കാര്യത്തെക്കുറിച്ച് പഠിച്ചു. എങ്ങനെയാണ് സിസ്റ്റം പ്രവര്‍ത്തിക്കുന്നതെന്നും എന്തൊക്കെയാണ് നിയമവശങ്ങളെന്നും മനസ്സിലാക്കി. തുടര്‍ന്നായിരുന്നു മറ്റുള്ള നടപടിക്രമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സീസണ്‍ അനുസരിച്ച് തങ്ങള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ എന്തു പറയുമെന്ന് നോക്കി കാര്യങ്ങള്‍ തീരുമാനിക്കുന്ന ശീലം തനിക്കില്ലെന്ന് ശ്രാവണ്‍കുമാര്‍ പറയുന്നു. ഒരു കാലത്ത് ടെമ്പോ ഓടിച്ചിരുന്ന താന്‍ ഇന്ന് വിമാന കമ്പനി തുടങ്ങി. അത് സാധിക്കുമെങ്കില്‍ പുതിയ യുവാക്കള്‍ക്കും അതിനപ്പുറം സാധിക്കുമെന്നും മാനസികമായി തയ്യാറാകുക മാത്രമാണ് വേണ്ടതെന്നും ശ്രാവണ്‍ കുമാര്‍ പറഞ്ഞു.
