തിരുവനന്തപുരത്തെ വിജയം സുവര്‍ണ്ണ ലിപികളില്‍ എഴുതിയ ചരിത്ര നേട്ടം; കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു; ജനങ്ങള്‍ക്ക് നന്ദി, വികസിത തിരുവനന്തപുരം യാഥാര്‍ഥ്യമാക്കും; മേയര്‍ വി വി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചെടുത്തതില്‍ തലസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരെയും മേയര്‍ വി.വി രാജേഷിനെയും ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുവര്‍ണ്ണ ലിപികളില്‍ എഴുതിയ ചരിത്ര നേട്ടമാണ് തിരുവനന്തപുരത്ത് ഉണ്ടായതെന്ന് അനുമോദനക്കത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. വികസിത തിരുവനന്തപുരമെന്ന എന്‍ഡിഎ ആശയം ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് തിരുവനന്തപുരത്തെ വിജയമെന്ന് മോദി അനുമോദന കത്തില്‍ മോദി പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചരിത്രപരമായ പ്രകടനം കാഴ്ചവച്ച നമ്മുടെ പാര്‍ട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കൗണ്‍സിലര്‍മാരെയും കാര്യകര്‍ത്താക്കളെയും അഭിനന്ദിക്കുന്നതായി മേയര്‍ക്കയച്ച കത്തില്‍ മോദി പറഞ്ഞു.
തലസ്ഥാനത്തെ പാര്‍ട്ടിയുടെ വിജയം കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഡല്‍ഹിയിലെ സുഹൃത്തുക്കളും കേരളത്തില്‍ ശത്രുക്കളും ആയിട്ടുള്ള എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മത്സരം ഉടന്‍ അവസാനിക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ ധാര്‍മികതയ്ക്ക് വിരുദ്ധമായ അഴിമതിയുടെയും ക്രൂരതയുടെയും സംസ്‌കാരമാണ് വളര്‍ത്തിയത്. കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരുവിന്റെയും, അയ്യങ്കാളിയുടെയും, മന്നത്ത് പത്മനാഭന്റെയും ആശയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി കത്ത് അവസാനിപ്പിച്ചത്. പാര്‍ട്ടിയോട് കാണിച്ച ഊഷ്മളതയ്ക്ക് ഈ നഗരത്തിലെ ജനങ്ങളോടും താന്‍ നന്ദി പറയുന്നുവെന്നും മോദി കുറിച്ചു. തിരുവനന്തപുരം നഗരത്തിന്റെ വികസനമെന്ന തങ്ങളുടെ കാഴ്ചപ്പാട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മേയര്‍ വി.വി രാജേഷാണ് ഈ കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
പ്രധാനമന്ത്രി നരേന്ദമോദിയുടെ പുതുവത്സരസമ്മാനമാണ് അനുമോദന സന്ദേശമെന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞു. 'മോദിജിയുടെ ഈ സഹായ വാഗ്ദാനം ലഭിച്ചതിലൂടെ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് കൈവന്നിട്ടുള്ളത്. കഴിഞ്ഞ നീണ്ട നാളുകളായുള്ള കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന് നമ്മുടെ പ്രധാനമന്ത്രി തിരിച്ചു നല്കുന്ന സ്‌നേഹവും കരുതലും ഈ സംസ്ഥാനത്തിനുള്ള അംഗീകാരം കൂടിയാണ്. എക്കാലത്തും കേരളം പ്രധാന മന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും, കേന്ദ്ര ബിജെപിയോടുമുള്ള നന്ദിയും, കടപ്പാടും സ്‌നേഹവും ഹൃദയത്തില്‍ സൂക്ഷിക്കും, മോദിജിക്ക് തിരുവനന്തപുരത്തിന്റെ നന്ദി'- രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
