അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാതെ എല്ലാം മതിമറന്ന് ആഘോഷിക്കുന്ന ആളുകൾ; കുടിച്ച് കൂത്താടി നല്ല നാളെയെ വരവേൽക്കാൻ ആർത്ത് ഉല്ലസിച്ചവർ; പെട്ടെന്ന് കണ്ണ് അടച്ച് തുറക്കും മുമ്പ് ബാർ തീഗോളമാകുന്ന കാഴ്ച; ആർക്കും രക്ഷാപ്പെടാൻ പോലും പറ്റാത്ത അവസ്ഥ; 40 പേരുടെ ജീവൻ ഒറ്റയടിക്ക് വെന്തുരുകി; നാടിനെ നടുക്കിയ സ്കീ റിസോർട്ട് ദുരന്തത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്ത്?
ബേൺ: സ്വിറ്റ്സർലൻഡിലെ ക്രാൻസ് മൊണ്ടാനയിലെ ഒരു പ്രമുഖ സ്കീ റിസോർട്ടിൽ പുതുവർഷ ആഘോഷങ്ങൾക്കിടെയുണ്ടായ വൻ തീപിടിത്തത്തിൽ 40 പേർ മരിക്കുകയും 119 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഘോഷങ്ങൾക്കായി ഷാംപെയ്ൻ ബോട്ടിലുകളിൽ സ്ഥാപിച്ചിരുന്ന കമ്പിത്തിരികളിൽ നിന്നാണ് തീ സീലിംഗിലേക്ക് പടർന്നതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ദുരന്തത്തിന് പിന്നിൽ ആഘോഷവേളയിലെ അശ്രദ്ധയാണെന്ന് വലൈസ് അറ്റോണി ജനറൽ ബീയാട്രിസ് പില്ലോഡ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരെ അറിയിച്ചു.
അപകടകാരണത്തെക്കുറിച്ച് അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. സീലിംഗിനോട് ചേർത്ത് വെച്ചിരുന്ന കമ്പിത്തിരികളിൽ നിന്ന് തീപ്പൊരി പടരുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പുറത്തുവന്ന ദൃശ്യങ്ങളിൽ സീലിംഗിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നവരെയും കാണാം. ഷാംപെയ്ൻ ബോട്ടിലുകളിലെ കമ്പിത്തിരികളാണ് തീപിടിത്തത്തിന് കാരണമായതെന്ന് തെളിഞ്ഞാൽ, അപകടത്തിന് ഉത്തരവാദികളായവർ രക്ഷപ്പെട്ടവരിൽ ഉണ്ടെങ്കിൽ അവർക്കെതിരെ കേസെടുക്കുമെന്നും അറ്റോണി ജനറൽ വ്യക്തമാക്കി.
ബാറിലെ സുരക്ഷാ മാനദണ്ഡങ്ങളും അപകടസമയത്ത് ബാറിനുള്ളിലുണ്ടായിരുന്ന ആളുകളുടെ എണ്ണവും അന്വേഷണ പരിധിയിലുണ്ട്. നിലവിലെ അന്വേഷണത്തിൽ ലഭ്യമാകുന്ന സൂചനകൾ ഈ നിഗമനങ്ങളെ ബലപ്പെടുത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിന് പിന്നിൽ അട്ടിമറിയോ ആക്രമണമോ ഉണ്ടാകാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളഞ്ഞു.
ദുരന്തത്തിൽ മരിച്ച 40 പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായ പൊള്ളലുകളാണുള്ളത്. ഇതുവരെ 113 പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ 71 പേർ സ്വിസ് പൗരന്മാരും, 14 പേർ ഫ്രാൻസ് പൗരന്മാരും, 11 പേർ ഇറ്റലി പൗരന്മാരും, 4 പേർ സെർബിയ സ്വദേശികളുമാണ്. ഫ്രാൻസ് ഫുട്ബോൾ താരമായ തഹിരിസ് ദോസ് സാന്റോസിനും അഗ്നിബാധയിൽ പൊള്ളലേറ്റിട്ടുണ്ട്. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ റിസോർട്ടിൽ മൂന്ന് തവണ സുരക്ഷാ പരിശോധനകൾ നടന്നിട്ടുണ്ടെന്ന് ഉടമ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടകാരണവും ഉത്തരവാദിത്തപ്പെട്ടവരെയും കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണ്.
