14ാം വയസ്സില്‍ തുടങ്ങിയ പുകവലി, കൂട്ടിന് 'മാന്ത്രിക പാനീയവും'! 121-ാം ജന്മദിനത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ എന്നവകാശപ്പെട്ടിരുന്ന ജാന്‍ സ്റ്റീന്‍ബര്‍ഗ് വിടവാങ്ങി; 'ദൈവമാണ് എന്റെ ഓക്‌സിജനെന്ന് 'വിശ്വസിച്ച ജാനിന്റെ വിസ്മയ ജീവിതം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ എന്നവകാശപ്പെട്ടിരുന്ന ജാന്‍ സ്റ്റീന്‍ബര്‍ഗ് വിടവാങ്ങി

Update: 2026-01-08 17:22 GMT

കേപ് ടൗണ്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ എന്ന് അവകാശപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കയുടെജാന്‍ സ്റ്റീന്‍ബര്‍ഗ് (ഊം ജാന്‍' (Oom Jan) ഇനി ഓര്‍മ്മ. 121-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെ പുതുവത്സര ദിനത്തിലാണ് ജാന്‍ സ്റ്റീന്‍ബെര്‍ഗ് വിടവാങ്ങിയത്. ഈസ്റ്റേണ്‍ കേപ് പ്രവിശ്യയിലെ കോള്‍ചെസ്റ്റര്‍ ഗ്രാമത്തിലായിരുന്നു അന്ത്യം. ആസ്ത്മ ബാധയെത്തുടര്‍ന്നായിരുന്നു മരണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

റെക്കോഡുകളില്‍ ഇടംപിടിക്കാത്ത 'അപ്പൂപ്പന്‍'


1904 ഡിസംബര്‍ 31-നാണ് താന്‍ ജനിച്ചതെന്ന് ജാന്‍ അവകാശപ്പെട്ടിരുന്നു. ഇത് ശരിയാണെങ്കില്‍ ലോകത്തിലെ നിലവിലെ റെക്കോഡുകളെല്ലാം ജാന്‍ തകര്‍ക്കുമായിരുന്നു. എന്നാല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് ഔദ്യോഗികമായി ഇദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. നിലവില്‍ ബ്രസീല്‍ സ്വദേശിയായ ജോവോ മരീഞ്ഞോ നെറ്റോയുടെ പേരിലാണ് ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോഡ്. എങ്കിലും ദക്ഷിണാഫ്രിക്കക്കാര്‍ക്ക് ജാന്‍ എന്നും ലോകത്തിലെ അത്ഭുത മനുഷ്യനായിരുന്നു.

പുകവലിച്ചും പാനീയം കുടിച്ചും 121 വര്‍ഷം!

ജാനിന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. 14-ാം വയസ്സില്‍ തുടങ്ങിയതാണ് പുകവലി. അന്ന് സിഗരറ്റുകള്‍ മോഷ്ടിച്ചായിരുന്നു തുടക്കം. എന്നാല്‍ ഇത്രയും പ്രായമായിട്ടും പുകവലി അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. തന്റെ ആയുസ്സിന്റെ രഹസ്യത്തെക്കുറിച്ച് ജാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ദൈവമാണ് എന്റെ ഓക്‌സിജനും രക്ഷകനും. ഞാന്‍ പുകവലിക്കുമെങ്കിലും ദൈവം എന്നെ കാക്കുന്നു' - ഇതായിരുന്നു ജാനിന്റെ ഉറച്ച വിശ്വാസം.

ദിവസവും അദ്ദേഹം കുടിച്ചിരുന്ന ഒരു പരമ്പരാഗത ഔഷധ പാനീയം (Herbal Drink) തന്റെ ആരോഗ്യത്തിന്റെ രഹസ്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇത് ഒരു 'മാന്ത്രിക മരുന്ന്' പോലെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ജാനിന്റെ പക്ഷം.

രണ്ടുലോകമഹായുദ്ധങ്ങള്‍ക്ക് സാക്ഷി

രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന (Apartheid) കാലത്തെ ക്രൂരതകള്‍ക്കും കോവിഡ് മഹാമാരിക്കും സാക്ഷിയായ വ്യക്തിയായിരുന്നു ജാന്‍. തന്റെ ജീവിതകാലത്ത് ശവക്കുഴി വെട്ടുന്നവനായും മീന്‍പിടുത്തക്കാരനായും ഗോള്‍ഫ് കെയ്ഡിയായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

മൃഗസ്‌നേഹിയും നര്‍ത്തകനും

ഏറ്റവും പ്രായം കൂടിയ പൗരനുള്ള ബഹുമതികള്‍ എല്ലാ വര്‍ഷവും ജാനിനെ തേടിയെത്താറുണ്ട്. ആഡംബര പൂര്‍ണ്ണമായ കോട്ടും തൊപ്പിയും ധരിച്ച് പരിപാടികളില്‍ നൃത്തം ചെയ്യുന്ന ജാന്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു. അത്യന്തം വിനയശീലനായ അദ്ദേഹം ഒരു മൃഗസ്‌നേഹി കൂടിയായിരുന്നു. രണ്ട് മക്കളും പേരമക്കളും ഉള്‍പ്പെടെയുള്ള വലിയ കുടുംബത്തോടൊപ്പം നാല് പട്ടികളും ഒരു പൂച്ചയും അദ്ദേഹത്തിന്റെ അന്ത്യനിമിഷം വരെ കൂടെയുണ്ടായിരുന്നു.

മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച ജാന്‍, ഒരു വലിയ കാലഘട്ടത്തിന്റെ സാക്ഷിയായിട്ടാണ് മടങ്ങുന്നത്.

Tags:    

Similar News