ജനനായകന്റെ റിലീസിന് സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്ക്; പരാശക്തിക്ക് അനുമതി; ഇമ്പന്‍ ഉദയനിധിക്ക് വേണ്ടി വിജയിയെ വെട്ടിയോ? ദളപതിയുടെ അവസാന ചിത്രം പെട്ടിയിലാക്കാന്‍ ഡിഎംകെയുടെ രാഷ്ട്രീയ കളിയോ? വിജയ് ആരാധകര്‍ തെരുവില്‍; സിനിമപ്പോരില്‍ പുകഞ്ഞ് തമിഴക രാഷ്ട്രീയം

Update: 2026-01-09 08:14 GMT

ചെന്നൈ: ജനനായകന്‍ റിലീസിന് സെന്‍സര്‍ ബോര്‍ഡ് ഉടക്ക് തുടരുന്നതിനിടെ പരാശക്തിക്ക് പ്രദര്‍ശന അനുമതി നല്‍കിയതോടെ സിനിമപ്പോരില്‍ പുകഞ്ഞ് തമിഴക രാഷ്ട്രീയം. ശിവ കാര്‍ത്തികേയന്‍ നായകനായ പരാശക്തിക്ക് റിലീസ് തലേന്ന് U/A സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതായി നിര്‍മാതാക്കളായ ഡോണ്‍ പിക്‌ചേഴ്‌സ് അറിയിച്ചു. സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രം നാളെ റിലീസ് ചെയ്യുമെന്ന് ഇന്ന് തമിഴ് പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. ഹിന്ദി വിരുദ്ധ പ്രക്ഷോഭം ചര്‍ച്ചയായ ചിത്രത്തിന് 20ലേറെ കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. റിവൈസിംഗ് കമ്മിറ്റിയും ചിത്രം പരിശോധിച്ചതിന് ശേഷമാണ് അനുമതി നല്‍കിയത്. ഈ മാസം 14ന് നിശ്ചയിച്ചിരുന്ന പരാശക്തി റിലിസ് നേരത്തേയാക്കിയത് വിജയ് ചിത്രത്തിന്റെ തിയേറ്ററുകള്‍ കുറയ്ക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനിടെ ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ചിത്രത്തിലെ രാഷ്ട്രീയ സൂചനകളും വിജയ്യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുമാണ് ജനനായകന് എതിരായ നീക്കത്തിനുപിന്നിലെ കാരണമെന്ന് ടിവികെ നേതാക്കള്‍ ആരോപിച്ചിരുന്നു. 'പരാശക്തി' സിനിമയ്ക്കു വേണ്ടി ജനനായകന്റെ റിലീസ് വൈകിപ്പിക്കാന്‍ ഡിഎംകെ ശ്രമിക്കുന്നെന്നു വിജയ് ആരാധകരും ആരോപിച്ചിട്ടുണ്ട്. ഡോണ്‍ പിക്ചേഴ്സിന്റെ ആകാശ് ഭാസ്‌കരന്‍ നിര്‍മിക്കുന്ന പരാശക്തി വിതരണം ചെയ്യുന്നത് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇന്‍പനിധി തലവനായുള്ള 'റെഡ് ജയന്റ് മൂവീസ്' ആണ്.

തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യുടെ അവസാന സിനിമയായി പ്രഖ്യാപിക്കപ്പെട്ട 'ജനനായക'ന്റെ റിലീസില്‍ അവ്യക്തത തുടരുന്നതിനിടെയാണ് അതിനൊപ്പം റിലീസ് പ്രഖ്യാപിച്ച ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ജനനായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും റിലീസ് എന്ന് എന്നു വ്യക്തമായിട്ടില്ല. ചിത്രം ഇന്നായിരുന്നു പുറത്തിറങ്ങേണ്ടിയിരുന്നത്.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി, നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികള്‍ ലഭിച്ചതിനാല്‍ ചിത്രം വീണ്ടും കാണാന്‍ റിവൈസിങ് കമ്മിറ്റിക്കു കൈമാറിയെന്നു ബോര്‍ഡ് വിശദീകരണവും നല്‍കി. ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ കത്ത് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി, എത്രയും വേഗം യു എ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് മാറ്റിയതോടെ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കിയിരുന്നു.

പരാശക്തിയും വെട്ടി

'പരാശക്തി'ക്ക് സെന്‍സര്‍ ബോര്‍ഡ് നേരത്തെ 23 കട്ടുകള്‍ നിര്‍ദേശിച്ചിരുന്നു. ഇതുകൂടാതെ പുതിയ 15 കട്ടുകള്‍ കൂടി ബോര്‍ഡ് നിര്‍ദേശിച്ചതോടെയാണ് ചിത്രം പ്രതിസന്ധിയിലായത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളും ഡയലോഗുകളുമുണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിരീക്ഷണം. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം അസ്വീകാര്യമാണെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ നിലപാട്. നിര്‍ദേശിക്കപ്പെട്ട തിരുത്തലുകള്‍ ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തേയും അടിസ്ഥാന കഥയേയും ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു സംവിധായികയുടെ വാദം.

ശിവകാര്‍ത്തികേയന് പുറമേ രവി മോഹനും അഥര്‍വയും ശ്രീലീലയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് ഡോണ്‍ പിക്‌ചേഴ്‌സ് ആണ്. റെഡ് ജയന്റ് മൂവീസിനാണ് ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണവകാശം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കൊച്ചുമകനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകനുമായ ഇമ്പന്‍ ഉദയനിധിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Tags:    

Similar News