ഹെല്‍മെറ്റും മാസ്‌കും ധരിച്ച് ബൈക്കിലെത്തി ഗൂഗിള്‍ പേ തട്ടിപ്പ്; ചോദ്യം ചെയ്താല്‍ ഗുണ്ടകളുടെ ഭീഷണി! വ്യാജ ടിക് മാര്‍ക്ക് കാണിച്ച് വ്യാപാരികളെ കബളിപ്പിക്കുന്ന സംഘം വ്യാപകം; യുപിഐ കള്ളന്മാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല

Update: 2026-01-12 11:58 GMT

കൊച്ചി: സാധനങ്ങള്‍ വാങ്ങി യുപിഐ പെയ്‌മെന്റിന്റെ മറവില്‍ വ്യാപാരികളെ കബളിപ്പിക്കുന്ന സംഘം പറവൂര്‍ ഭാഗങ്ങളില്‍ വ്യാപകം. ഹെല്‍മെറ്റും മാസ്‌കും ധരിച്ച് ബൈക്കിലെത്തുന്ന സംഘങ്ങളാണ് ഗൂഗിള്‍ പേ തട്ടിപ്പിന് പിന്നില്‍. സാധനങ്ങള്‍ വാങ്ങിയ ശേഷം വ്യാജ ടിക് മാര്‍ക്ക് കാണിച്ചാണ് വ്യാപാരികളെ കബളിപ്പിക്കുന്നത്. സാധനങ്ങള്‍ വാങ്ങി 'ചേട്ടാ ആയിട്ടുണ്ട്', പണം പോയതിന്റെ 'ടിക്' മാര്‍ക്കും കാണിച്ച് ഞൊടിയിടയില്‍ മുങ്ങുകയാണ് സംഘം ചെയ്യുന്നത്. വടക്കന്‍ പറവൂരിലാണ് ഇത്തരത്തിലുള്ള സംഘത്തെ കൊണ്ട് വ്യാപാരികള്‍ പൊറുതി മുട്ടുന്നത്. നമ്പര്‍ കണ്ടെത്തി വിളിച്ചു കഴിഞ്ഞാല്‍ ഇവര്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഏറി വന്നതോടെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് പറവൂരിലെ വ്യാപാരികള്‍.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നായിരുന്നു ആദ്യ സംഭവം. പറവൂര്‍ ജങ്ഷനിലുള്ള തെക്കേനാരുവഴിയില്‍ സ്‌പെയ്ര്‍പാര്‍ട്‌സ് കടയിലാണ് സംഘത്തിന്റെ തട്ടിപ്പ് ആദ്യം നടന്നത്. രണ്ടു യുവാക്കള്‍ ബൈക്കിലെത്തിയതായിരുന്നു തുടക്കം. ഒരാള്‍ ഹെല്‍മെറ്റും രണ്ടാമന്‍ മാസ്‌കും ധരിച്ചിരുന്നു. രണ്ടാമനാണ് കടയില്‍ കയറി സാധനങ്ങള്‍ വാങ്ങിയത്. ഇങ്ങനെ 1680 രൂപയ്ക്കു സാധനങ്ങള്‍ വാങ്ങിയശേഷം ഗൂഗിള്‍ പേ വഴി പണം നല്‍കാമെന്നു വ്യക്തമാക്കി സ്‌കാന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും കാമറയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അതു നടന്നില്ല. തുടര്‍ന്ന് മറ്റൊരു ഫോണില്‍നിന്നു പണം അയയ്ക്കുകയും 'ടിക്' മാര്‍ക്ക് കാണിച്ച് നൊടിയിടയില്‍ പോകാനും തുടങ്ങി. എന്നാല്‍ കടയിലുണ്ടായിരുന്ന ഉടമയുടെ ബന്ധു പരിശോധിച്ചപ്പോള്‍ പണം എത്തിയിട്ടില്ല. ബൈക്കിനു പിന്നിലെത്തി ഇവരോട് കാര്യം പറഞ്ഞതോടെ പണം അയച്ചു എന്നായി യുവാക്കള്‍. പണം അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അയയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് മറ്റൊരു നമ്പരില്‍ നിന്ന് ഒരു ടെക്സ്റ്റ് മെസേജ്. ഇത് വ്യാജമാണെന്ന് അപ്പോള്‍ തന്നെ മനസിലായെന്ന് കട ഉടമ പറയുന്നു. ആ ടെക്സ്റ്റ് മെസേജില്‍ തന്നെ അക്ഷരത്തെറ്റുണ്ടായിരുന്നു.

ഇതിനിടെ, ബന്ധു ഉടമയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പണം നല്‍കിയവരും ഉടമയുമായി സംസാരിക്കുകയും പണം കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് 'എല്ലാം ശരിയായി' എന്നു പറഞ്ഞ് ഇവര്‍ ഫോണ്‍ ബന്ധുവിനു കൈമാറി ബൈക്കുമെടുത്ത് പോവുകയായിരുന്നു. ബൈക്കിനു നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ടെക്സ്റ്റ് മെസേജ് വന്ന നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടു പോലുമില്ലാത്ത ഭാവത്തിലാണ് മറുതലയ്ക്കല്‍നിന്നു പ്രതികരണമുണ്ടായത്. താന്‍ തൃശൂരില്‍ ട്രാവലര്‍ ബിസിനസ് നടത്തുന്ന ആളാണെന്നും 'എന്തു വേണമെങ്കിലും ചെയ്‌തോ, ഇതൊക്കെ കുറെ കണ്ടതാണ്' എന്ന ഭീഷണിയുമാണ് അവിടെ നിന്നുണ്ടായതെന്നും കടയുടമ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ലെന്നും സ്ഥലത്തെ വ്യാപാരികള്‍ പറയുന്നു.

അതിനിടെയാണ് അടുത്തിടെ, രണ്ടു ചെറുപ്പക്കാര്‍ ഇതേ കടയില്‍ തന്നെ വീണ്ടുമെത്തിയത്. അവര്‍ 700 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങി പണം അയച്ചതായി ഏതോ ഒരു ആപ്പിന്റെ 'ടിക്' മാര്‍ക്ക് കാണിച്ചു. എന്നാല്‍ പണം ലഭിച്ചിട്ടില്ലെന്ന് കടയുടമ പറഞ്ഞതോടെ, തങ്ങള്‍ എടിഎമ്മില്‍നിന്ന് പണമെടുത്തു വരാമെന്നു പറഞ്ഞ് സാധനങ്ങള്‍ കൊണ്ടുപോകാതെ ഇവര്‍ പോവുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇതേ കടയുടെ തൊട്ടടുത്ത കടയില്‍ നിന്ന് 1900 രൂപയുടെ ബാറ്ററി വാങ്ങി സമാന രീതിയില്‍ തട്ടിപ്പ് നടത്തി കടന്നത്. പരാതിയും സിസി ടിവി ദൃശ്യങ്ങളുടമക്കം പരാതി നല്‍കി കാത്തിരിക്കുകയാണ് വ്യാപാരികള്‍.

Similar News