ശങ്കരദാസിനെ തൊടാന്‍ മടിച്ച് പോലീസ്; മകന്‍ എസ്പി ആയതുകൊണ്ടാണോ ഈ വിട്ടുവീഴ്ച? ഹൈക്കോടതിയുടെ വിമര്‍ശനം കിട്ടിയിട്ടും അനങ്ങാതെ അന്വേഷണസംഘം; ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം മാത്രം അറസ്റ്റ്; കൊച്ചി കമ്മീഷണറുടെ അച്ഛന്‍ ഐസിയുവില്‍
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെയും സര്‍ക്കാരിന്റെയും നടപടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായെങ്കിലും പ്രത്യേക അന്വേഷണ സംഘം മൗനത്തില്‍. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട അന്നു മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ കഴിയുകയാണെന്നും, അദ്ദേഹത്തിന്റെ മകന്‍ എസ്പി ആയതുകൊണ്ടാണോ ഇത്തരമൊരു വീഴ്ചയെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ എസ്ഐടിയോടു ആരാഞ്ഞു. സര്‍ക്കാരിനും പോലീസിനും വലിയ തിരിച്ചടിയായിരിക്കുകയാണ് കോടതിയുടെ ഈ പരാമര്‍ശം.
പ്രതിചേര്‍ക്കപ്പെട്ട ഉടന്‍ പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായ ശങ്കരദാസ് നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ്. ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ച ഘട്ടത്തില്‍ അപ്രതീക്ഷിതമായി രക്തസമ്മര്‍ദ്ദം ഉയര്‍ന്നത് അറസ്റ്റ് നടപടികള്‍ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന ആരോപണം ശക്തമാണ്. ഇതിനിടെ, ശങ്കരദാസ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി വിധി പറയാനായി ജനുവരി 14-ലേക്ക് മാറ്റിയിട്ടുണ്ട്. ഈ കോടതി വിധി വന്നതിനുശേഷം മാത്രമേ അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടക്കൂ എന്നാണ് സൂചന. അതു വരെ കാത്തു നില്‍ക്കും. ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍ കൊച്ചി കമ്മീഷണറാണ്. ഐജി റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ ശങ്കരദാസിന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ്. എന്നാല്‍ ശങ്കരദാസ് ഇപ്പോഴും ഐസിയുവിലാണ്. ആശുപത്രിയുടെ നിലപാടും ഇനി അറസ്റ്റില്‍ നിര്‍ണ്ണായകമാകും.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ക്ക് പകരം ചെമ്പ് പാളികള്‍ സ്ഥാപിച്ചു കടത്തിയെന്ന ഗുരുതര ആരോപണത്തിലാണ് ശങ്കരദാസ് പ്രതിസ്ഥാനത്തുള്ളത്. ബോര്‍ഡ് യോഗത്തിന്റെ മിനുട്ട്‌സില്‍ വരുത്തിയ തിരുത്തലുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശങ്കരദാസിനും മുന്‍ പ്രസിഡന്റ് പത്മകുമാറിനും എതിരെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യനില മോശമാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അറസ്റ്റ് തടയാനാണ് പ്രതിഭാഗം ശ്രമിക്കുന്നത്. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് ആരോഗ്യനില പരിശോധിപ്പിക്കാനുള്ള നീക്കത്തിലാണ് എസ്ഐടി. ജനുവരി 14-ലെ കോടതി വിധി ശങ്കരദാസിനും സര്‍ക്കാരിനും ഒരുപോലെ നിര്‍ണ്ണായകമാകും.
പക്ഷാഘാതത്തെ തുടര്‍ന്ന് ശങ്കരാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൂര്‍ണ്ണ രോഗമുക്തി നേടിയതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ആശുപത്രിയില്‍ നിന്നും ശങ്കരദാസിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ഇതിനിടെ അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങള്‍ ശങ്കരദാസിനുണ്ടായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ പോലും അമ്പരപ്പിക്കുന്ന തരത്തില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു. ഇതോടെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. ശബരിമല കൊള്ളയില്‍ പ്രതിസ്ഥാനത്താണ് ശങ്കരദാസ്. സുപ്രീംകോടതിയില്‍ പോലും അറസ്റ്റു തടയാനുള്ള നിയമ പോരാട്ടം നടത്തി. എന്നാല്‍ ഫലം കണ്ടില്ല. ഇതിനിടെയാണ് പക്ഷഘാതം വന്ന് ആശുപത്രിയില്‍ എത്തിയത്. ഇതോടെ പോലീസിന് അറസ്റ്റു ചെയ്യാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. വീണ്ടും ഐസിയുവില്‍ ആയതോടെ ഇനിയും അറസ്റ്റ് നീളുമെന്ന വിലയിരുത്തലെത്തി. ഇതിനിടെയാണ് ഹൈക്കോടതി വിമര്‍ശനം വന്നത്.
പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതെന്നാണ് ശങ്കരദാസിനൊപ്പമുള്ളവര്‍ പറയുന്നത്. ഇതോടെ ശബരിമല കൊള്ളക്കേസിലെ നിര്‍ണായകമായ അറസ്റ്റ് നടപടികള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. ശബരിമലയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളില്‍ പ്രതിയായ ശങ്കരദാസ്, അറസ്റ്റ് ഒഴിവാക്കാനായി സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും അനുകൂലമായ വിധി ലഭിക്കാതിരുന്നതോടെ അന്വേഷണസംഘം അറസ്റ്റ് നടപടികളിലേക്ക് നീങ്ങുകയായിരുന്നു. ഈ ഘട്ടത്തിലാണ് പക്ഷാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില പൂര്‍ണ്ണമായും സാധാരണ നിലയിലായാല്‍ മാത്രമേ നിയമനടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് വൈകിപ്പിക്കാനുള്ള നീക്കമാണിതെന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പോലീസിന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.
