ശരണ്യയുടെ വസ്ത്രത്തിലെ ആ ഉപ്പുവെള്ളം ശാസ്ത്രീയമായി കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഭര്‍ത്താവ് പ്രതിയാകുമായിരുന്നു; ഇത് യാദൃശ്ചികമായ കൊലയല്ല; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; പക്ഷേ വധശിക്ഷയില്ല! ടിപി കേസും രാജീവ് ഗാന്ധി വധവും ഉദ്ധരിച്ച് ജഡ്ജി!
കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുള്ള വിയാനെന്ന പിഞ്ചുകുഞ്ഞിനെ കടലിലെ പാറക്കൂട്ടത്തില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ അമ്മ ശരണ്യക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച കോടതി പ്രോസിക്യൂഷനും പൊലീസിനുമെതിരെ ഉന്നയിച്ചത് രൂക്ഷവിമര്‍ശനങ്ങള്‍. കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ വെറുതെ വിട്ട കോടതി ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കണ്ടെത്തി. പൊലീസ് സദാചാര പൊലീസ് ചമഞ്ഞതായും കോടതി വിമര്‍ശിച്ചു.
അമ്മ ശരണ്യക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. തളിപ്പറമ്പ് അഡീ.സെഷന്‍സ് ജഡ്ജി കെ.എന്‍.പ്രശാന്താണ് പ്രമാദമായ കേസില്‍ ഇന്ന് വിധി പ്രസ്താവിച്ചത്. ശരണ്യ കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച്ച കണ്ടെത്തിയിരുന്നു. രണ്ടാം പ്രതി ശരണ്യയുടെ കാമുകന്‍ നിധിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു. ഐ.പി.സി 302 വകുപ്പ് പ്രകാരം കൊലക്കുറ്റം തെളിഞ്ഞിരുന്നു. ഇന്നലെ ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗത്തിന്റെയും വാദം കേട്ടിരുന്നു. തയ്യില്‍ കൊടുവള്ളി ഹൗസില്‍ വിയാനെ തയ്യില്‍ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞുകൊന്ന കേസിലാണ് വിധി പ്രഖ്യാപനമുണ്ടായത്. ശരണ്യക്കും കാമുകിനുമെതിരെ ചുമത്തിയ ഐ.പി.സി 120 ബി. 109 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തി. 120 ബി ക്രിമിനല്‍ ഗൂഢാലോചനയാണ്.
രാജീവ്ഗാന്ധി വധം, ടി.പി.ചന്ദ്രശേഖരന്‍, പാര്‍ലമെന്റ് അക്രമണം തുടങ്ങിയ കേസുകളിലെ വിധി ഉദ്ധരിച്ചുകൊണ്ട് ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രൊഫഷണലായും സുതാര്യമായും വിചാരണ നടക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു കൊണ്ടാണ് കോടതി ഗൂഢാലോചന കുറ്റം തള്ളിക്കളഞ്ഞത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയല്ലാതിരുന്ന നിധിന്‍ ഗൂഢാലോചന കുറ്റം തള്ളിക്കളഞ്ഞതോടെ കുറ്റവിമുക്തനാവുകയായിരുന്നു. 2020 ഫിബ്രവരി 17ന് പുലര്‍ച്ചെ 2.45 നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. തയ്യില്‍ കടപ്പുറത്ത് ഭര്‍ത്താവ് പ്രണവുമൊരുമിച്ച് കുടുംബ സമേതം താമസിച്ചുവരികയായിരുന്നു ശരണ്യ. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ് പിന്നീട് നിധിനുമായി ശരണ്യ അടുത്തു. കുഞ്ഞിനെ കൊന്ന് കുറ്റം ഭര്‍ത്താവിന്റെ മേല്‍ ചുമത്തി കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയത്.
അന്നേ ദിവസം വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് ശരണ്യ കിടന്നിരുന്നത്. പുലര്‍ച്ചെ മകന്‍ വിയാനിനെയുമെടുത്ത് തൊട്ടടുത്തുള്ള കടപ്പുറത്തേക്ക് പോയ ശരണ്യ കുഞ്ഞിനെ കടലിലെറിയുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടില്‍ വന്ന് ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു. പിന്നീട് കുട്ടിയെ കാണുന്നില്ലെന്ന് ഭര്‍ത്താവ് പ്രണവിനോട് പറഞ്ഞു. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പോലീസിനോട് ആദ്യം പറഞ്ഞത്. സിറ്റി പോലീസ് ശരണ്യയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊല നടക്കുന്നതിന്റെ തലേ ദിവസം മണിക്കുറുകളോളം കാമുകന്‍ നിധിനൊപ്പം ശരണ്യ കഴിഞ്ഞതിന്റെ തെളിവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
തുടര്‍ന്ന് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശരണ്യ ഇപ്പോള്‍ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ .യു.രമേശന്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥര്‍,ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ്.ഗോപാലകൃഷ്ണ പിള്ള ഉള്‍പ്പെടെ 47 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 181 രേഖകളും 19 ഭൗതിക രേഖകളും ഹാജരാക്കി. മാസങ്ങള്‍ നീണ്ട വിചാരണക്ക്ശേഷമാണ് കേസില്‍ വിധി പറഞ്ഞത്.
കണ്ണൂരിനെ നടുക്കില്‍ കേസിന്റെ വിധി കേള്‍ക്കാന്‍ നൂറുകണക്കിനാളുകള്‍ ഇന്ന് രാവിലെ തളിപ്പറമ്പ് കോടതി വളപ്പിലെത്തിയിരുന്നു. ഇന്നലെ നടന്ന അന്തിമവാദത്തില്‍ ഒ.എന്‍.വിയുടെയും അക്കിത്തത്തിന്റെയും കവിതകളിലെ അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വിവരിക്കുന്നവരികള്‍ ചൊല്ലിയാണ് പബ്‌ളിക് പ്രൊസിക്യൂട്ടര്‍ യു രമേശന്‍ പ്രതിക്ക് പരമാവധി ശിക്ഷനല്‍കണമെന്ന് വാദിച്ചത്.
അതേസമയം വാദം കേട്ട ജഡ്ജ് കേസില്‍ സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. കുഞ്ഞിനെ തിര കൊണ്ടുപോയിട്ട് വീണ്ടും വെള്ളത്തില്‍ എറിഞ്ഞുവെന്നതിന് തെളിവില്ലെന്നും ഒറ്റ ഏറ് നടത്തിയതിന് മാത്രമാണ് ശാസ്ത്രീ യമായ തെളിവ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷക ഹൈക്കോടതിയിലെ മഞ്ജു ആന്റണി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണി ക്കരുതെന്ന് പറഞ്ഞു. എന്നാല്‍ കേസിലെ മറ്റൊരുപ്രസക്തമായ കാര്യം ജഡ്ജി ചൂണ്ടിക്കാട്ടി.
കടല്‍ വെള്ളത്തിന്റെ ശരണ്യയുടെ വസ്ത്രത്തില്‍ അംശം ശാസ്ത്രീയമായി കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഹതഭാഗ്യനായ ഭര്‍ത്താവല്ലെ കുറ്റക്കാരനായി ഇവിടെ പ്രതിക്കൂട്ടില്‍ ഉണ്ടാവുകയെന്ന് ജഡ്ജ് ചോദിച്ചു. ഇത് യാദൃശ്ചികമായ കൊലയല്ല. സംഭവത്തിന് ശേഷം ഒന്നും സം ഭവിക്കാത്തതുപോലെ പ്രതി ഉറങ്ങാന്‍ കിടന്നു. പിന്നീട് കാമുകനെ ഫോണ്‍ വിളിച്ചു. കുറ്റം ചെയ്തുവെന്ന് മാത്രമല്ല, മറ്റൊരാളുടെ മേല്‍ കെട്ടിവെ ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വേണമെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇതിനെ കണക്കാക്കാമെന്നും ജഡ്ജി കെ എന്‍ പ്രശാന്ത് വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അന്തിമ വിധിയില്‍ പരിഗണിച്ചില്ല.
