പണം തിരികെ ചോദിച്ച് രാഷ്ട്രീയക്കാരും സിനിമാക്കാരും പാര വെച്ചു; ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചിതറിയത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സാമ്രാജ്യം; ആറു മാസത്തെ സമ്മര്‍ദ്ദവും ഒന്‍പത് പേജിലെ കുറിപ്പും ചര്‍ച്ചകളില്‍; റോയിയെ ചതിച്ചത് സിനിമാ സുഹൃത്തോ?
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ കേരളത്തിലെയും ദുബായിലെയും വമ്പന്‍ സ്രാവുകളുടെ സമ്മര്‍ദ്ദമെന്ന് സൂചന. കടബാധ്യതകള്‍ ഒന്നുമില്ലാതിരുന്നിട്ടും റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയിലെ പ്രമുഖരില്‍ നിന്നും റോയ് സ്വീകരിച്ച നിക്ഷേപങ്ങളാണ് ഒടുവില്‍ അദ്ദേഹത്തിന് വിനയായത്.
കേന്ദ്ര ഏജന്‍സികള്‍ റോയിയുടെ പിന്നാലെയാണെന്ന് അറിഞ്ഞതോടെ 'കള്ളപ്പണം' വെളുപ്പിക്കാന്‍ നിക്ഷേപം നടത്തിയ വമ്പന്മാര്‍ കൂട്ടത്തോടെ പണം തിരികെ ചോദിച്ചു ഭീഷണിപ്പെടുത്തിയതാണ് ആറു മാസമായി റോയിയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. റോയിയുടെ അടുത്ത സുഹൃത്ത് അടക്കം സമ്മര്‍ദ്ദത്തിന് കാരണക്കാരനായി. ദുബായിലെ നിയമങ്ങളും വില്ലനായി മാറി. ദുബായില്‍ നിക്ഷേപിക്കുന്ന തുകയുടെ കണക്ക് വേണമെന്ന യുഎഇ ആവശ്യവും വില്ലനായി.
പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു റോയ്. കൊച്ചിയില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെത്തി രേഖകള്‍ ആവശ്യപ്പെട്ടതോടെ തന്റെ സാമ്രാജ്യം തകരുമെന്ന് അദ്ദേഹം ഭയന്നു. ഇതിനിടയിലാണ് ലാംഗ്ഫോര്‍ഡ് ടൗണിലെ ഓഫീസില്‍ വെച്ച് സ്വന്തം പിസ്റ്റള്‍ ഉപയോഗിച്ച് റോയ് ജീവിതം അവസാനിപ്പിച്ചത്. മരണത്തിന് തൊട്ടുമുന്‍പ് റോയ് എഴുതിയ ഒന്‍പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബത്തിന് ലഭിച്ചിട്ടുണ്ട്.
'എന്നെ വിശ്വസിച്ച നിക്ഷേപകരെ കൈവിടരുത്' എന്ന് കുറിപ്പില്‍ പറയുമ്പോഴും, തന്നെ സമ്മര്‍ദ്ദത്തിലാക്കിയ വിദേശ നിക്ഷേപ തിരിച്ചടികളെക്കുറിച്ചും കുടുംബത്തോടുള്ള മാപ്പപേക്ഷയും ഇതിലുണ്ട്. എന്നാല്‍ ഐടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നാണ് അവരുടെ നിലപാട്. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് എടുക്കാന്‍ കാബിനിലേക്ക് പോയ റോയ് മടങ്ങി വന്നില്ലെന്നും തുടര്‍ന്ന് വെടിയൊച്ചയാണ് കേട്ടതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും ഐടി ഉദ്യോഗസ്ഥരെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. പക്ഷേ, റോയിയുടെ കുറിപ്പുകളില്‍ നിക്ഷേപകരുടെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. റോയിയുടെ പക്കല്‍ പണം ഏല്‍പ്പിച്ച കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഈ കണ്ടെത്തല്‍. റോയിയുടെ കൂട്ടുകാരടക്കം നിരീക്ഷണത്തിലാണ്.
