റോയിയുടെ പക്കല്‍ തോക്കുള്ള കാര്യം ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നില്ല; ആത്മഹത്യാ കുറിപ്പ് പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കിട്ടിയില്ല; റോയിയുടെ കാബിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തത് പോലീസിനെ കുഴപ്പിക്കുന്നു; ദുരൂഹത തുടരുന്നു

Update: 2026-02-04 10:25 GMT

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വാര്‍ത്തകളും തള്ളി പോലീസ്. റോയിയുടേതെന്ന് പറയപ്പെടുന്ന 9 പേജുള്ള ആത്മഹത്യക്കുറിപ്പോ 20 പേജുള്ള ഡയറിയോ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സംഭവസ്ഥലത്തുനിന്ന് അത്തരമൊരു രേഖയും ലഭിച്ചിട്ടില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജനുവരി 30-ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ പരിശോധന നടത്തുന്നതിനിടെയാണ് ലാംഗ്ഫോര്‍ഡ് ടൗണിലെ സ്വകാര്യ കാബിനില്‍ റോയിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഓഫീസിലെത്തിയ റോയ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം മൂന്ന് മണിയോടെയാണ് സ്വന്തം കാബിനിലേക്ക് കയറിയത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു വെടിയൊച്ച കേട്ടത്. തന്റെ ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച് നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.

അതേസമയം, ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് റോയിയുടെ സഹോദരന്‍ ആരോപിച്ചു. കഴിഞ്ഞ മൂന്നു നാലു ദിവസമായി റോയ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചുവെന്നുമാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ സംഭവസമയത്ത് ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്യുകയായിരുന്നില്ലെന്നും മുന്‍പ് പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. റോയിയുടെ പക്കല്‍ തോക്കുള്ള കാര്യം ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നില്ല.

മരണത്തില്‍ ദുരൂഹത ആരോപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാതെ നിഗമനങ്ങളില്‍ എത്തരുതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

റോയിയുടെ കാബിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ റോയിയുടെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

Similar News