യുവാവിന്റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്തെ ഷെല്‍; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍: ആശുപത്രി ഒഴിപ്പിച്ച് നിര്‍വീര്യമാക്കി ബോംബ് ഡിസ്‌പോസല്‍ യൂണിറ്റ്

യുവാവിന്റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്തെ ഷെല്‍

Update: 2026-02-06 01:15 GMT

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ മലാശയത്തില്‍ നിന്നും ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ആര്‍ട്ടിലറി ഷെല്‍ കണ്ടെത്തി. യുവാവിന്റെ ശരീരത്തില്‍ കുടുങ്ങിയ ഷെല്‍ സജീവമാണെന്ന് കണ്ടെത്തിയതോടെ ഷെല്‍ നിര്‍വീര്യമാക്കാന്‍ ആശുപത്രിയിലേക്ക് ബോംബ് ഡിസ്‌പോസല്‍ യൂണിറ്റും എത്തി. ഫ്രാന്‍സിലെ ടൂലസ് നഗരത്തിലെ ആശുപത്രിയിലാണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം നടന്നത്. എട്ട് ഇഞ്ച് നീളമുള്ള ഷെല്‍ ആണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മാത്രമല്ല ഷെല്‍ നിര്‍വീര്യമാക്കാനായി ആ ആശുപത്രി മൊത്തം ഒഴിപ്പിക്കേണ്ടിയും വന്നു. എന്നാല്‍ യുവാവിന്റെ വയറ്റില്‍ ഈ ഷെല്‍ എങ്ങിനെ എത്തി എന്നത് ഇനിയും വ്യക്തമല്ല.

ജനുവരി 31നാണ് നാടിനെ നടുക്കിയ സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് കടുത്ത ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവാവ് ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആര്‍ട്ടിലറി ഷെല്‍ മലാശയത്തിലെത്തിയാണ് യുവാവിന് കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് വ്യക്തമായി. മാത്രമല്ല ഈ ഷെല്‍ പ്രവര്‍ത്തനക്ഷമമാണെന്നും കണ്ടെത്തിയതോടെ ആശുപത്രി ജീവനക്കാരും നടുങ്ങി. ഷെല്‍ പുറത്തെടുക്കാനും പുറത്തെടുക്കാതിരിക്കാനും പറ്റാത്ത അവസ്ഥ.

ഷെല്‍ പുറത്തെടുക്കുന്നതോടെ സ്‌ഫോടനം നടക്കുമോയെന്നു ആശുപത്രി അധികൃതര്‍ക്ക് ഭയമായി. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനെയും അഗ്നിരക്ഷാ സേനയെയും വിളിച്ചുവരുത്തി. അപകടം ഒഴിവാക്കാന്‍ ആശുപത്രി ഒഴിപ്പിച്ചതിനു പിന്നാലെ ആശുപത്രിക്ക് ചുറ്റും ഒരു സുരക്ഷാ പ്രതിരോധവലയവും സൃഷ്ടിച്ചിരുന്നു. പുറത്തെടുത്ത ഷെല്‍ പരിശോധനയ്ക്കു ശേഷം നിര്‍വീര്യമാക്കി. അടിയന്തര ശസ്ത്രക്രിയയില്‍ പുറത്തെടുത്ത വസ്തു ഒന്നാം ലോകമഹായുദ്ധത്തിലെ ആര്‍ട്ടിലറി ഷെല്ലാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം ഇത്രയും അപകടകരമായൊരു വസ്തു യുവാവിന്റെ മലാശയത്തില്‍ എങ്ങനെ വന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷെല്‍ വളരെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. ലോകമഹായുദ്ധത്തില്‍ ബ്രിട്ടിഷ്, ഫ്രഞ്ച് സൈന്യങ്ങള്‍ക്കെതിരെ ജര്‍മന്‍ സൈന്യം ഉപയോഗിച്ചിരുന്ന വിഭാഗത്തില്‍പ്പെട്ട ഷെല്‍ ആണ് ഡോക്ടര്‍മാര്‍ യുവാവിന്റെ മലാശയത്തില്‍ നിന്നും പുറത്തെടുത്തത്.

Tags:    

Similar News