തെക്കന്‍ ഇറ്റലിയെ വിറപ്പിച്ച് ഹോളിവുഡ് മോഡല്‍ ഹൈവേ കൊള്ള! പോലീസായി വേഷം മാറി എത്തി, റോഡില്‍ തീയിട്ടും പുകമറ സൃഷ്ടിച്ചും അക്രമം; കലാഷ്നികോവ് തോക്കുകളുമായി റാംബോ സ്‌റ്റൈലില്‍ അക്രമം; കവചിത വാന്‍ തകര്‍ത്തിട്ടും കിട്ടിയത് 'എട്ടിന്റെ പണി'; ഇറ്റാലിയന്‍ മാഫിയ കുടുങ്ങിയ കഥ!

തെക്കന്‍ ഇറ്റലിയെ വിറപ്പിച്ച് ഹോളിവുഡ് മോഡല്‍ ഹൈവേ കൊള്ള!

Update: 2026-02-10 06:58 GMT

റോം: തെക്കന്‍ ഇറ്റലിയില്‍, ഹോളിവുഡ് ആക്ഷന്‍ സിനിമകളെ വെല്ലുന്ന അതിസാഹസികമായ കൊള്ളശ്രമം. പുഗ്ലിയ മേഖലയിലെ സ്റ്റേറ്റ് റോഡ് 613 ലാണ് ആക്രമണം നടന്നത്. വന്‍ ആയുധശേഖരവുമായി എത്തിയ ക്രിമിനല്‍ സംഘം ഹൈവേ ഉപരോധിച്ച് പണം കൊണ്ടുപോയ കവചിത വാഹനം ബോംബ് വെച്ച് തകര്‍ത്തു. പോലീസായി വേഷം മാറിയെത്തിയ സംഘം നടുറോഡില്‍ നടത്തിയ വെടിവെപ്പും സ്‌ഫോടനവും ഇറ്റലിയെ നടുക്കിയിരിക്കുകയാണ്.


പോലീസായി വേഷം മാറി 'ഓപ്പറേഷന്‍'

പോലീസിന്റേതിന് സമാനമായ ഫ്‌ലാഷിംഗ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലാണ് കൊള്ളക്കാര്‍ എത്തിയത്. ആദ്യം ഹൈവേയില്‍ ഒരു ട്രക്കിന് തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ ഇവര്‍, ഭയന്നുപോയ യാത്രക്കാരുടെ മുന്നിലൂടെയാണ് കവചിത വാഹനത്തിന് നേരെ പാഞ്ഞടുത്തത്. കലാഷ്നികോവ് തോക്കുകളുമായി മുഖംമൂടി ധരിച്ച ആറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.




ബോംബേറും വെടിയുതിര്‍ക്കലും; വിറച്ചുപോയ ഹൈവേ

പണം കടത്തുന്ന ' ബാറ്റിസ്റ്റോളി' കമ്പനിയുടെ വാനിനെയാണ് ഇവര്‍ ലക്ഷ്യം വെച്ചത്. കവചിത വാഹനം റോഡില്‍ പൊട്ടിത്തെറിക്കുമ്പോള്‍ കൊള്ളക്കാര്‍ ഒരു കാറിന് പിന്നില്‍ കുതിച്ചുകയറുന്നത് ദൃശ്യങ്ങളില്‍ കാണാം. തീജ്വാലകളും അവശിഷ്ടങ്ങളും വായുവിലേക്ക് ഉയരുകയായിരുന്നു. വാഹനമോടിക്കുന്നവര്‍ പകര്‍ത്തിയ മറ്റ് ക്ലിപ്പുകള്‍, മുഖംമൂടി ധരിച്ച ആറ് പ്രതികള്‍ വെളുത്ത ഓവറോള്‍ ധരിച്ച് ആയുധങ്ങളുമായി, വാഹനങ്ങള്‍ക്കിടയിലൂടെ നീങ്ങുന്നതായി കാണാം.

പതിയിരുന്ന്‌  നടത്തിയ ആക്രമണത്തില്‍ കുടുങ്ങിപ്പോയ മറ്റ് ഡ്രൈവര്‍മാരെയും ഇവര്‍ കൊള്ളയടിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന പോലീസ് അക്രമികള്‍ക്ക് നേരേ വെടിയുതിര്‍ത്തിരുന്നു. പിന്നീട് അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഒരു ഗ്രാമപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ഒടുവില്‍ പണം കിട്ടാതെ പാളിയ ദൗത്യം

സമീപത്ത് കാല്‍നടയായി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. അയാളെയും മറ്റൊരു ഗുണ്ടാസംഘത്തിലെ അംഗത്തെയും കസ്റ്റഡിയിലെടുത്തു. ഏതായാലും കവര്‍ച്ച ഒടുവില്‍ പരാജയപ്പെടുകയായിരുന്നു. ഇത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും കൊള്ളക്കാര്‍ക്ക് പണം കൈക്കലാക്കാന്‍ സാധിച്ചില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. വാന്‍ തകര്‍ത്തെങ്കിലും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ കാരണം പണം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പോലീസ് പിന്തുടര്‍ന്നതോടെ കൊള്ളക്കാര്‍ സമീപത്തെ കാര്‍ഷിക മേഖലകളിലേക്ക് കാറുകള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രക്ഷപ്പെടുന്നതിനിടയില്‍ ഇവര്‍ വഴിപോക്കരുടെ വാഹനങ്ങള്‍ തോക്ക് ചൂണ്ടി തട്ടിയെടുക്കുകയും ചെയ്തു.




പോലീസിന്റെ തിരിച്ചടി

പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. ഫോജിയ (Foggia) മേഖലയില്‍ നിന്നുള്ള കുപ്രസിദ്ധമായ സായുധ കവര്‍ച്ചാ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കവചിത വാഹനങ്ങള്‍ കൊള്ളയടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ക്രിമിനലുകളുടെ നാടാണ് ഫോജിയ. ബാക്കിയുള്ള പ്രതികള്‍ക്കായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

കവചിത വാഹനങ്ങള്‍ ആയുധങ്ങളുമായി എത്തി കൊള്ളയടിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ സംഘങ്ങളുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ഫോഗിയ പ്രദേശത്തുനിന്നുള്ളവരാണ് കൊള്ളക്കാര്‍ എന്ന് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ സ്‌കൈ ടിജി 24 റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു, പോലീസ് രണ്ട് പ്രതികളെ കൂടി തിരയുകയാണ്. സഹപ്രവര്‍ത്തകരുടെ പ്രൊഫഷണലിസം, സംയമനം, കടമബോധം എന്നിവ കാരണമാണ് വലിയ തോതിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകാത്തത് എന്നാണ് അധികൃതര്‍ വിശദീകരിച്ചത്.

Tags:    

Similar News