കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നും പുറപ്പെട്ടത് 7.13ന്; മൂന്ന് മണിക്കൂര്‍ 27 മിനിറ്റുകൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി ആംബുലന്‍സ് തിരുവനന്തപുരത്ത്; ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ നാല് കുരുന്നുകള്‍ക്ക് പുതുജീവനേകും; ശസ്ത്രക്രിയകള്‍ക്ക് തുടക്കം; അലിന്‍ ഷെറിന് വിട നല്‍കി കേരളം

Update: 2026-02-13 17:19 GMT

തിരുവനന്തപുരം: പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തെത്തി. കിംസ് ആശുപത്രിയിലാണ് ആദ്യം അവയവം സുരക്ഷിതമായി എത്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ആലിന്റെ കരള്‍ മാറ്റിവെക്കുന്നത്. ശേഷം കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് വേണ്ടി കൈമാറി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെണ്‍കുട്ടിക്കാണ് രണ്ടു വൃക്കകളും മാറ്റി വയ്ക്കുന്നത്. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലും എത്തിച്ചു.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. ആലിന്‍ ഷെറിന്‍ അബ്രഹാം ഇനി 5 കുരുന്നുകളിലൂടെ ജീവിക്കും. മൂന്ന് മണിക്കൂര്‍ 27 മിനിറ്റുകൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. കൊച്ചി അമൃത ആശൂപത്രിയില്‍ നിന്നും 7.13നാണ് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിരുന്നു. ആംബുലന്‍സ് പത്തരയോടെ കഴക്കൂട്ടം കിംസ് ആശുപത്രിയില്‍ എത്തി. ഇതിന് ശേഷം വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. മാള സ്വദേശി സുരേഷ് ആയിരുന്നു ആംബുലന്‍സിലെ ഡ്രൈവര്‍. മസ്തിഷ്‌ക മരണം സ്ഥീരീകരിച്ച സാഹചര്യത്തില്‍ അലിന്‍ ഷെറിന്റെ ഹൃദയവാല്‍വ്, കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണുമാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്.

കോട്ടയത്ത് ആലിന്റെ ജീവനെടുത്ത അപകടം നടന്ന പള്ളം എന്ന സ്ഥലം വഴിയാണ് കുഞ്ഞിന്റെ അവയവവും കൊണ്ടുള്ള ആംബുലന്‍സ് കടന്നുപോയത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ കുഞ്ഞ് ആലിന്‍ ഷെറിന്‍ അബ്രഹാമിന് ഒരു റോഡപകടത്തെത്തുടര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ചത്. കുഞ്ഞിന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. ആശുപത്രി അധികൃതര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കുഞ്ഞിന് വിട നല്‍കിയത്. ആലിന്‍ ഇനിയില്ലെങ്കിലും കുഞ്ഞിന്റെ ജീവന്‍ മറ്റ് കുരുന്നുകള്‍ക്ക് ജീവന്‍ നല്‍കുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന്‍ റെജി സാമുവല്‍ പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്ന വഴി കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം ചങ്ങനാശേരിയിലേയും പിന്നീട് തിരുവല്ലയിലേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ചു. എട്ടു ദിവസമായി കുട്ടി വെന്റിലേറ്ററില്‍ ആയിരുന്നുവെന്ന് സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. മാതാപിതാക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ആഗ്രഹം ഡോക്ടര്‍മാരെ അറിയിച്ചതോടെ സര്‍ട്ടിഫിക്കേഷന്‍ നടപടി ക്രമങ്ങളിലേക്കു കടന്നു. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ബ്രെയിന്‍ സ്റ്റെം ഡെത്ത് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ രണ്ടു ടെസ്റ്റുകള്‍ തമ്മില്‍ 24 മണിക്കൂര്‍ വ്യത്യാസം വേണം. ഇന്നലെ രാവിലെയായിരുന്നു ആദ്യ ടെസ്റ്റ്. ഇന്നു രാവിലെ രണ്ടാമത്തെ ടെസ്റ്റും കഴിഞ്ഞു. ഈ രണ്ടു ടെസ്റ്റും കഴിഞ്ഞാണ് അവയവ സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത്.

അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ആറു മാസം പ്രായമുള്ള കുട്ടി കരള്‍ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന വിവരം അറിഞ്ഞു. എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ആറു മാസമായി ഡയാലിസിസ് നടത്തുന്ന കുട്ടികളുടെ വിവരങ്ങളും ലഭിച്ചു. ആലിനിന്റെ വൃക്കകള്‍ 5 സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ളതായതിനാല്‍ രണ്ടു വൃക്കകളും ഒരു കുട്ടിക്കു നല്‍കാനാണ് തീരുമാനിച്ചത്. ശസ്ത്രക്രിയ നടത്തുന്നതു മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും. ഹൃദയവാല്‍വ് ശ്രീചിത്രയിലും നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലുമാണ് കൈമാറിയത്. ഹൃദയവാല്‍വിന്റെ സ്വീകര്‍ത്താവിനെ പിന്നീടാവും തീരുമാനിക്കുകയെന്നും ഡോ. നോബിള്‍ പറഞ്ഞു. വൈകിട്ട് അഞ്ചു മണിക്കു ശേഷം ഹെലികോപ്ടര്‍ പറത്തുന്നതില്‍ സാങ്കേതിക പ്രശ്നമുള്ളതിനാലാണ് റോഡ് മാര്‍ഗം അവയവം എത്തിക്കാന്‍ തീരുമാനിച്ചത്.

വിടപറയും മുന്‍പേ നാല് പേര്‍ക്ക് അവയവങ്ങള്‍ ദാനംചെയ്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആയാണ് ആലിന്റെ മടക്കം. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോ (K-SOTTO) വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. കുട്ടിയുടെ കണ്ണുകള്‍ നേത്ര ബാങ്കിന് കൈമാറും.

ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആലിനെ യാത്രയാക്കി

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങി ആലിന്‍ ഷെറിന്‍ നിത്യതയിലേക്ക്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകാന്‍ ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുന്നതിനിടെയാണ് അലിന്‍ ആലിന്‍ ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. എറണാകുളം അമൃത ആശുപത്രിയില്‍ നടന്ന ശസത്രക്രിയകള്‍ക്ക് ശേഷം ആലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ മൃതദേഹം സംസ്‌കരിക്കും. അമൃത ആശുപത്രിയിലെ ജീവനക്കാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആലിനെ യാത്രയാക്കിയത്. ഞായറാഴ്ചയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

Tags:    

Similar News