ശബരിമലയിലെ യുവതി പ്രവേശനത്തെ സര്‍ക്കാര്‍ എതിര്‍ക്കണമെന്ന് എന്‍എസ്എസ്; ആചാര സംരക്ഷണത്തില്‍ വിട്ട് വീഴ്ച്ച ഇല്ലെന്ന് ജി സുകുമാരന്‍ നായര്‍; പാര്‍ട്ടി നിലപാട് പറയേണ്ടപ്പോള്‍ പറയുമെന്ന് എംവി ഗോവിന്ദന്‍; പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും; പിണറായി സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ കേരളം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിക്കുന്നത്. മതാചാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹര്‍ജികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. യുവതി പ്രവേശനത്തെ സര്‍ക്കാര്‍ എതിര്‍ക്കണമെന്ന് എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ ആവശ്യമുന്നയിച്ച ഘട്ടത്തില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹര്‍ജികള്‍ പരിഗണിക്കുക. ഹര്‍ജികള്‍ പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒന്‍പതംഗ ബെഞ്ചില്‍ കേസിന്റെ വാദം എന്നു മുതല്‍ തുടങ്ങുമെന്നതിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. 2019നു ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രീംകോടതിയിലെത്തുന്നത്. 2018ലാണ് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിറക്കിയത്. ഈ വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ 2019 വരെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും കോടതിയിലെത്തുന്നത് സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമാകും
അതേ സമയം സര്‍ക്കാരും ബോര്‍ഡും കോടതിയില്‍ നിലപാട് സ്വീകരിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ആചാര സംരക്ഷണത്തില്‍ വിട്ട് വീഴ്ച്ച ഇല്ല. പുനപരിശോധന ഹര്‍ജി പരിഗണിക്കുമോപള്‍ സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതീ പ്രവേശനത്തിന് അനുകൂലമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിലപാട് സ്വീകരിച്ചതെങ്കിലും നിലപാട് മാറ്റം അടുത്ത കാലത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിയിലൂടെ കാണിച്ചിട്ടുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
'കോടതിയില്‍ ഇതിലൊരു തീരുമാനും ആകാതിരുന്നപ്പോള്‍ സര്‍ക്കാര്‍ യുവതീ പ്രവേശനം തടഞ്ഞിട്ടുണ്ട്. പഴയ ആചാരങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. അലിഖിതമായിട്ടാണെങ്കിലും ആചാരം നിലനിര്‍ത്തുന്ന ഒരു നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. ആറേഴ് വര്‍ഷമായിട്ടാണ് അങ്ങനെയാണ് നടന്നുപോകുന്നത്' ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഇനി സര്‍ക്കാര്‍ കോടതിയില്‍ എന്ത് പറയാന്‍ പോകുന്നുവെന്നോ, കോടതി എന്ത് തീരുമാനിക്കുമെന്നോ നിശ്ചയമില്ല. താന്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ബന്ധപ്പെട്ടിട്ടില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. സത്യവാങ്മൂലം തിരുത്തണോ എന്നത് അവര്‍ നിയമപരമായി ചെയ്യട്ടെ. വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാടിന് മാറ്റമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് മാത്രമാണ് കേസിന് പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേ സമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപതൃത്തിന്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് പറയേണ്ടപ്പോള്‍ പറയുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളോട് ഏറ്റവും കൂറുള്ളത് തങ്ങള്‍ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. 'കോടതി കയറ്റാന്‍ പറഞ്ഞപ്പോള്‍ കയറ്റി, കയറ്റണ്ടാണ് പറഞ്ഞപ്പോള്‍ കയറ്റിയില്ല. കോടതിയുടെ നിലപാട് വരട്ടെ. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ പറയും' ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി
അതേസമയം യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണ് 2016 സെപ്റ്റംബര്‍ 28-ന് സുപ്രീംകോടതി വിധിയുണ്ടായത്. പക്ഷേ, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം എല്‍.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കി. അതിനുശേഷം, വിഷയം ഒതുക്കിവെക്കാനാണ് സര്‍ക്കാരും എല്‍.ഡി.എഫും ശ്രമിച്ചത്. യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് മാറിയതായി എവിടെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യുവതീപ്രവേശനം വേണമെന്ന പരസ്യനിലപാടും ഇപ്പോഴില്ല. നിലപാട് കോടതിയില്‍ വ്യക്തമാക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുശേഷം, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുള്ളതുകൊണ്ടുമാത്രം ചെയ്യേണ്ടിവന്നുവെന്നായിരുന്നു സി.പി.എമ്മിന്റെ വിശദീകരണം. സ്ത്രീകള്‍ ശബരിമലയില്‍ കയറിയതില്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കവും ശ്രമവും ജനങ്ങളില്‍ അമര്‍ഷമുണ്ടാക്കിയെന്ന് പാര്‍ട്ടിക്ക് ബോധ്യമായി. പിന്നീട്, യുവതികളാരും ശബരിമല കയറിയില്ല.
കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍, യുവതീപ്രവേശനത്തില്‍ സത്യവാങ്മൂലം തിരുത്തുമെന്ന് പറഞ്ഞിരുന്നു. അത് ഇപ്പോള്‍ പരിഗണിക്കേണ്ട കാര്യമല്ലെന്നാണ് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ അന്നു പറഞ്ഞത്. അയ്യപ്പസംഗമം നടത്താന്‍ തീരുമാനിച്ചപ്പോള്‍, അതുമായി സഹകരിക്കണമെങ്കില്‍ പ്രതിപക്ഷം മുന്നോട്ടുവെച്ച നിബന്ധന യുവതീപ്രവേശനത്തെ അനുകൂലിച്ച് നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നതായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഒന്നും പറഞ്ഞില്ല. പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ നോക്കാം എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. കേസ് തിങ്കളാഴ്ച പരിഗണിച്ചാലും പെട്ടെന്ന് നിലപാട് പറയേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
