ശസ്ത്രക്രിയ വേണമെന്ന തീരുമാനം നേരത്തെ എടുക്കാമായിരുന്നിട്ടും ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി; നെടുമങ്ങാട് നവജാതശിശു മരിച്ച സംഭവം: ഡോക്ടര്‍ക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്; സിസേറിയന്‍ വൈകിയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. സിസേറിയന്‍ നടത്തുന്നതില്‍ വരുത്തിയ കാലതാമസമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശസ്ത്രക്രിയ വേണമെന്ന തീരുമാനം നേരത്തെ എടുക്കാമായിരുന്നിട്ടും ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിതുര മണലി ആദിവാസി ഊരിലെ രഞ്ജന കൃഷ്ണയുടെ പെണ്‍കുഞ്ഞ് ഫെബ്രുവരി 17-ന് മരിച്ച സംഭവത്തിലാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെ അന്വേഷണം നടന്നത്. സംഭവത്തില്‍ ബിന്ദു സുന്ദറിനെ നിലവില്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ചികിത്സാപ്പിഴവിന് പുറമെ ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണവും സസ്പെന്‍ഷന്‍ നടപടിക്ക് കാരണമായി.
രഞ്ജനയെ ഫെബ്രുവരി 17-ന് രാവിലെ നാല് മണിയോടെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചെങ്കിലും സിസേറിയന്‍ നടത്തിയത് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്. ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞ് മരിക്കാന്‍ ഇടയാക്കിയതെന്ന് കുടുംബം തുടക്കം മുതലേ ആരോപിച്ചിരുന്നു. കുഞ്ഞ് മരിച്ച വിവരമറിയിച്ച ശേഷം ഡോക്ടര്‍ വിശദീകരണം നല്‍കാതെ ആശുപത്രിയില്‍നിന്ന് മടങ്ങിയതായും ബന്ധുക്കള്‍ പരാതിപ്പെട്ടു. പ്രസവത്തിനായി ബിന്ദു സുന്ദറിന് കൈക്കൂലി നല്‍കിയതായി കുഞ്ഞിന്റെ പിതാവ് വെളിപ്പെടുത്തിയതും ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കണ്ടത്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ഡോക്ടര്‍ക്കെതിരെ സമാനമായ ചികിത്സാപ്പിഴവ് ആരോപണങ്ങള്‍ മുന്‍പും ഉയര്‍ന്നിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
