'സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് അവര്‍ മുന്നോട്ട് വന്നത്; ആ രക്ഷിതാക്കളെ ആദരവോടെ നമിക്കുന്നു; ആലിന്റെ പേര് എന്നെന്നും ഓര്‍മിക്കപ്പെടും'; ആലിന്റെ അവയവദാനത്തെ മന്‍ കീ ബാത്തില്‍ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി; കുംഭമേളയുടെ കീര്‍ത്തി ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തിയെന്നും മോദി

Update: 2026-02-22 07:09 GMT

ന്യൂഡല്‍ഹി: അവയവദാനത്തിലൂടെ നാലു പേര്‍ക്ക് ജീവന്‍ പകുത്തു നല്‍കി പുതുചരിത്രം കുറിച്ച കുഞ്ഞുമാലാഖ ആലിന്‍ ഷെറിന്‍ എബ്രഹാമിനെ മന്‍കി ബാത്തില്‍ അനുസ്മരിച്ചും മാതാപിതാക്കളെ പ്രകീര്‍ത്തിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങള്‍ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമര്‍ശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് രക്ഷിതാക്കള്‍ക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു. എന്തൊരു വലിയ തീരുമാനമാണതെന്നും പ്രധാനമന്ത്രി. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തില്‍ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കള്‍ മുന്നോട്ട് വന്നത്. ആലിന്‍ ഷെറിന്റെ പേര് എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അവയവദാനത്തില്‍ ഇന്ത്യ മുന്നിലാണെന്നും മോദി ചൂണ്ടിക്കാട്ടി. അവയവദാനം മഹത് കൃത്യമാണ്. ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യണം. മെഡിക്കല്‍ ഗവേഷണ രംഗവും മുന്‍പന്തിയിലാണ്. അവയവങ്ങള്‍ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. എത്രയോ പേരാണ് അവയവങ്ങള്‍ സ്വീകരിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

'ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്ടമാകുന്നതിനേക്കാള്‍ വലുതായി മറ്റൊരു വേദനയില്ല. തീരെ ചെറിയ കുഞ്ഞിനെ നഷ്ടമാകുന്ന വേദന അതിനേക്കാള്‍ ആഴമേറിയതാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍നിന്നുള്ള നിഷ്‌കളങ്കയായ ഒരു കുഞ്ഞുപെണ്‍കുട്ടിയെ-ആലിന്‍ ഷെറിന്‍ എബ്രഹാമിനെ നമുക്ക് നഷ്ടമായി. അവളുടെ മാതാപിതാക്കളുടെ വേദന വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാനാക്കില്ല. എന്നാലും ആ വേദനയ്ക്കിടയിലും ആലിന്റെ മാതാപിതാക്കളായ അരുണ്‍ എബ്രഹാനും ഷെറിനും ഒരു തീരുമാനമെടുത്തു. അവര്‍ ആലിന്റെ അവയവദാനത്തിന് തയ്യാറായി. ആ ഒരൊറ്റ തീരുമാനത്തിലൂടെ വ്യക്തമാകുന്നുണ്ട്, അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലവുമാണെന്ന്, മോദി പറഞ്ഞു. ആലിന്‍ ഇന്ന് നമുക്കൊപ്പമില്ല. എന്നാല്‍ അവളുടെ പേര് രാജ്യത്തെ പ്രായംകുറഞ്ഞ അവയവദാതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചുവരികയാണ്. വൈദ്യശാസ്ത്ര ഗവേഷണത്തിനും ഉത്തേജനം ലഭിക്കുകയാണ്. ആലിനെപ്പോലെ അവയവദാനത്തിലൂടെ മറ്റൊരാള്‍ക്ക് പുതുജീവന്‍ നല്‍കിയ നിരവധി പേരുണ്ട്', പ്രധാനമന്ത്രി പറഞ്ഞു.

പത്തനംതിട്ട നെടുങ്ങാടപ്പള്ളി വാലുമണ്ണില്‍ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായിരുന്നു പത്തുമാസം പ്രായക്കാരിയായ ആലിന്‍. ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ എം.സി. റോഡില്‍ പള്ളം ബോര്‍മ കവലയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിന്‍. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെയാണ് മാതാപിതാക്കള്‍ അവയവദാനത്തിന് തീരുമാനിച്ചത്. നാലുകുട്ടികള്‍ക്ക് പുതുജീവനേകിയാണ് ആ കുഞ്ഞുമാലാഖ യാത്രയായത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സിഎസ്‌ഐ പള്ളിയിലായിരുന്നു സംസ്‌കാരം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിന്‍. ആലിന്റെ വൃക്കകളും കരളും ഹൃദയവാല്‍വും നാലുകുട്ടികള്‍ക്കാണ് പുതുജീവനേകുന്നത്. ഇതില്‍ രണ്ടുപേര്‍ അവയവങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

കുംഭമേളയെക്കുറിച്ചും പരാമര്‍ശം

കേരളത്തിലെ കുംഭമേളയെ മന്‍ കീ ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയുടെ കീര്‍ത്തി ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തുന്നു.തിരുനാവായയിലെ കുംഭമേളയില്‍ നിരവധിപേര്‍ പങ്കാളിയായി. അത് അവിസ്മരണീയ മുഹൂര്‍ത്തം ആയി. എല്ലാ അര്‍ത്ഥത്തിലും വികാരം ഉള്‍ക്കൊണ്ടുള്ള ആചാരത്തിന് ഭാരതപ്പുഴ സാക്ഷിയായി. പാരമ്പര്യം തിരിച്ചറിഞ്ഞ സമയം കൂടിയായി അത്. നല്ല സംഘാടനമായിരുന്നു കുംഭമേളയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനഞ്ച് ദിവസത്തെ മഹാമാഘ മഹോത്സവം കഴിഞ്ഞ മാസം 19 ന് ഗവര്‍ണര്‍ ആണ് ഉത്ഘാടനം ചെയ്തത്..2028-ല്‍ വിപുലമായ മഹാമാഘം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ഈ വര്‍ഷം കേരള കുംഭമേള നടത്തിയത്.10 ലക്ഷത്തിലധികം ഭക്തരാണ് 15 ദിവസം നീണ്ട ഉത്സവത്തിന് എത്തിയത്. പണ്ട് തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്ത് 12 വര്‍ഷത്തിലൊരിക്കല്‍ മഹാമാഘം എന്ന പേരില്‍ ഒരു വലിയ ഉത്സവം നടന്നിരുന്നു. പതിറ്റാണ്ടുകളായി നിലച്ചു പോയിരുന്ന ഉത്സവം വീണ്ടും ആരംഭിക്കാന്‍ 2016 മുതലാണ് ഒരുക്കങ്ങള്‍ തുടങ്ങിയത്

Tags:    

Similar News