ഇറാന്റെ വ്യോമപ്രതിരോധ ശേഷി തകര്‍ത്തെന്ന് വീരവാദം മുഴക്കിയ ട്രംപിന് ഏറ്റ കനത്ത പ്രഹരം; പൈലറ്റ് ജീവനോടെ ഇറാന്റെ കസ്റ്റഡിയിലായാല്‍ അത് വലിയ തിരിച്ചടിയാകും; പൈലറ്റിനെ കണ്ടെത്താന്‍ കഴിയാത്തത് അമേരിക്കയ്ക്ക് വെറുമൊരു കേവലം ഒരു സൈനിക പ്രതിസന്ധി മാത്രമല്ല, വലിയൊരു നയതന്ത്ര-രാഷ്ട്രീയ വെല്ലുവിളി; ഇറാന്‍ മലനിരകളില്‍ ജീവന്മരണ പോരാട്ടം
വാഷിംഗ്ടണ്‍/തെഹ്റാന്‍: പശ്ചിമേഷ്യന്‍ യുദ്ധക്കളത്തില്‍ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി പൈലറ്റിന്റെ തിരോധാനം മാറുന്നു. വെടിവെച്ചിട്ട എഫ്-15 ഇ പോര്‍വിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെ കണ്ടെത്താന്‍ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് നടത്തുന്ന തിരച്ചില്‍ ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ല. ഓരോ നിമിഷം പിന്നിടുമ്പോഴും പൈലറ്റ് ഇറാന്റെ പിടിയിലാകാനുള്ള സാധ്യത വര്‍ധിക്കുന്നത് വാഷിംഗ്ടണില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
പൈലറ്റ് ജീവനോടെ ഇറാന്റെ കസ്റ്റഡിയിലായാല്‍ അത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വലിയ തിരിച്ചടിയാകും. വിയറ്റ്‌നാം യുദ്ധകാലത്തെ ബന്ദി പ്രശ്‌നങ്ങള്‍ക്ക് സമാനമായ ഒരു സാഹചര്യം ഉടലെടുക്കുമോ എന്നാണ് പെന്റഗണ്‍ ഭയപ്പെടുന്നത്. പൈലറ്റിനെ മുന്‍നിര്‍ത്തി ഇറാന്‍ വിലപേശല്‍ ആരംഭിച്ചാല്‍ അത് അമേരിക്കയുടെ സൈനിക നീക്കങ്ങളെ മന്ദീഭവിപ്പിക്കാന്‍ കാരണമാകും.
ഇറാനിലെ ഖുസെസ്താന്‍ പ്രവിശ്യയിലെ ദുര്‍ഘടമായ മലനിരകളിലാണ് തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ കോംബാറ്റ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (ഇടഅഞ) സംഘം അത്യാധുനിക സംവിധാനങ്ങളുമായി രംഗത്തുണ്ടെങ്കിലും ഇറാന്റെ പ്രാദേശിക മിലിഷ്യകളും ഗോത്രവര്‍ഗക്കാരും തോക്കുകളുമായി പൈലറ്റിനായി വലവിരിച്ചിരിക്കുന്നത് തിരച്ചില്‍ ദുഷ്‌കരമാക്കുന്നു.
പൈലറ്റിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 60,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചതിലൂടെ ജനകീയമായ ഒരു തിരച്ചിലിനാണ് ഇറാന്‍ തുടക്കമിട്ടിരിക്കുന്നത്. 'ശത്രുവിനെ കണ്ടാല്‍ വെടിവെക്കുകയോ പിടികൂടുകയോ ചെയ്യുക' എന്ന സന്ദേശം ഇറാനിയന്‍ മാധ്യമങ്ങള്‍ നിരന്തരം സംപ്രേക്ഷണം ചെയ്യുന്നത് കാണാതായ സൈനികന്റെ ജീവന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ഇറാന്റെ വ്യോമപ്രതിരോധ ശേഷി തകര്‍ത്തെന്ന് വീരവാദം മുഴക്കിയ ട്രംപിന് ഏറ്റ കനത്ത പ്രഹരമാണിത്. അത്യാധുനിക റഡാറുകളെ വെട്ടിച്ച് പറക്കാന്‍ ശേഷിയുണ്ടെന്ന് കരുതുന്ന അമേരിക്കന്‍ വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടത് ഇറാന്റെ ആയുധശേഷി കുറച്ചുകാണാനാവില്ലെന്നതിന്റെ തെളിവാണ്. ഇത് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
യുദ്ധം തുടങ്ങി ആറാഴ്ച പിന്നിടുമ്പോള്‍ 13 സൈനികര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് അമേരിക്കന്‍ സൈന്യത്തിന്റെ ആത്മവീര്യത്തെ ബാധിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഒരു പൈലറ്റ് കൂടി ശത്രുരാജ്യത്ത് കുടുങ്ങിക്കിടക്കുന്നത് സൈനിക കേന്ദ്രങ്ങളില്‍ കടുത്ത നിരാശ പടര്‍ത്തുന്നു.
ുതിയ യുദ്ധങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കില്ലെന്ന് വാഗ്ദാനം നല്‍കി അധികാരമേറ്റ ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം പുകയുകയാണ്. പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അത് ട്രംപിന് വലിയ തിരിച്ചടിയാകും.
ഹോര്‍മുസ് കടലിടുക്കിലെ സ്തംഭനവും പൈലറ്റിനായുള്ള തിരച്ചിലും ലോക വിപണിയെയും ബാധിച്ചിട്ടുണ്ട്. യുദ്ധം നീണ്ടുപോയാല്‍ ഇന്ധനവില നിയന്ത്രിക്കാനാവാത്ത വിധം ഉയരുമെന്നും ഇത് ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാന്‍ വഴി ഇറാന്‍ ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ടിരുന്നെങ്കിലും പൈലറ്റിന്റെ തിരോധാനം സമാധാന ശ്രമങ്ങളെ പിന്നോട്ടടിച്ചു. ബന്ദി പ്രശ്‌നമോ പൈലറ്റിന്റെ മരണമോ ഉണ്ടായാല്‍ ചര്‍ച്ചകള്‍ക്ക് പകരം അതിശക്തമായ ബോംബാക്രമണത്തിലേക്ക് നീങ്ങാന്‍ അമേരിക്ക നിര്‍ബന്ധിതരാകുമെന്നാണ് വിലയിരുത്തല്‍.
