378 ഇടങ്ങളിലായി സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി മണ്ണ് ഉള്‍പ്പടെ പരിശോധിക്കും; നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തില്‍ ആശങ്ക; അപകട സാധ്യത കണ്ടാല്‍ പുനര്‍നിര്‍മ്മാണം; ചതുപ്പുപ്രദേശത്തെല്ലാം എലിവേറ്റഡ് പാത വന്നേക്കും; ദേശീയ പാതയിലെ പണി നീളാന്‍ സാധ്യത; 2026ലെ സ്വപ്‌നം വെറുതെയാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത നിര്‍മാണം നടക്കുന്ന 378 സ്ഥലങ്ങളില്‍ നിര്‍മാണത്തിലെ അപകട സാധ്യത പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ദേശീയ പാതയിലെ എല്ലാ റീച്ചുകളിലും സുരക്ഷ ഓഡിറ്റ് നടത്തും. കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. വിശദ പരിശോധനയാകും നടത്തുക. ഫീല്‍ഡ്, ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, നിര്‍മാണങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും വീണ്ടും പരിശോധിക്കും. അതായത് ദേശീയ പാതയിലെ പണി പൂര്‍ത്തിയാകുന്നത് നീളാനും സാധ്യതയുണ്ട്. 378 ഇടങ്ങളിലായി സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി മണ്ണ് ഉള്‍പ്പടെ പരിശോധിക്കും. ഇതിനായി 20 ഏജന്‍സികളെ ചുമതലപ്പെടുത്തിയെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു.
മണ്ണിന്റെ സാമ്പിളുകള്‍ പരിശോധിക്കാന്‍ 18 ജിയോ ടെക്നിക്കല്‍ ഏജന്‍സികളെ നിയമിച്ചു. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായതും പുരോഗമിക്കുന്നതും ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും. 7-10 ദിവസത്തിനുള്ളില്‍ ഏജന്‍സികള്‍ പ്രവൃത്തി ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളില്‍ ഒരു മാസത്തിനുള്ളിലും ബാക്കിയുള്ള സ്ഥലങ്ങളില്‍ മൂന്ന് മാസത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കും. ആവശ്യമുള്ളിടത്ത് മതിലുകള്‍ പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിക്കും. ദേശീയപാത 66ന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തില്‍ ആശങ്കയുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തല്‍. പ്രശ്ന പരിഹാരത്തിനു പ്രത്യേക പദ്ധതി നടപ്പാക്കുമെന്നു ദേശീയ പാത അതോറിറ്റി അറിയിച്ചു. കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ് റോഡ് തകരാന്‍ കാരണം ബെയറിംഗ് കപ്പാസിറ്റിയുടെ പരാജയമെന്നാണ് കണ്ടെത്തല്‍. മണ്ണ് നികത്തലിനെ പിന്തുണയ്ക്കാന്‍ കഴിയാത്തത്ര ദുര്‍ബലമായിരുന്നു ബെയറിംഗ്. സംഭവം ഉണ്ടായ ഉടനെ ദേശീയ പാത അതോറിറ്റി നടപടി സ്വീകരിച്ചു. 2026 മാര്‍ച്ചിന് മുമ്പ് കേരളത്തിലെ ദേശീയ പാത നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പുതിയ പരിശോധനയോടെ അതിനുള്ള സാധ്യത അടയും. നിരവധി സ്ഥലത്ത് എലവേറ്റഡ് പാതയുടെ നിര്‍മ്മാണം അനിവാര്യതയാകും.
കൊട്ടിയത്ത് നിര്‍മാണത്തിനിടെ ദേശീയപാത ഇടിഞ്ഞുതാഴ്ന്ന് സര്‍വീസ് റോഡ് അടക്കം തകര്‍ന്നതില്‍ ദേശീയപാത അതോറിറ്റിക്കും രൂപരേഖ തയ്യാറാക്കിയ കന്പനിക്കും വീഴ്ചയെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ടിലുണ്ട്. ചതുപ്പുപ്രദേശത്ത് എലിവേറ്റഡ് പാത നിര്‍മിക്കുന്നതിനു പകരം ഇരുവശവും അടച്ചുകെട്ടി മണ്ണിട്ടുയര്‍ത്തി നിര്‍മിച്ചത് അശാസ്ത്രീയമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍എച്ച്എഐയുടെ അടക്കം ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസം അതോറിറ്റിയുടെ ഡല്‍ഹി ഹെഡ് ക്വാര്‍ട്ടേഴ്‌സിന് കൈമാറി. കൊട്ടിയത്ത് ദേശീയപാത തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ സാങ്കേതിക വിദഗ്ധരായ കാണ്‍പുര്‍ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ ടി കെ സുധീഷ് എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കൈമാറിയത്.
ഹരിയാന ആസ്ഥാനമായ സ്മാക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കൊട്ടിയം മൈലക്കാട്ട് അടച്ചുകെട്ടിയ പാലം ശുപാര്‍ശ ചെയ്തത്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാര്‍ കമ്പനിക്കെതിരായ തുടര്‍നടപടി എന്‍എച്ച്എഐ തീരുമാനിക്കും. അതേസമയം നിര്‍മാണക്കരാറുകാരായ ശിവാലയ കണ്‍സ്ട്രക്ഷനെ ഒരു മാസത്തേക്ക് പാത നിര്‍മാണത്തില്‍നിന്ന് വിലക്കി. കൊട്ടിയം മൈലക്കാട് ഭാഗത്ത് ചതുപ്പില്‍ എലിവേറ്റഡ് പാതയായിരുന്നു നിര്‍മിക്കേണ്ടത്. ബീമുകളില്‍ നിര്‍മിച്ച്, അടിഭാഗം തുറന്നിട്ട പാലത്തിനുപകരം ഇരുവശവും അടച്ചുകെട്ടി മണ്ണിട്ടുയര്‍ത്തിയ പാലം ശുപാര്‍ശ ചെയ്തതില്‍ ഡിസൈന്‍ കമ്പനിക്ക് തെറ്റുപറ്റി.
ചതുപ്പില്‍ തീര്‍ത്ത ഫൗണ്ടേഷന് മുകളില്‍ വലിയ ഉയരത്തില്‍ ഇരുവശവും അടച്ചുകെട്ടി മണ്ണ് നിറച്ച് മെയിന്‍ റോഡ് നിര്‍മിച്ചത് അശാസ്ത്രീയമാണ്. വലിയ ഭാരം താങ്ങാനാകാതെ ഫൗണ്ടേഷന്‍ ഇരുത്തി. ഇതോടെ സര്‍വീസ് റോഡും പൊട്ടിപ്പിളര്‍ന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
