ബ്രിട്ടനില്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ വലഞ്ഞ് എന്‍എച്ച്എസ് ആശുപത്രികള്‍; 50000 ഡോക്ടര്‍മാര്‍ പണി മുടക്കിയതോടെ ആയിരകണക്കിന് അപ്പോയ്ന്റ്മെന്റുകള്‍ റദ്ദായി; ആവശ്യപ്പെടുന്നത് രണ്ട് ലക്ഷം രൂപ വരെ; യുകെയെ വിറപ്പിച്ച് ഡോക്ടര്‍മാരുടെ സമരം

ബ്രിട്ടനില്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ വലഞ്ഞ് എന്‍എച്ച്എസ് ആശുപത്രികള്‍

Update: 2025-07-26 00:45 GMT

ലണ്ടന്‍: സമരം ചെയ്യുന്ന ഒരു ഡോക്ടര്‍ പിക്കറ്റ് ലൈനില്‍ നിന്നും തിരികെ പോയത്, അതീവ ഗുരുതര നിലയിലുള്ള കുട്ടികളെ ശുശ്രൂഷിക്കാന്‍. എന്‍ എച്ച് എസ് ഡോക്ടര്‍മാരുടെ സമരം മൂലം ഒരുപക്ഷെ അപകടത്തിലാകുമായിരുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായിരുന്നു സമരം ഉപേക്ഷിഛ്ച് ഡോക്ടര്‍ മടങ്ങിയത്. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ നിയോനാറ്റ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഡോക്ടറെ സമരത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതര്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷനോട് (ബി എം എ) അഭ്യര്‍ത്ഥിക്കുകയായിരുന്നു.

സമരം ചെയ്യുന്ന ബി എം എയുടെ റെസിഡന്റ് ഡോക്ടര്‍മാരുടെ കമ്മിറ്റിയുടെ കോ - ചെയര്‍മാന്‍ കൂടിയായ ഡോക്ടര്‍ മെലിസ്സ റയ്ന്‍ നോട്ടിംഗ്ഹാം ആശുപത്രിയിലെ ഒരു ട്രെയിനി പീഡിയാട്രീഷന്‍ കൂടിയാണ്. എന്നാല്‍, അവരെ ചികിത്സയ്ക്കായി തിരികെ വിളിച്ചില്ല. ഏകദേശം 130 മൈല്‍ അപ്പുറത്ത് മറ്റൊരു പിക്കറ്റ് ലൈനിലായിരുന്നു അവരപ്പോള്‍. സമരം മൂലം രോഗികളുടെ ജീവന്‍ അപകടത്തിലാവുകയാണെങ്കില്‍, ഡോക്ടര്‍മാര്‍, സമരം നിര്‍ത്തി എത്തുമെന്ന് ബി എം എയും എന്‍ എച്ച് എസ്സും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

ഇന്നലെ രാവിലെ 7 മണി മുതലായിരുന്നു റെസിഡന്റ് ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചത്. 29 ശതമാനം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ സമരം ചെയ്യുന്നത്. ഏകദേശം 50,000 ഓളം റെസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമരം കാരണം ഏകദേശം രണ്ടര ലക്ഷത്തോളം അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കപ്പെടുകയോ നീട്ടി വയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഈ സമരം മൂലം എന്‍ എച്ച് എസ്സിന് ഏകദേശം 87 മില്യന്‍ പൗണ്ടിന്റെ നഷ്ടം ഉണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.

ആരോഗ്യ വകുപ്പ് അധികൃതര്‍, എല്ലാം സാധാരണ രീതിയില്‍ നടക്കുമെന്ന് ഉറപ്പ് നല്‍കുമ്പോഴും, സമരത്തിനിടയിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ പറയുന്നത്, ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളും ചികിത്സകളുമാണ് റദ്ദാക്കപ്പെടുകയോ, നീട്ടിവയ്ക്കുകയോ ചെയ്തിരിക്കുന്നത് എന്നാണ്. അതേസമയം, രോഗികള്‍ കടുത്ത ദുരിതം അനുഭവിക്കുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും പറഞ്ഞു. തങ്ങളുടെ സമരം എന്‍ എച്ച് എസ് പ്രവര്‍ത്തനങ്ങളെ വലിയ രീതിയില്‍ തന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഇപ്പോള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരും പറയുന്നു.

മാസങ്ങളോളം കാത്തിരുന്നതിന് ശേഷം തീയതി എത്തിയപ്പോള്‍ പല അതീവ സങ്കീര്‍ണ്ണങ്ങളായ ശസ്ത്രക്രിയകളും റദ്ദാക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ളവയ്ക്ക്, ഒരു സംഘം ഡോക്ടര്‍മാര്‍ തന്നെ വേണം എന്നതിനാലാണ് ഇത്തരത്തിലുള്ളവ് മാറ്റി വയ്ക്കുന്നത്. മാത്രമല്ല, അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഈ സമരം മൂലം ഒരു തീരുമാനം എടുക്കാന്‍ കഴിയുന്നില്ലെന്നും ചില സര്‍ജന്മാര്‍ പറയുന്നു.

ചിലയിടങ്ങളീല്‍, പരസഹായം ഇല്ലാതെ സര്‍ജന്മാര്‍ ഒറ്റയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടുന്ന സാഹചര്യവുമുണ്ട്. തികച്ചും ശസ്ത്രക്രിയ ഒഴിവാക്കാന്‍ ആകാത്ത സാഹചര്യങ്ങളിലാണ് സര്‍ജന്മാര്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകുന്നത്. സമരം ചെയ്യുന്ന റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് പിന്തുണ നല്‍കില്ലെന്നാണ് ചില സീനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

Tags:    

Similar News