നീലേശ്വരം വെടിക്കെട്ട് അപകടം; മംഗളൂരുവിൽ ചികിത്സയിലിരുന്ന യുവാവും മരിച്ചു; വരുത്തിവച്ച അശ്രദ്ധയിൽ പൊലിഞ്ഞ് ജീവനുകൾ; മരണം അഞ്ചായി; നൂറോളം പേർ ചികിത്സയിൽ തുടരുന്നു; ഉള്ളുലച്ച് ദുരന്തം..!

Update: 2024-11-09 09:22 GMT

കാസര്‍കോട്: കേരളത്തെ തന്നെ ഞെട്ടിച്ച ദുരന്തമായിരുന്നു നീലേശ്വരം വെടിക്കെട്ട് അപകടം. അതിൽ നിരവധിപേർക്ക് ആണ് പരിക്കേറ്റത്. ഇപ്പോഴിതാ മരണസംഖ്യയും കൂടുകയാണ്. അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു വലിയ അപകടമുണ്ടായത്. പുലര്‍ച്ചെ 12.15-ഓടെയായിരുന്നു ദുരന്തം ഉണ്ടായത്.

ചാമുണ്ഡി തെയ്യം നടക്കുന്ന സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയും ആയിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

ശേഷം അപകടവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളില്‍ മൂന്നുപേര്‍ക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ജില്ലാ കോടതി സ്വമേധയാ കേസ് എടുത്ത് ജാമ്യവിധി റദ്ദാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഇപ്പോൾ മരണം അഞ്ചായി. ഇപ്പോൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരണത്തിന് കീഴടങ്ങിയത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് നേരെത്തെ മരിച്ചവർ.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.

30 ഓളം പേര്‍ വിവിധ ആശുപത്രികളിലായി തീവ്രപരിചരണ വിഭാ​ഗ​ത്തിൽ ചികിത്സയിൽ ഇപ്പോഴും തുടരുകയാണ്. ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്‌.

Tags:    

Similar News