'വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തി; ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്': സനയിലെ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ സന്ദേശം എത്തിയതോടെ അമ്മയ്ക്ക് പരിഭ്രാന്തി; ദൂരൂഹ കോള്‍ വിളിച്ച അഭിഭാഷക ആര്? ജയില്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെ

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവ് വന്നോ?

Update: 2025-03-29 12:44 GMT

സന: യെമന്‍ പൗരനെ വധിച്ചെന്ന കേസില്‍,മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവ് വന്നോ? ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്കാണ് വനിതാ അഭിഭാഷകയുടേത് എന്ന പേരില്‍ ഫോണ്‍കോള്‍ വന്നത്. വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായെന്ന് അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശം.

വധശിക്ഷാ തീയതി തീരുമാനിച്ചതായി അഭിഭാഷക പറഞ്ഞെന്ന് നിമിഷപ്രിയ വ്യക്തമാക്കി. അമ്മയ്ക്ക് അയച്ച ഫോണ്‍ സന്ദേശത്തിലാണ് നിമിഷപ്രിയ, അഭിഭാഷകയുടെ ഫോണ്‍കോള്‍ വന്ന വിവരം അറിയിച്ചത്. എന്നാല്‍, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. സനാ ജയില്‍ ഇക്കാര്യം അറിയിച്ചതായി സ്ഥിരീകരിച്ച് യെമനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ച ഫലം കണ്ടോ ഇല്ലയോ എന്നുവ്യക്തമല്ല. നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ്. ഇറാനിലെ ഉദ്യോഗസ്ഥര്‍ ഹൂതികളുടെ സഹായത്തോടെ കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു.

അതിനിടെയാണ് വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായതായെന്നും തീയതി നിശ്ചയിച്ചുവെന്നും അഭിഭാഷക പറഞ്ഞതായി നിമിഷപ്രിയ വെളിപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് വന്നത്. നിമിഷപ്രിയയുടെ ശബ്ദസന്ദേശം ലഭിച്ചെങ്കിലും റമസാന്‍ മാസത്തില്‍ നടപടിക്ക് സാധ്യതയില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറയുന്നു.

യെമനില്‍ ഇപ്പോള്‍ കോടതികള്‍ അവധിയാണെന്നും നിമിഷപ്രിയയുടെ സന്ദേശം ശരിയാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും സാമുവല്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വിഷയത്തില്‍ അഭിഭാഷകനോട് സംസാരിച്ചു. എന്നാല്‍ വ്യക്തത കിട്ടിയില്ല. ഈദിന് ശേഷം ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കാന്‍ സാദ്ധ്യതയുണ്ടെന്നും അടുത്തയാഴ്ച വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പ്രതികരിച്ചു. നിലവില്‍ നിമിഷപ്രിയയുടെ അമ്മ യെമനില്‍ സാമുവലിന്റെ വീട്ടിലാണ് കഴിയുന്നത്.

'അരമണിക്കൂര്‍ മുന്‍പ് ഒരു ഫോണ്‍ കോള്‍ വന്നു. അതൊരു ലോയര്‍ സ്ത്രീയുടേതാണ്. ജയില്‍ ഓഫിസിലേക്കു വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്നു പറഞ്ഞു. ചര്‍ച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, ഒന്നുമായില്ല, കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് അവര്‍ പറഞ്ഞത് വധശശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവല്‍ സാറിനോട് ഒന്നു പറഞ്ഞേക്ക്'- എന്നാണ് ശബ്ദ സന്ദേശത്തില്‍ നിമിഷപ്രിയ പറയുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു യെമനിലെ ഇന്ത്യന്‍ എംബസി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസെന്നും എംബസി വ്യക്തമാക്കി. ഇതോടെയാണ് വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദാണ് വധശിക്ഷ ശരിവച്ചതെന്ന് വ്യക്തമായത്.

തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മഹ്ദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് നിമിഷ പ്രിയയുടെ വാദം.

സനായിലെ ജയിലില്‍ 2017 മുതല്‍ നിമിഷപ്രിയ കഴിയുന്നത്. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനിയാണ് നിമിഷപ്രിയ. 2015 ല്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ സനായില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. പിന്നീട് സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണ് നിമിഷപ്രിയ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികളും തള്ളിയിരുന്നു.

Tags:    

Similar News