നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം; ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച പണ്ഡിത സംഘം പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളില്‍ ധാരണയായെന്ന് അറിയിപ്പ്; കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം മോചനത്തില്‍ തീരുമാനം; നിലപാടില്‍ മാറ്റമില്ലെന്ന് സൂചിപ്പിച്ച് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം
തിരുവനന്തപുരം: യെമന്‍ പൗരന്‍ തലാല്‍ അബ്ദോ മെഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസില്‍ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. ഇക്കാര്യത്തില്‍, വിവരം ലഭിച്ചെന്നും മോചനം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നും കാന്തപുരം അറിയിച്ചു. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചത്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യെമന്‍ പണ്ഡിത സംഘത്തിനു പുറമെ വടക്കന്‍ യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക. നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എ.പി .അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താല്‍ക്കാലികമായി നീട്ടിവച്ചിരുന്നു.
ദിയാധനത്തിന്റെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. എന്നാല്‍ മാപ്പു നല്‍കാമെന്ന് ചര്‍ച്ചയില്‍ ധാരണയായി. അന്തിമ ധാരണ ഏതാനും മണിക്കൂറുകള്‍ക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതര്‍ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
എന്നാല്‍, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി അയവുവുവരുത്തിയോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ തീയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു സഹോദരന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കി. ഈ കത്ത് തലാലിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. നേരത്തേയും, സഹോദരന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അല്ലാഹുവിന്റെ നിയമം നടപ്പാക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവര്‍ത്തിച്ചിരുന്നു.
അതേസമയം, നിമിഷ പ്രിയയുടെ 13 വയസുകാരി മകള്‍ മിഷേല്‍ അടക്കമുള്ളവര്‍ യെമനില്‍ എത്തി. പിതാവ് ടോമി തോമസിനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ ഡോ. കെ എ പോളിനുമൊപ്പമാണ് മിഷേല്‍ യെമനില്‍ എത്തിയത്. അധികൃതരോട് അമ്മയുടെ മോചനത്തിനായി ദയ യാചിക്കാനാണ് കുട്ടി എത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കഴിഞ്ഞ പത്ത് വര്‍ഷമായി മകളെ കണ്ടിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മിഷേല്‍ അഭ്യര്‍ത്ഥന നടത്തിയത്. 'എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. അമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ദയവായി സഹായിക്കണം. അമ്മയെ കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അമ്മയെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു'- മിഷേല്‍ പറഞ്ഞു. നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസും അഭ്യര്‍ത്ഥന നടത്തി. 'ദയവായി എന്റെ ഭാര്യ നിമിഷ പ്രിയയെ രക്ഷിക്കണം. സ്വന്തം നാട്ടിലെത്തിക്കാന്‍ സഹായിക്കണം' എന്നാണ് അദ്ദേഹം പറഞ്ഞത്. മിഷേലിനും പിതാവിനുമൊപ്പം ഡോ. കെ എ പോളും ഉണ്ടായിരുന്നു.
2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വധശിക്ഷ നീട്ടിവച്ചത്. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷപ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മഹ്ദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.