യെമന്‍ നിയമ പ്രകാരം തീരുമാനം എടുക്കേണ്ടത് മരിച്ചയാളുടെ സ്വത്തിന്റെ അവകാശികള്‍; മക്കളും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരന്‍ നിര്‍ണ്ണായകമാകൂ; കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കാണുമെന്ന് പ്രതീക്ഷ; നിമിഷപ്രിയ കേസില്‍ നിര്‍ണായക തീരുമാനം തലാലിന്റെ കുടുംബം എടുത്തുവെന്ന് സൂചന; വധശിക്ഷ റദ്ദാക്കാന്‍ സമ്മതം അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്; വധ ശിക്ഷ റദ്ദാക്കലില്‍ ഔദ്യോഗിക തീരുമാനമായില്ലെന്ന് കേന്ദ്ര സര്‍ക്കാരും

Update: 2025-07-29 03:28 GMT

ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ കേന്ദ്ര വിദേശകാര്യമന്ത്രാലയം. വധശിക്ഷ റദ്ദാക്കിയെന്ന് ചില വ്യക്തികള്‍ പറയുന്നത് ശരിയല്ലെന്ന് കേന്ദ്രം വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസാണ് അറിയിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഇതിനാണ് കേന്ദ്രം ഔദ്യോഗിക സ്ഥിരീകരണം നല്‍കാത്തത്.

നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ രംഗത്ത്. ആരുമായി ചര്‍ച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. ഈ കത്ത് തലാലിന്റെ സഹോദരന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യെമനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമും അഭിപ്രായപ്പെട്ടു. പാലക്കാട് തേക്കിന്‍ചിറ സ്വദേശിയാണ് നിമിഷപ്രിയ. യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ 2017 ജൂലൈയില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. നിമിഷ പ്രിയയുടെ വധശിക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്താതിരിക്കുമ്പോഴും പുറത്തു വരുന്നത് പ്രതീക്, നല്‍കുന്ന വാര്‍ത്തകള്‍ തന്നെയാണ്. ഇത് വധശിക്ഷ റദ്ദാക്കിലിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ തത്വത്തില്‍ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. യെമന്‍ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്കു വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ദിയാധനത്തെ സംബന്ധിച്ച് അടക്കം ചര്‍ച്ചകള്‍ തുടരുമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ''അബ്ദുല്‍ റഹീമിന്റെ കേസില്‍ 36 കോടി കൊടുത്തിട്ടും അദ്ദേഹത്തെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ രാജ്യത്തെ നിയമ സംവിധാനം അനുസരിച്ചു മറ്റു കാര്യങ്ങള്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ചര്‍ച്ച നടക്കേണ്ടതുണ്ടെന്ന് സുഭാഷ് ചന്ദ്രന്‍ പറയുന്നു.

വധശിക്ഷ വേണ്ടെന്ന് മാത്രമാണു തത്വത്തില്‍ ധാരണയായത്. വധശിക്ഷ എന്ന ആവശ്യത്തില്‍നിന്നും പിന്മാറാന്‍ തലാലിന്റെ കുടുംബത്തില്‍ ധാരണയായിട്ടുണ്ട്. തലാലിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണു തീരുമാനമെടുക്കേണ്ടത്. സ്വാഭാവികമായും മക്കളും മാതാപിതാക്കളുമാണു തീരുമാനമെടുക്കേണ്ടത്. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരനു തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ. ആ വഴിക്കാണു ചര്‍ച്ചകള്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ ചര്‍ച്ചകളിലൊന്നും പങ്കാളിയായിട്ടില്ല. രണ്ടാഴ്ച ആയി ഞങ്ങള്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുകയാണ്. ഇന്നലെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണു പറയേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയാണു യെമന്‍ പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ ബന്ധപ്പെട്ടത്. മധ്യസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരങ്ങളില്‍ പുറത്തുപറയേണ്ടത് ഞങ്ങള്‍ അറിയിക്കുന്നുണ്ട്'' സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായതായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫിസ് ഇന്നലെ രാത്രിയാണ് അറിയിച്ചത്. കാന്തപുരത്തിന്റെ സുഹൃത്തും യെമനിലെ തരീമില്‍നിന്നുള്ള പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഫഫിള് നിയോഗിച്ച യെമന്‍ പണ്ഡിത സംഘത്തിനു പുറമേ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണു തീരുമാനമുണ്ടായതെന്ന് എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫിസ് അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും ശിക്ഷ സംബന്ധിച്ച മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക.

നിമിഷ പ്രിയയുടെ 13 വയസുകാരി മകള്‍ മിഷേല്‍ അടക്കമുള്ളവര്‍ യെമനില്‍ എത്തിയിട്ടുണ്ട്. പിതാവ് ടോമി തോമസിനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ഡോ. കെ എ പോളിനുമൊപ്പമാണ് മിഷേല്‍ യെമനില്‍ എത്തിയത്. അധികൃതരോട് അമ്മയുടെ മോചനത്തിനായി ദയയാചിക്കാനാണ് കുട്ടി എത്തിയിരിക്കുന്നത്.വര്‍ഷങ്ങളായി യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കഴിഞ്ഞ പത്ത് വര്‍ഷമായി മകളെ കണ്ടിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മിഷേല്‍ അഭ്യര്‍ത്ഥനനടത്തിയത്. 'എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. അമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ദയവായി സഹായിക്കണം. അമ്മയെ കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അമ്മയെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു'- മിഷേല്‍ പറഞ്ഞു.

നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസും അഭ്യര്‍ത്ഥന നടത്തി. 'ദയവായി എന്റെ ഭാര്യ നിമിഷ പ്രിയയെ രക്ഷിക്കണം. സ്വന്തം നാട്ടിലെത്തിക്കാന്‍ സഹായിക്കണം' എന്നാണ് അദ്ദേഹം പറഞ്ഞത്. മിഷേലിനും പിതാവിനുമൊപ്പം ഡോ. കെ എ പോളും ഉണ്ടായിരുന്നു. ഈ അഭ്യര്‍ത്ഥനകളും നിര്‍ണ്ണായകമായതായാണ് സൂചന. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നേരത്തെ യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഈ ചര്‍ച്ചകള്‍ വഴിമുട്ടി. ഇതിനിടെയാണ് ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ ഇടപെട്ടത്. കാന്തപുരത്തെ വിഷയത്തില്‍ സജീവമാക്കിയതും ചാണ്ടി ഉമ്മനാണ്.

Tags:    

Similar News