കേരളത്തെ ആശങ്കയിലാക്കി വീണ്ടും നിപ വൈറസ് ബാധ; രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

കേരളത്തെ ആശങ്കയിലാക്കി വീണ്ടും നിപ വൈറസ് ബാധ

Update: 2025-07-04 06:20 GMT

പാലക്കാട്: കേരളത്തെ ആശങ്കയിലാക്കി വീണ്ടും നിപ രോഗബാധ. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

മേഖലയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. നാട്ടുക്കല്‍ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. നിപ സാഹചര്യത്തില്‍ പാലക്കാട് തച്ചനാട്ടുകരയിലെയും കരിമ്പുഴയിലെയും ചില വാര്‍ഡുകളെ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളുമാണ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

അതിനിടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപ ബാധയെന്ന് സംശയമുണ്ട്. പ്രാഥമിക പരിശോധനയിലാണ് നിപ ബാധയെന്ന് കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് .

കഴിഞ്ഞമാസം 28നാണ് പെണ്‍കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഈ മാസം ഒന്നാം തീയതിയാണ് പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നിപ സംശയത്തെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു.

Tags:    

Similar News