സ്വന്തം ആരോഗ്യ കാര്യത്തിന് വേണ്ടത്ര പരിഗണന നല്‍കാത്തവര്‍; ജീവിതപ്രശ്‌നങ്ങള്‍ കൊണ്ട് സ്ത്രീകളില്‍ കൂടുതല്‍ പേരും രോഗം തിരിച്ചറിയാനും ചികിത്സ തേടാനും വൈകുന്നു; ഭര്‍ത്താവിന്റെ 1616 റജിസ്‌ട്രേഷന്‍ നമ്പറിലെ കാറില്‍ ഇനി കാരുണ്യ സന്ദേശയാത്ര; നിഷാ ജോസ് കെ മാണി ക്യാന്‍സര്‍ അവബോധ പ്രചരണത്തിന്
കടുത്തുരുത്തി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയുടെ ഭാര്യയും കാന്‍സര്‍ അതിജീവിതയുമായ നിഷ ജോസ് കെ. മാണി പുതിയൊരു സാമൂഹിക ദൗത്യത്തിന് ഒരുങ്ങുകയാണ്. സ്ത്രീകളിലെ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി കേരളത്തിനകത്തും പുറത്തും കാരുണ്യ സന്ദേശയാത്ര നടത്തുന്നു. 29ന് 11.15ന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ മന്ത്രി വീണാ ജോര്‍ജ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. സ്തനാര്‍ബുദം ബാധിച്ചിരുന്ന നിഷ 2024 ജനുവരിയിലാണ് രോഗത്തെ അതിജീവിച്ചത്.
യാത്രയുടെ ലോഗോ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് പ്രകാശനം ചെയ്തു. കെ.എം.മാണി സ്ഥിരമായി ഉപയോഗിച്ചിരുന്ന 1616 എന്ന റജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഇന്നോവ കാറാണ് നിഷ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒരു രോഗമാണ് സ്തനാര്‍ബുദം. സ്വന്തം ആരോഗ്യകാര്യത്തിന് വേണ്ടത്ര പരിഗണന നല്‍കാത്തതുകൊണ്ടും മറ്റു ജീവിതപ്രശ്‌നങ്ങള്‍ കൊണ്ടും സ്ത്രീകളില്‍ കൂടുതല്‍ പേരും രോഗം തിരിച്ചറിയാനും ചികിത്സ തേടാനും വൈകുന്നു. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരുണ്യ സന്ദേശയാത്ര നടത്തുന്നതെന്ന് നിഷ പറഞ്ഞു.
കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും കാരുണ്യ സന്ദേശയാത്ര എത്തും. മുടി ദാനം, വിഗ് ദാനം എന്നിവയും സെമിനാര്‍, വാക്കത്തണ്‍, ചെയര്‍ യോഗ, സുംബ, ഫ്‌ലാഷ് മോബ് എന്നിവയും യാത്രയിലുണ്ടാകും. സ്ത്രീകള്‍ വിലപ്പെട്ടവരാണെന്നും അവര്‍ സ്വയം പരിപാലിക്കേണ്ടതുണ്ടെന്നും ഓര്‍മിപ്പിക്കുന്ന വ്യത്യസ്തമായൊരു യാത്രയാണിതെന്നു നിഷ പറഞ്ഞു. അര്‍ബുദ രോഗം തിരിച്ചറിഞ്ഞുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തി നിഷ ജോസ് കെ. മാണി അന്ന് തന്നെ മാതൃക സൃഷ്ടിച്ചിരുന്നു. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നുവെന്നും മാമോഗ്രാം വഴിയാണ് രോഗം കണ്ടെത്താന്‍ കഴിഞ്ഞതെന്നും വിശദീകരിച്ചു.
2013 മുതല്‍ കാന്‍സര്‍ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്പുകളടക്കം നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. താനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. 2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്, നിഷ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ രണ്ടു വര്‍ഷം മുമ്പ് വിശദീകരിച്ചത് ഇങ്ങനെയാണ്. താന്‍ ഭാഗ്യവതിയാണ്. രണ്ട് അനുഗ്രഹങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. ഒന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. ഓപ്പറേഷന്‍ സമയത്തടക്കം ജോസ് കെ. മാണി മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഒപ്പംനിന്നു. ഇതില്‍കൂടുതല്‍ എന്താണ് വേണ്ടത്. രണ്ടാമത്തെ അനുഗ്രഹം തന്റെ ഉള്ളിലുള്ള കരുത്താണെന്നും പറഞ്ഞുവച്ചു.
എത്രയോ അര്‍ബുദ രോഗികളെ കാണുന്നതാണ്. അത് നല്‍കിയ കരുത്ത് തനിക്കുണ്ട്. അതിനാല്‍ നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു. കാന്‍സറിനെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു അന്ന്. രോഗ മുക്തയായ ശേഷം ക്യാന്‍സര്‍ രോഗികളുടെ പുനരധിവാസത്തിനും മറ്റും സമയം മാറ്റിവച്ചു. ഇപ്പോള്‍ പുതിയ ദൗത്യത്തിലേക്കും കടക്കുന്നു. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ. എം. മാണിയുടെ മരുമകളായും രാഷ്ട്രീയ പ്രവര്‍ത്തകനും രാജ്യസഭാ പാര്‍ലമെന്റ് അംഗവുമായ ജോസ്. കെ. മാണിയുടെ ഭാര്യയുമായാണ് നിഷാ ജോസിനെ കുറച്ചു കാലം മുമ്പ് വരെ വിലയിരുത്തിയിരുന്നത്. എന്നാല്‍ ഒരു സാമൂഹിക പ്രവര്‍ത്തകയായി നിഷ ഇവിടെത്തന്നെ ഉണ്ടായിരുന്നു
അര്‍ബുദ രോഗികള്‍ക്കു മുടിയും വിഗ്ഗും ദാനം ചെയ്യുന്ന ഒരു കാരുണ്യപ്രസ്ഥാനത്തിലൂടെ നിഷ സാമൂഹ്യസേവനപാതയിലേക്ക് 2013 ജൂണ്‍ 19നാണ് വരുന്നത്. ബോധവല്‍ക്കരണ ക്യാംപുകളും ക്ലാസുകളുമായി അവരുടെ വേദനകള്‍ക്കും ആശങ്കകള്‍ക്കുമൊപ്പം നിഷയും സഞ്ചരിച്ചു. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 2023 ഒക്ടോബറില്‍ അര്‍ബുദം തന്റെ ജീവിതത്തിലേക്കും എത്തിയെന്നു നിഷ അറിഞ്ഞത്.
നിഷ അന്ന് പറഞ്ഞത്
എല്ലാ സ്ത്രീകളേയും പോലെ ഞാനും ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ എത്ര തിരക്കിലും വര്‍ഷത്തിലൊരിക്കല്‍ കൃത്യമായി മാമോഗ്രാം ചെയ്യും. സ്വയം സ്തന പരിശോധനയും കൃത്യതയോടെ ചെയ്യും. ഒക്ടോബറില്‍ ഡല്‍ഹിയിലായിരുന്നപ്പോഴാണ് മാമോഗ്രാം ചെയ്യുന്നത്. കാന്‍സറസ് ആണ് എന്ന് അവര്‍ പറയുകയായിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വയം പരിശോധനയില്‍ ഒരു സിസ്റ്റ് കണ്ടെത്തിയിട്ടുണ്ട്. അതു കാന്‍സറല്ല എന്നു കണ്ടെത്തിയിരുന്നു. ഓരോ വര്‍ഷവും മാമോഗ്രാം ചെയ്യുന്നതിന് മെഷീന്റെ അരികിലെത്തുമ്പോള്‍ ടെക്‌നീഷ്യന്‍സിനോടു ഞാന്‍ പറയും. നാലാം സ്റ്റേജ് വല്ലതും ആണെങ്കില്‍ പിന്നെ ജീവിച്ചിട്ടു കാര്യമില്ല. ഇതുപോലൊരു നാണക്കേടില്ല എന്ന്. കാരണം സ്തനാര്‍ബുദം, നേരത്തെയുള്ള രോഗനിര്‍ണയം ഇവയുടെ ഭാഗമായി ഞാന്‍ ഒട്ടേറെ പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്. പ്രസംഗിക്കുന്നതു ചെയ്തില്ലെങ്കില്‍ എന്താണര്‍ത്ഥമുള്ളത്?
കാന്‍സര്‍ വരുമെന്ന് ഒരിക്കലും ഞാന്‍ കരുതിയില്ല. പാരമ്പര്യമായി സാധ്യത ഉണ്ടെങ്കിലും ഉറപ്പില്ലല്ലോ. മാമോഗ്രാമില്‍ അര്‍ബുദ സൂചന കണ്ടപ്പോള്‍ എന്തുകൊണ്ട് ഞാന്‍ ? എന്നാണു ദൈവത്തോടു ചോദിച്ചത്. കണ്ണുകള്‍ നിറഞ്ഞതു പോലുമില്ല. നേരത്തെയുള്ള രോഗനിര്‍ണയം എന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനാണ് എന്റെ രോഗം എന്നാണു ഞാന്‍ കരുതുന്നത്-ഇതായിരുന്നു അന്ന് നിഷയുടെ പ്രതികരണം.